കർഷകർക്ക് കണ്ണീരിൽ കുതിർന്ന ക്രിസ്മസ്/ ടോണി ചിറ്റിലപ്പിള്ളി

കേരളത്തിൽ കർഷകർക്കും വ്യാപാരികൾക്കും കണ്ണീരിൽ കുതിർന്ന ക്രിസ്മസ് കാലം.റബര്‍ വില കൂടുന്നില്ല. നെല്ലിന്റെ വില ലഭിക്കുന്നില്ല.കർഷക ഉൽപ്പന്നങ്ങൾക്ക് വിലയില്ല.

ക്രിസ്മസ് കാലത്ത് ആശങ്കയ്ക്ക് അവസാനമില്ലാതെ കര്‍ഷകരും വ്യാപാരികളും അലയുന്നു.വിലയിടിവിനെതിരേ ചെറുവിരലനക്കാതെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍. എന്തായാലും കര്‍ഷകരുടേയും കച്ചവടക്കാരുടേയും ഇത്തവണത്തെ ക്രിസ്മസ് കണ്ണീരില്‍ കുതിരും.

ഈ നില തുടര്‍ന്നാല്‍ സാമ്പത്തിക തകര്‍ച്ചയും ആത്മഹത്യയും പെരുകും. വര്‍ഷമാദ്യം മുതല്‍ ആരംഭിച്ച വിലത്തകര്‍ച്ച സീസണിലെങ്കിലും കരകയറും എന്ന പ്രതീക്ഷയിലായിരുന്നു ചെറുകിട കര്‍ഷകരും വ്യാപാരികളും.എന്നാൽ അതെല്ലാം തകർന്നു.

കേരളത്തിൽ റബ്ബർ കർഷകർ ദുരിതത്തിലാണ്

ഇന്ന് റബ്ബറിന് കിലോയ്ക്ക് കൂടിയ വില 142 രൂപയാണ്.റബറിന് ഏറ്റവുമധികം ഉത്പ്പാദനമുള്ള നവംബര്‍, ഡിസംബര്‍ മാസങ്ങളും ജനുവരിയുടെ ആദ്യപകുതിയും തങ്ങള്‍ക്ക് അനുകൂലമായി വരും എന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. എന്നാല്‍ റബര്‍ വില താഴോട്ടുപോയതല്ലാതെ വേറെ പ്രയോജനം ഒന്നുമുണ്ടായില്ല.ഇടതുമുന്നണി ഇലക്ഷൻ മാനിഫെസ്‌റ്റൊയിൽ വാഗ്ദാനം ചെയ്തിരുന്ന താങ്ങുവില ഒരു കിലോ റബ്ബറിന് 250 രൂപ നൽകും എന്നത് നടപ്പാക്കിയോ?

ഉൽപാദനം കുറയുന്നുവെന്ന് നിരന്തരം വിലപിക്കുന്നവരും കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ നിലവിലുള്ള റബര്‍ ആക്ടിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ഉത്തരവാദിത്തമുള്ള കേന്ദ്ര -സംസ്ഥാന സർക്കാരുകൾ കര്‍ഷകനെ കുരുതികൊടുത്ത് റബര്‍ വ്യവസായികളുടെ മാത്രം സംരക്ഷകരായി മാറുകയാണ്.

സ്വാഭാവിക റബറിന്‍റെയും കോമ്പൗണ്ട് റബറിന്‍റെയും അനിയന്ത്രിത ഇറക്കുമതിയാണ് വിലത്തകര്‍ച്ചക്ക് മുഖ്യഘടകം. മഴമൂലം ടാപ്പിങ് തടസ്സപ്പെട്ടിട്ടും അപ്രതീക്ഷിത ഇലപൊഴിച്ചില്‍മൂലവും ഉൽപാദനത്തില്‍ വന്‍കുറവ് വന്നിട്ടും വിപണിവില കുറയുന്നതിന്‍റെ പിന്നില്‍ വ്യവസായികളുടെ സംഘടിതനീക്കം തന്നെയാണ്.അവർക്കു കുട പിടിക്കുന്ന സർക്കാരുകളാണ് പ്രധാന ഉത്തരവാദികൾ.  

നട്ടം തിരിഞ്ഞ് പൈനാപ്പിൾ കർഷകർ

വിലയിടിവിൽ നട്ടംതിരിയുകയാണ് സംസ്ഥാനത്തെ പൈനാപ്പിൾ കർഷകർ. എറണാകുളം മൂവാറ്റുപുഴയ്ക്കടുത്തെ വാഴക്കുളത്താണ് ഏറ്റവുമധികം പൈനാപ്പിൾ കൃഷിയുള്ളത്. കഴിഞ്ഞ സീസൺ വരെ കിലോയ്ക്ക് 50രൂപയാണ് കർഷകർക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കിട്ടുന്നത് വെറും 16രൂപ.

കൃഷിച്ചെലവിന്റെ പണം പോലും തിരികെ കിട്ടാതെ വലയുകയാണ് കർഷകർ. ഇക്കൊല്ലം പൈനാപ്പിൾ ഉത്പാദനത്തിൽ വൻവർദ്ധനവാണ്. വടക്കേയിന്ത്യയിലെ അതിശൈത്യവും വിലയിടിവിന് കാരണമാണ്. പൈനാപ്പിൾ സംഭരണം അന്യസംസ്ഥാന കമ്പനികൾ അവസാനിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്തതോടെ കർഷകർ വീണ്ടും കടുത്ത ദുരിതത്തിലായി.

കണ്ണീര്‍ക്കുലകള്‍...ഹൃദയം തകർന്ന് ഏത്തക്കായ കർഷകർ

ഏത്തക്കായ വില കുത്തനെ കുറഞ്ഞു. കഴിഞ്ഞ  ദിവസം പച്ചക്കറി ചന്തയിൽ കിലോയ്ക്ക് 22 മുതൽ 23 വരെ രൂപയ്ക്കാണു കർഷകരുടെ ചന്തയിൽ ഏത്തക്കായ ലേലം പോയത്.ഓണക്കാലത്ത് ശരാശരി 70 രൂപയുണ്ടായിരുന്നു ഏത്തക്കായക്ക്.

തമിഴ്‌നാട്ടിൽ  നിന്നു വൻതോതിൽ ഏത്തക്കായ കേരളത്തിലേക്ക് എത്തുന്നതാണ് വൻ വിലയിടിവിനു വഴിയൊരുക്കിയത്. വൻതുക വായ്പയെടുത്തും സ്ഥലം പാട്ടത്തിനെടുത്തും കൃഷിയിറക്കിയവർ പച്ചക്കായ പച്ച തൊടാതായതോടെ നിസ്സഹായരായി നിൽക്കുകയാണ്.

കണ്ണ് നനഞ്ഞു നെൽ കർഷകർ

കേരളത്തെ പട്ടിണിക്കിടാതെ അന്നം ഊട്ടുന്ന കർഷകർ ഇന്ന് നെല്ലുവിറ്റ പണത്തിനായി നെട്ടോട്ടം ഓടുകയാണ്.നെല്ലിന്റെ വില കിട്ടാത്തതിനാൽ കൃഷിക്കാരുടെ വീടുകളിൽ ദുരിതം കുന്നുകൂടുകയാണ്.ആത്മഹത്യകൾ വർധിച്ചു. സംഭരണത്തിന്റെ അനിശ്ചിതത്വം നെൽകർഷകരെ ഓരോ വർഷവും തീ തീറ്റിക്കുന്നത്. പിന്നെ പണം എന്നു കിട്ടുമെന്ന അവസ്ഥയും കാത്തിരിപ്പും. ഇതിനൊക്കെ അറുതിവരുത്തിയാലോ പാടത്ത് ഇനിയും വിത്തുകൾ വീഴൂ. എങ്കിലേ മലയാളിക്ക് അന്നമുണ്ണാനാകൂ എന്ന് ഓർമവേണം.

കർഷക പോഷക സംഘടനകൾ

എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും കർഷക പോഷക സംഘടനകൾ ഉണ്ടെങ്കിലും അവയെല്ലാം നേതാക്കളുടെ ആജ്ഞാനുവര്‍ത്തികള്‍ മാത്രം. യോജിപ്പോടെ പ്രവർത്തിക്കുന്ന ഒരു കർഷക പ്രസ്ഥാനമോ ഒരു നേതാവോ കേരളത്തിലുണ്ടോ?..

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ഉപഞാതാവയ ഡോ. സ്വാമിനാഥൻ പറയുന്നു "മുടക്കുമുതലും അതിന്റെ അൻപത് ശതമാനവും തിരികെ ലഭിച്ചെങ്കിൽ മാത്രമേ ഒരു സംരംഭകനോ വ്യവസായിയോ വ്യാപാരിയോ അവരവരുടെ മേഖലകളിൽ പിടിച്ചുനിക്കുകയുള്ളൂ".

കേരളത്തിലെ കര്‍ഷക ആത്മഹത്യകൾ

ഇന്ത്യയില്‍ ഓരോ മണിക്കൂറും ഒരു കര്‍ഷകനോ ഒരു കര്‍ഷക തൊഴിലാളിയോ ആത്മഹത്യ ചെയ്യുകയാണെന്ന് നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ 2023 ഡിസംബര്‍ മൂന്നിന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.കേരളത്തില്‍ ഒരുമാസത്തിനുള്ളില്‍ നാല് കര്‍ഷക ആത്മഹത്യകളാണ് നടന്നത്.

കർഷകർ കടം വാങ്ങി കഷ്ടപ്പെട്ടുണ്ടാക്കുന്ന കാർഷികോല്പന്നങ്ങൾക്ക് കൃഷി ചെലവുകൾക്ക് ആനുപാതികമായി  ന്യായവില ലഭ്യമാക്കപ്പെടുന്നില്ലെന്നതാണ് കാർഷിക മേഖലയെ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിച്ചതിൻ്റെ പ്രധാന കാരണം. ഇക്കാര്യം അതീവ പ്രാധാ ന്യത്തോടെ അടിയന്തിരമായി അഭിസംബോധന ചെയ്യപ്പെടണം. അതെ കാലം ശക്തമായി ആവശ്യപ്പെടുന്നത് രാജ്യത്തിൻ്റെ കാർഷിക അഭിവൃദ്ധിയെയും കർഷക ക്ഷേമത്തെയും മുൻനിറുത്തി നിലനിൽക്കുന്ന നയങ്ങളിലെ കാതലായ മാറ്റങ്ങൾ തന്നെയാണ്.  

കർഷകർ ഉത്പാദിപ്പിക്കുന്ന വിളകൾക്ക് ന്യായവില ലഭിക്കാത്തതാണ് കർഷക ആത്മഹത്യയുടെ അടിസ്ഥാന കാരണം. കൃഷി ഭൂമിയിൽ രാവും പകലും ഇല്ലാതെ കഷ്ടപ്പെട്ട് ഉൽപ്പന്നം വിളയിക്കുന്ന കർഷകന് അതിന് ആനുപാതികമായ വിലകൾ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് കേന്ദ്ര സംസ്ഥാന- സർക്കാരുകളുടെ കടമയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചെലവിനും ആര്‍ഭാടത്തിനുമായി കോടികള്‍ പൊടിക്കുമ്പോഴാണ് കര്‍ഷകരോടുള്ള കടുത്ത അവഗണനയും അനീതിയും സര്‍ക്കാര്‍ തുടരുന്നത്.

കർഷക പ്രേമം തെരെഞ്ഞുടുപ്പ് കാലത്ത് മാത്രം പോരാ.പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പാക്കണം.കാർഷിക മേഖലയിൽ ഇപ്പോൾ പടർന്നു കൊണ്ടിരിക്കുന്നത് കർഷകന്റെ കണ്ണീരാണ്. മണ്ണിൽ വിയർപ്പൊഴുക്കുന്നവർ കഷ്ടപ്പാടിന്റെയും ചൂഷണത്തിന്റെയും കഥകൾ മാത്രം പറയുന്നു.

സമൂഹത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാകേണ്ട കാർഷിക മേഖലയിൽ നിന്ന് നിരാശയുടെ ശബ്ദങ്ങൾ ഉയരുന്നതിന് പ്രധാന കാരണം ഈ മേഖലയിൽ നടപ്പാക്കുന്ന സർക്കാർ നയങ്ങളുടെ വൈകല്യമാണ്.സർക്കാർ രേഖകളിൽ പദ്ധതികൾ ഏറെയുണ്ട്.എന്നാൽ അതിലേറെയും കർഷകരിലേക്ക് എത്തുന്നില്ലെന്നു പറയട്ടെ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !