കോഴിക്കോട്: വര്‍ഷങ്ങളായുള്ള മലബാറുകാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത നിര്‍മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു. 1736.45 കോടി രൂപയ്ക്ക് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് രണ്ടുപാക്കേജായി ടെന്‍ഡര്‍ വിളിച്ചത്.
കോഴിക്കോട്- മലപ്പുറം ജില്ലകളില്‍നിന്ന് വയനാട്ടിലെത്താനുള്ള ഏളുപ്പമാര്‍ഗമാണ് പുതിയ പാത. ഇത് യാഥാര്‍ഥ്യമാകുന്നതോടെ വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.തുരങ്കപാതയ്ക്ക് കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു. തുരങ്കപാത പദ്ധതിയുടെ സാങ്കേതികപഠനംമുതല്‍ നിര്‍മാണംവരെ സംസ്ഥാനസര്‍ക്കാര്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെയാണ് ചുമതലപ്പെടുത്തിയത്.
തുരങ്കനിര്‍മാണത്തിനും അനുബന്ധപ്രവൃത്തികള്‍ക്കുമായി 1643.33 കോടി രൂപയ്ക്കാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. ഫെബ്രുവരി 23-ആണ് ടെന്‍ഡര്‍ നല്‍കേണ്ട അവസാന തീയതി. നാലുവര്‍ഷംകൊണ്ട് പണി പൂര്‍ത്തീകരിക്കണം. 10 മീറ്റര്‍ വീതിയുള്ള ഇരട്ടത്തുരങ്കങ്ങളാണ് നിര്‍മിക്കുക.
തുരങ്കത്തിലേക്കെത്തുന്ന രണ്ടുപാലങ്ങളുടെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ 93.12 കോടി രൂപയുടെതാണ്. ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെയാണ് പാലങ്ങള്‍ നിര്‍മിക്കുക. രണ്ടുവര്‍ഷമാണ് നിര്‍മാണകാലാവധി. ജനുവരി 19-നുള്ളില്‍ ടെന്‍ഡര്‍ നല്‍കണം.
തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിനടുത്ത് മറിപ്പുഴ വില്ലേജില്‍നിന്നാണ് തുരങ്കപാതയുടെ തുടക്കം. മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ അവസാനിക്കും. കള്ളാടിയില്‍ 250 മീറ്റര്‍ നീളത്തില്‍ റോഡും മറിപ്പുഴ ഭാഗത്ത് 750 മീറ്റര്‍ പാലവും പണിയണം. കള്ളാടിവരെയും മറിപ്പുഴവരെയും നിലവില്‍ റോഡുണ്ട്.
ഉത്തരകാശിയിലെ സില്‍കാര തുരങ്കത്തിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സുരക്ഷാമുന്‍കരുതലുകളും സ്വീകരിച്ച് മാത്രമേ തുടര്‍നടപടികളിലേക്ക് കടക്കൂവെന്ന് അധികൃതര്‍ പറഞ്ഞു. മണ്ണിടിച്ചിലും മറ്റും പ്രതിരോധിക്കുംവിധം സുരക്ഷിതമായിട്ടാവും തുരങ്കപാതനിര്മാണം.
റോഡിനായി ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച് ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. പതിനൊന്ന് ഹെക്ടറോളം സ്വകാര്യഭൂമിയാണ് കോഴിക്കോട് മേഖലയില്‍നിന്ന് ഏറ്റെടുക്കേണ്ടത്. ഭൂവുടമകളുമായി ഇതിനകം ചര്‍ച്ചനടത്തിയിട്ടുണ്ട്. വയനാട്ടില്‍ ഏറ്റെടുക്കേണ്ട ഭൂമിയെക്കുറിച്ചും അടുത്തദിവസം ചര്‍ച്ച നടത്തും.
തുരങ്കപാതനിര്മാണവുമായി ബന്ധപ്പെട്ട് ഒരുവര്‍ഷം നീണ്ട പരിസ്ഥിതി ആഘാതപഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞു. ഇതില്‍ പൊതുജനാഭിപ്രായം അറിയുന്നതിന് കോഴിക്കോടും വയനാടും ഹിയറിങ് നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.