അൻപതോളം വര്‍ഷം നീണ്ടു നില്‍ക്കുന്ന തന്റെ അഭിനയ ജീവിതത്തില്‍ മമ്മൂട്ടി ഒട്ടനവധി വേഷങ്ങള്‍ അവതരിപ്പിച്ച് കയ്യടി നേടിയിട്ടുണ്ട്.
മുഴുനീളെ കഥാപാത്രമല്ലാതെ കാമിയോ റോളില്‍ എത്തി മമ്മൂട്ടി കസറിയ സിനിമകളും ഒരുപാടുണ്ട്. അക്കൂട്ടത്തിലെ പ്രധാന ചിത്രമാണ് 'കഥ പറയുമ്പോള്‍'.ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ അശോക് രാജും ബാര്‍ബര്‍ ബാലനും തമ്മിലുള്ള ആത്മബന്ധ കഥ ഓരോ സൗഹൃദത്തെയും ഈറനണിയിച്ചിരുന്നു. റിലീസ് ചെയ്ത് കാലങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തില്‍ അഭിനയിക്കാൻ മമ്മൂട്ടിയെ ക്ഷണിച്ചതിനെ കുറിച്ച് പറയുകയാണ് നിര്‍മാതാവ് കൂടിയായ നടൻ മുകേഷ്.
മമ്മൂട്ടിയുടെ വീട്ടില്‍ എത്തിയാണ് താനും ശ്രീനിവാസനും കൂടി കഥ പറഞ്ഞതെന്ന് മുകേഷ് പറയുന്നു. എന്നാല്‍ കഥ കേള്‍ക്കാൻ കൂട്ടാക്കാത്ത മമ്മൂട്ടി, തങ്ങളെ വിശ്വാസമാണെന്നും സിനിമയ്ക്ക് പ്രതിഫലം വേണ്ടെന്ന് പറഞ്ഞുവെന്നും മുകേഷ് പറഞ്ഞു. 'മുകേഷ് സ്പീക്കിങ്ങി'ല്‍ ആയിരുന്നു നടന്റെ വെളിപ്പെടുത്തല്‍.
മുകേഷ് പറഞ്ഞ കഥ ഇങ്ങനെ
ഞാനും ശ്രീനിവാസനും വളരെ നാളുകളായിട്ടുള്ള ആത്മബന്ധം ആണ്. ഒരിക്കല്‍ ഞാൻ അദ്ദേഹത്തോട് നമുക്കൊരു സിനിമ നിര്‍മിക്കണമെന്ന് പറഞ്ഞു. നിങ്ങള്‍ സിനിമ എഴുതുകയും അഭിനയിക്കയും വേണം. ഞാനും അഭിനയിക്കണം.
കൈയ്യിലിരിക്കുന്ന കാശ് കൊണ്ട് കളയാൻ ഭയങ്കര ആഗ്രഹമാണല്ലേ എന്നാണ് ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞത്. ഒരു വിവാഹ വേളയില്‍ ആണ് കഥപറയുമ്പോള്‍ സിനിമയെ കുറിച്ച് അറിയുന്നത്. ശ്രീനിവാസന്‍ എഴുതിയ കഥ, സംവിധാനം ശ്രീനിവാസന്‍റെ അളിയൻ മോഹന്‍.
കേന്ദ്ര കഥാപാത്രമായ ബാര്‍ബര്‍ ബാലനെ അവതരിപ്പിക്കുന്നത് ശ്രീനിവാസന്‍ തന്നെയാണ്. കാമിയോ റോള്‍ ചെയ്യാൻ വേണ്ടിയാണ് മമ്മൂട്ടിയെ കാണാൻ പോകുന്നത്. മമ്മൂക്കയുടെ വീട്ടില്‍ വച്ചാണ് കൂടിക്കാഴ്ച. ഞങ്ങള്‍ വരുന്ന കാര്യം സുല്‍ഫത്തിനോടും അദ്ദേഹം പറഞ്ഞിരുന്നു.
ഞങ്ങളായത് കൊണ്ട് അവരും അവിടെ നിന്നു. കഥ പറയണ്ട എനിക്ക് വിശ്വാസമാണ് എന്ന് മമ്മൂക്ക പറഞ്ഞു. അതുമല്ല പല സന്ദര്‍ഭങ്ങളിലും ശ്രീനി എന്നോട് കഥ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. ഡേറ്റ് അദ്ദേഹം പറഞ്ഞപ്പോള്‍, അതിന് മുൻപ് പ്രതിഫലത്തെ കുറിച്ചാണ് ഞങ്ങള്‍ ചോദിച്ചത്. എത്ര ആണെലും പറയാൻ പറഞ്ഞു.
ഇതിങ്ങനെ പറഞ്ഞിരിക്കുമ്പോള്‍ മമ്മൂക്കയുടെ ഭാര്യ ഞങ്ങളെക്കാള്‍ ടെൻഷൻ ആയി നില്‍ക്കുകയാണ്. മമ്മൂക്ക എഴുന്നേറ്റ് ഞങ്ങളുടെ തോളില്‍ കൈവച്ച് പറഞ്ഞു ഈ പടം ഞാൻ ഫ്രീയായി അഭിനയിക്കുന്നു.
നിങ്ങളോട് കാശ് വാങ്ങിക്കാനോ. എന്റെ അഞ്ച് ദിവസം ഫ്രീ ആണ് എന്ന്. ഞങ്ങളെ രണ്ടുപേരെയും അത്ഭുതപ്പെടുത്തി കൊണ്ട് സുല്‍ഫത്ത് മമ്മൂക്കയുടെ ബാക്കിലൂടെ വന്ന് കെട്ടിപിടിച്ച് പറഞ്ഞു,
'ഇച്ചാക്ക നന്നായി'. കഥപറയുമ്പോള്‍ സിനിമയെക്കാള്‍ ഇമോഷണലായ ഫാമിലി മൊമന്റ് ആയിരുന്നു അത്. എല്ലാവരുടെയും കണ്ണ് നിറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.