നമ്മള് എന്തുതരം ഭക്ഷണമാണ് കഴിക്കുന്നത് എന്നതിനൊപ്പം തന്നെ എത്ര കഴിക്കുന്നു, എങ്ങനെ കഴിക്കുന്നു, എപ്പോള്‍ കഴിക്കുന്നു എന്ന കാര്യങ്ങളെല്ലാം ആരോഗ്യത്തെ വലിയ രീതിയില്‍ സ്വാധീനിക്കും.
കഴിയുന്നതും എല്ലാ ദിവസവും ഒരേ സമയക്രമം തന്നെ ഭക്ഷണത്തിനായി പാലിക്കുന്നത് ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കും. വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ദഹനപ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനുമെല്ലാമാണ് പ്രാഥമികമായി ഇത് സഹായിക്കുക.
ജീവിതശൈലീരോഗങ്ങളുള്ളവര്ക്ക് ഇത് നിയന്ത്രിക്കാനും, മറ്റുള്ളവര്‍ക്ക് ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാനും അടക്കം മറ്റ് ഗുണങ്ങള്‍ വേറെയും ഈ ശീലം കൊണ്ട് നേടാം.
ഏതായാലും ഭക്ഷണം കഴിക്കുന്ന സമയവുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ടൊരു വിവരം പങ്കുവയ്ക്കുന്ന പുതിയൊരു പഠനറിപ്പോര്‍ട്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 'നേച്ചര്‍ കമ്മ്യൂണിക്കേഷൻസ്' എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തിലാണ് ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.
ഏതാണ്ട് ഒരു ലക്ഷത്തിലധികം പേരില്‍ നിന്നായി ശേഖരിച്ച വിവരങ്ങള്‍- പ്രത്യേകിച്ച് അവരുടെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണത്രേ ഗവേഷകര്‍ ഈ പഠനം നടത്തിയിട്ടുള്ളത്. ശരാശരി 42 വയസ് പ്രായമുള്ളവരായിരുന്നു ഇവരെല്ലാം തന്നെ.
നമ്മള് ഭക്ഷണം കഴിക്കുന്ന സമയക്രമത്തിന് ഹൃദയാഘാതവുമായി (ഹാര്‍ട്ട് അറ്റാക്ക്) വരെ ബന്ധമുണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഓരോ സമയത്തെ ഭക്ഷണവും പ്രധാനമാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
ഓരോ നേരവും വൈകി ഭക്ഷണം കഴിക്കുന്നവരാണെങ്കില്‍ അവരില്‍ ഹൃദയാഘാത സാധ്യത കൂടുതലായി കാണാമെന്നാണ് പഠനത്തിന്റെ നിഗമനം. രാവിലെ 8നോ 9നോ ശേഷം ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നവര്‍, രാത്രി 9ന് ശേഷം അത്താഴം കഴിക്കുന്നവര്‍ എന്നിവരിലാണത്രേ ഹൃദയാഘാത സാധ്യത കൂടുതല്‍ കാണുന്നത്. അതും വിശേഷിച്ചും സ്ത്രീകളില്‍.
ബ്രേക്ക്ഫാസ്റ്റ് പതിവായി കഴിക്കാത്തവരും, രാത്രിയില്‍ വൈകി അത്താഴം കഴിക്കുന്നവരുമെല്ലാം ഇന്ന് കൂടുതലാണ്. ഈയൊരു സാഹചര്യത്തില്‍ പഠനം പങ്കുവയ്ക്കുന്ന നിരീക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ട്.
നമ്മള് ഏത് സമയത്ത് ഭക്ഷണം കഴിക്കുന്നു, ഉറങ്ങുന്നു, ജോലി ചെയ്യുന്ന എന്നുള്ള കാര്യങ്ങളെല്ലാം ശരീരം കൃത്യമായി മനസിലാക്കി വയ്ക്കും. ഇതിന് അനുസരിച്ച് തുടര്‍ന്ന് പ്രവര്‍ത്തിക്കാൻ ശരീരം ശ്രമിക്കും. ഇതിന് ശരീരത്തിന് അതിന്റേതായൊരു ജൈവ ക്ലോക്കുമുണ്ട്. ഇതിനെയാണ് 'സിര്‍ക്കാഡിയൻ റിഥം' എന്ന് വിളിക്കുന്നത്.
യാതൊരു ചിട്ടയുമില്ലാതെ, അല്ലെങ്കില്‍ മോശമായ ശീലങ്ങളോടെ തുടരുന്നവരില്‍ സ്വാഭാവികമായും 'സിര്‍ക്കാഡിയൻ റിഥം' തെറ്റും. ഇത് അവരുടെ ആരോഗ്യത്തെ ഏതെല്ലാം തരത്തില്‍ ക്രമേണ ബാധിക്കുമെന്നത് നമുക്ക് എളുപ്പത്തില്‍ പറയുക വയ്യ.
ഈ 'സിര്‍ക്കാഡിയൻ റിഥം' തെറ്റാതെ കൊണ്ടുപോവുകയെന്നതാണ് ആരോഗ്യം സുരക്ഷിതമാക്കാനുള്ള മാര്‍ഗം. അതേസമയം ഇങ്ങനെ ശീലമുള്ളവരിലെല്ലാം ഉടൻ തന്നെ ഹൃദയാഘാതം സംഭവിക്കുമെന്നോ, അല്ലെങ്കില്‍ ആരോഗ്യകരമായി മുന്നോട്ട് പോകുന്നവരില്‍ ഹൃദയാഘാതം സംഭവിക്കില്ല എന്നോ അല്ല പറഞ്ഞുനിര്‍ത്തുന്നത്.
നമ്മുടെ ശീലങ്ങള്‍ അടക്കം പലവിധ ഘടകങ്ങളും ഹൃദയാഘാതത്തെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കുന്നുണ്ട്. അതിനാല്‍ കഴിയുംവിധം ഇവയെ ശരിപ്പെടുത്തിയെടുക്കാനാണ് നോക്കേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.