കൊച്ചി: ഏകീകൃത കുർബാന അർപ്പിച്ചില്ലെങ്കിൽ പുതിയ വൈദികർക്ക് വൈദിക പട്ടം നൽകില്ലെന്ന മുന്നറിയിപ്പുമായി ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
തൃക്കാക്കര സേക്രട്ട് ഹാർട്ട് മൈനർ സെമിനാരിയിലും ഗുരുകുലത്തിലും ഏകീകൃത കുർബാന അർപ്പിക്കണമെന്ന് മാർ ആൻഡ്രൂസ് താഴത്ത് കർശന നിർദേശം നൽകി. എറണാകുളം അങ്കമാലി അതിരൂപതയിൽ സിനഡ് കുർബാനയ്ക്കെതിരായ പ്രതിഷേധം തുടരുന്നതിനിടയിലാണ് പുതിയ കത്തുമായി ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് രംഗത്തെത്തിയത്.
എറണാകുളം അങ്കമാലി അതിരൂപതയിൽ ഡിസംബർ മാസം വൈദിക പട്ടം സ്വീകരിക്കാൻ തയ്യാറെടുക്കുന്നവർക്കാണ് കത്ത് നൽകിയത്. സിനഡ് കുർബാന അർപ്പിക്കാമെന്ന സമ്മത പത്രം ഒപ്പിട്ട് നൽകണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. നവ വൈദികർ സഭാ അധികാരികളെ അനുസരിക്കുമെന്നും സിനഡ് നിർദ്ദേശപ്രകാരമുള്ള ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമെന്നും എഴുതി നല്‍കണമെന്നാണ് ആവശ്യം. .
മുൻ വർഷങ്ങളിൽ വൈദിക പട്ടം സ്വീകരിച്ച നവവൈദികർ ഏകീകൃത കുർബാന അർപ്പിച്ചിരുന്നില്ല. അതിരൂപതയിൽ ഈ വർഷം 9 പേരാണ് പുതിയതായി വൈദിക പട്ടം സ്വീകരിക്കണ്ടത്. ബിഷപ്പുമാര്‍ക്കും ഡീക്കന്‍മാര്‍ക്കും മേജര്‍ സുപ്പീരീയേഴ്സിനും ഇതുസംബന്ധിച്ച കത്ത് കഴിഞ്ഞ ദിവസം കൈമാറിയിട്ടുണ്ട്. അതിരൂപതയിൽ നിലനിൽക്കുന്ന അജപാലന സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം
അനുസരിക്കാൻ തയാറാകാത്ത വൈദികരുടെ വിശദാംശങ്ങൾ 10 ദിവസത്തിനുള്ളിൽ അറിയിക്കാനാണ് സെമിനാരി റെക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്. സിനഡ് തീരുമാനം അംഗീകരിക്കാത്തവരെ തൽസ്ഥാനത്തു നിന്ന് നീക്കുമെന്ന മുന്നറിയിപ്പുമുണ്ട്.
നിലവിലെ മാര്‍ഗ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സഭ നേതൃത്വം മുന്നോട്ടു പോകുന്നതെങ്കില്‍ സാഹചര്യം മാറുന്നതുവരെ ഡീക്കന്‍ സ്ഥാനത്ത് തുടരാൻ തയ്യാറാണെന്ന് നവവൈദികർ സഭാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നവ വൈദികർക്ക് നൽകിയ കത്ത് ഭീഷണിയുടേതാണെന്നും അതിരൂപത സംരക്ഷണ സമിതിയും അൽമായ മുന്നേറ്റവും നവ വൈദികർക്ക് പിന്തുണയുമായി രംഗത്തുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിനിടെ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറക്കണമെന്നാവശ്യപ്പെട്ട് ബസിലിക്ക വികാരിക്ക് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ നൽകിയ ഉത്തരവ് ഒരു വിഭാഗം വിശ്വാസികൾ പരസ്യമായി കത്തിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.