കൊട്ടാരക്കര: പോലീസ് സ്റ്റേഷനിൽ വലതുകാൽവച്ചു കയറിയാലും ഇടതുകാൽവച്ചു കയറിയാലും അടിയെന്ന കഥപോലെയാണ് സർക്കാരിനെതിരായ വിമർശനങ്ങളെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ.
മണ്ഡലത്തിൽ ആദ്യ സർക്കാർ ബി.എസ്‌സി. നഴ്‌സിങ് കോളേജിന്റെ ഉദ്ഘാടനം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അനാവശ്യവിവാദങ്ങളുയർത്തി വികസനപ്രവർത്തനങ്ങളെ തമസ്കരിക്കുകയാണ്. ആസൂത്രിതമായി വാർത്തകൾ സൃഷ്ടിക്കുകയാണ്. എല്ലാമന്ത്രിമാരും സ്വന്തം വാഹനങ്ങളിൽ പോകുന്നതിന്റെ ചെലവുകുറയ്ക്കാനാണ് നവകേരളസദസ്സ് യാത്ര കെ.എസ്.ആർ.ടി.സി. ബസിലാക്കിയത്.
മുഖ്യമന്ത്രിയുടെ വീട്ടിൽ കൊണ്ടുപോയി പാർക്ക് ചെയ്യാനല്ല ബസ് തയ്യാറാക്കുന്നത്. വിമർശനങ്ങൾ വസ്തുതാപരമാകണം. സങ്കീർണമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയാണ് കൊട്ടാരക്കരയിൽ നഴ്‌സിങ് കോളേജ് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാധ്യക്ഷൻ എസ്.ആർ.രമേശിന്റെ അധ്യക്ഷതയിൽ ഉപാധ്യക്ഷ വനജ രാജീവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, സ്ഥിരംസമിതി അധ്യക്ഷരായ ജേക്കബ് വർഗീസ് വടക്കടത്ത്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
സമ്മേളനച്ചെലവ് ജീവനക്കാർ വക കൊട്ടാരക്കര :കഴിഞ്ഞദിവസം താലൂക്ക് ആശുപത്രിയിൽ നടത്തിയ ഗവ. നഴ്‌സിങ് കോളേജിന്റെ ഉദ്ഘാടനച്ചടങ്ങ് ഗംഭീരമാക്കാൻ നടത്തിയത് ഊർജിത ഫണ്ട് പിരിവ്.
ഉദ്ഘാടനസമ്മേളന നടത്തിപ്പിനാവശ്യമായ തുക ജീവനക്കാരിൽനിന്നു കണ്ടെത്തണമെന്ന നഗരസഭാനിർദേശപ്രകാരം നോട്ടീസ് നൽകിയായിരുന്നു പണപ്പിരിവ്. അൻപതിനായിരത്തോളം രൂപ ചെലവാകുമെന്നും തുക നമ്മൾതന്നെ കണ്ടെത്തണമെന്നുമുള്ള സൂപ്രണ്ടിന്റെ അഭ്യർഥനയോടെയുള്ള നോട്ടീസിൽ ഓരോരുത്തരും നൽകേണ്ട തുകയും രേഖപ്പെടുത്തിയിരുന്നു.
ഡോക്ടർമാരും സൂപ്രണ്ടും ആയിരംവീതം, ലേ സെക്രട്ടറി ആയിരം, നഴ്‌സിങ് സൂപ്രണ്ട്-750, ഹെഡ് നഴ്‌സ്-500, സ്റ്റാഫ് നഴ്‌സ്-400, നഴ്‌സിങ് അസിസ്റ്റന്റ്/ഗ്രേഡ് 2-200, ഓഫീസ്, ലാബ്, ഫാർമസി, ഇ.സി.ജി., എക്സ്-റേ, ഡെന്റൽ മുതലായവ-300, എച്ച്.എം.സി./ആർ.എസ്.ബി.വൈ.-200, എൻ.എച്ച്.എം.-200 എന്നിങ്ങനെ ആയിരുന്നു പിരിവ്.
മണ്ഡലത്തിലെ ആദ്യ സർക്കാർ നഴ്‌സിങ് കോളേജിന്റെ ഉദ്ഘാടനമാണ് കഴിഞ്ഞദിവസം നടത്തിയത്. സമ്മേളന നടത്തിപ്പിനുപോലും പണമില്ലാത്ത വിധത്തിൽ തദ്ദേശസ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന പണപ്പിരിവാണ് താലൂക്ക് ആശുപത്രിയിൽ നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.