തിരുവനന്തപുരം ;ഈ മാസം ഒന്നാം തീയതി മുതൽ മുൻകാല പ്രാബല്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. ഫിക്സഡ് ചാർജ് 10 രൂപ മുതൽ 40 രൂപ വരെ വർധിപ്പിച്ചു.
ഇത്തരത്തിൽ വർധിപ്പിച്ച ഫിക്സഡ്–എനർജി ചാർജുകളുടെ അടിസ്ഥാനത്തിൽ 200 യൂണിറ്റ് വരെ ഉപയോഗിക്കുന്ന വീടുകളിൽ യൂണിറ്റിന് ശരാശരി 20 പൈസ കൂട്ടാനാണ് കമ്മിഷന്റെ നിർദേശം. ഇത്തരത്തിൽ മാസം 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന വീടുകളിൽ 48 രൂപയുടെ വർധനയുണ്ടാകും.
2 മാസത്തെ ആകെ ബിൽ തുകയിൽ ഏകദേശം 100 രൂപയുടെ വർധന. 40 യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്ന വീടുകൾക്കു നിരക്കുവർധന ബാധകമല്ല.ഐടി, ഐടി അനുബന്ധ വ്യവസായങ്ങൾ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ എന്നിവയെയും നിരക്കുവർധനയിൽനിന്ന് ഒഴിവാക്കി. അടുത്ത വർഷം ജൂൺ 30 വരെയാണ് ഈ നിരക്കിനു പ്രാബല്യം.
കഴിഞ്ഞ വർഷം ജൂണിലാണ് ഇതിനു മുൻപ് വൈദ്യുതി നിരക്ക് വർധിപ്പിച്ചത്. പ്രതിവർഷം നിരക്കുവർധനയിലൂടെ 531 കോടി രൂപ അധിക വരുമാനമാണ് ബോർഡിന്റെ ലക്ഷ്യം. യൂണിറ്റിന് 40.6 പൈസ വർധനയാണ് ബോർഡ് ആവശ്യപ്പെട്ടത്.ചെറിയ പെട്ടിക്കടകൾക്കും ഫിക്സഡ് ചാർജ് കൂട്ടി
∙ ചെറുകിട വ്യവസായങ്ങൾക്ക് 2.3%, കൃഷി ആവശ്യങ്ങൾക്ക് 6%, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 1.10% എന്നിങ്ങനെ നിരക്ക് കൂട്ടി.
∙ തെരുവുവിളക്കുകളുടെ വൈദ്യുതിനിരക്ക് 3.8 %, കൊച്ചി മെട്രോ റെയിൽവേയുടെ നിരക്ക് 1.6% വീതം വർധിപ്പിച്ചു.
∙ ചെറിയ പെട്ടിക്കടകളിൽ ഫിക്സഡ് ചാർജ് 10 രൂപ കൂട്ടി.
∙ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളുടെ ഫിക്സഡ് ചാർജിൽ 10 രൂപ വർധന. എനർജി ചാർജിൽ മാറ്റമില്ല.
∙ സർക്കാർ–എയ്ഡഡ് സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ എന്നിവയുടെ ഫിക്സഡ് ചാർജ് 10 രൂപ കൂട്ടി.
∙ സംസ്ഥാന–കേന്ദ്ര സർക്കാർ ഓഫിസുകൾ, ജല അതോറിറ്റി തുടങ്ങിയ ഓഫിസുകൾ എന്നിവയുടെ ഫിക്സഡ് ചാർജിൽ 15 രൂപ വർധന.
∙ കോഴി–കന്നുകാലി വളർത്തൽ, അലങ്കാര മത്സ്യകൃഷി സംരംഭങ്ങളിൽ ഫിക്സഡ് ചാർജ് 5 രൂപയും എനർജി ചാർജ് യൂണിറ്റിന് 10 പൈസയും കൂട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.