ബംഗളുരു: അടുത്ത വര്‍ഷം ആദ്യം ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ദൗത്യത്തില്‍ ക്രൂ മൊഡ്യൂള്‍ ശരിയായ രീതിയില്‍ പൊങ്ങി നില്‍ക്കുന്നത് ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി പരീക്ഷണങ്ങള്‍ക്കാണ് ഐഎസ്ആര്‍ഒ ഒരുങ്ങുന്നത്. ഗഗന്യാന് 2025 ആദ്യത്തോടെ വിക്ഷേപിക്കാനുള്ള തയാറെടുപ്പിലാണ് ഐഎസ്ആര്‍ഒ. ദൗത്യം മനുഷ്യ യാത്രയ്ക്ക് സുരക്ഷിതമാണെന്ന് ഉറപ്പു വരുന്നതിന് നിരവധി പരീക്ഷണങ്ങളും കടമ്പകളും കടക്കണം.
ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്യാന് യാഥാര്‍ഥ്യമാക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണങ്ങളില്‍ നിര്‍ണായകമായ രണ്ടാമത്തേതിന് തയാറെടുത്ത് ഐഎസ്ആര്‍ഒ. കടലില്‍ വീഴ്ത്തുന്ന ക്രൂ മൊഡ്യൂള്‍ ശരിയായ സ്ഥാനം കൈവരിച്ച് പൊങ്ങി നില്ക്കും എന്ന് ഉറപ്പാക്കാനുള്ള പരീക്ഷണമാണ് ഉടന്‍ നടത്തുന്നത്.
ക്രൂ എസ്കേപ്പ് സിസ്റ്റം ഉള്‍പ്പെടുന്ന ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന് 1 (ടി.വി ഡി 1) ഒക്ടോബര്‍ 21 ന് വിജയകരമായി പരീക്ഷിച്ചിരുന്നു. റോക്കറ്റില്‍ നിന്ന് ക്രൂ മൊഡ്യൂള്‍ മാതൃക ബംഗാള്‍ ഉള്‍ക്കടലില്‍ വീഴ്ത്തുകയും തുടര്‍ന്ന് വീണ്ടെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ പരീക്ഷണം.പരീക്ഷണ ദൗത്യങ്ങളിലേതു പോലെ യഥാര്‍ത്ഥ ദൗത്യത്തിലും പേടകം ബംഗാള്‍ ഉള്‍ക്കടലില്‍ വീഴ്ത്തിയ ശേഷം വീണ്ടെടുക്കുക എന്നതാണ് ലക്ഷ്യം. അതിനാല്‍ കടലില്‍ വീഴുന്ന പേടകം തലകീഴായി മറിഞ്ഞു പോകാതെ ശരിയായ സ്ഥാനം കൈവരിക്കേണ്ടത് ബഹിരാകാശ യാത്രികരുടെ സുരക്ഷ സംബന്ധിച്ച് പ്രധാനമാണ്. ഇത് ഉറപ്പാക്കുന്നതിനാണ് രണ്ടാം പരീക്ഷണം.
യാത്രികര്‍ തലകീഴായി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ യഥാര്‍ത്ഥ ക്രൂ മൊഡ്യൂളില്‍ വാതക ബലൂണുകള്‍ പോലെയുള്ള നിവര്‍ന്നു നില്ക്കാന് സഹായിക്കുന്ന സംവിധാനമുണ്ടാകും. കാറുകളിലെ എയര്‍ ബാഗുകള്‍ക്ക് സമാനമായതായിരിക്കും ഈ സംവിധാനം'- ടി.വി ഡി 1 പരീക്ഷണ ദൗത്യത്തിന്റെ ഡയറക്ടര്‍ എസ്. ശിവകുമാര്‍ ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.
ദൗത്യത്തിനൊടുവില്‍ കടലില്‍ പതിക്കുന്ന ക്രൂ മൊഡ്യൂള്‍ മറിഞ്ഞു വീഴുകയാണെങ്കില്‍ ശരിയായ സ്ഥാനം കൈവരിക്കാന്‍ വേണ്ടിയാണ് ബലൂണ്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നത്. ടി.വി ഡി 1 പരീക്ഷണത്തില്‍ ബലൂണ്‍ സംവിധാനമുണ്ടായിരുന്നില്ല. കാറ്റും തിരമാലകള്‍ കാരണമുള്ള പ്രശ്നവും കാരണം മൊഡ്യൂളിന് ശരിയായ സ്ഥാനം കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. മൊഡ്യൂള്‍ ഏതാണ്ട് തലകീഴായുള്ള അവസ്ഥയില്‍ നിന്നാണ് പേടകത്തെ വീണ്ടെടുക്കാന്‍ കഴിഞ്ഞത്.
ക്രൂ എസ്കേപ്പ് സംവിധാന പരീക്ഷണത്തില്‍ ഹൈ, ലോ ആള്‍റ്റിറ്റിയൂഡ് എസ്കേപ്പ് മോട്ടോറുകള്‍ ഉപയോഗിക്കുമെന്നതും ഇത്തവണത്തെ പരീക്ഷണത്തിന്റെ പ്രത്യേകതയാണ്. ടി.വി ഡി 1 ല്‍ ഉയര്‍ന്ന ഹൈ ആള്‍റ്റിറ്റിയൂഡ് എസ്കേപ്പ് മോട്ടോറുകള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്.
ടി.വി ഡി 1 ല്‍ ആദ്യമായി പരീക്ഷിച്ച വിക്ഷേപണ വാഹനം, ക്രൂ എസ്കേപ്പ് സംവിധാനം, ക്രൂ മൊഡ്യൂള്‍ എന്നീ മൂന്ന് ഘടകങ്ങളും വിജയമായിരുന്നു. ഗഗന്യാന് വിക്ഷേപണത്തിന് ശേഷം അബോര്‍ട്ട് ചെയ്യേണ്ടി വന്നാല്‍ യാത്രികരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നത് ഉറപ്പാക്കുന്നതിനാണ് ക്രൂ എസ്കേപ്പ് സിസ്റ്റം പരീക്ഷിച്ചത്.
ഇതിനായി അത്തരം സാഹചര്യം പരീക്ഷണ ദൗത്യത്തില്‍ സൃഷ്ടിക്കുകയായിരുന്നു. റോക്കറ്റിന് അപ്രതീക്ഷിത തകരാര്‍ സംഭവിച്ചാല്‍ ബഹിരാകാശ യാത്രികര്‍ ഇരിക്കുന്ന ക്രൂ മൊഡ്യൂളിനെ സുരക്ഷിതമായ ദൂരത്തേക്ക് വേഗത്തില്‍ മാറ്റുന്ന തരത്തിലാണ് സംവിധാനം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
പ്രധാന ക്രൂ മൊഡ്യൂള്‍ ശരിയായ ദിശയിലെത്തുന്നതിലെ പരാജയം ഒഴിവാക്കാന്‍ ക്രൂ മൊഡ്യൂളിന് റിഡന്‍ഡന്‍സി സംവിധാനവും ഉണ്ടായിരിക്കുമെന്ന് എസ്. ശിവകുമാര്‍ പറഞ്ഞു. മൊഡ്യൂള്‍ പതിച്ച സ്ഥലം വ്യക്തമാക്കുന്നതിനായി അത് കടലിന്റെ അടിത്തട്ടില്‍ മുങ്ങിപ്പോകുന്നതിന് മുന്‍പ് ബീക്കണുകള്‍ പോലുള്ള വീണ്ടെടുക്കല്‍ സഹായക ഘടകങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2024 ന്റെ ആദ്യ പാദത്തിലാണ് ടി.വി ഡി 2 പരീക്ഷണ ദൗത്യം ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ക്രൂ മൊഡ്യൂള്‍ ശരിയായ ദിശയില്‍ പൊങ്ങി നില്‍ക്കുന്നത് ഉറപ്പാക്കുന്നതിനൊപ്പം ക്രൂ സീറ്റ്, സസ്പെന്ഷന് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിയന്ത്രണ സംവിധാനങ്ങളുള്ള ക്രൂ മൊഡ്യൂള്‍ അനുകരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.