വയനാട്: മാവോയിസ്റ്റുകളെ പിടികൂടിയ രണ്ട് പേർ ചപ്പാരത്തേക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിക്കാൻ ശ്രമിച്ചതായി റിപ്പോര്‍ട്ട്.5കിലോ പന്നിയിറച്ചിയും 12 കിലോ പച്ചക്കറിയുമാണ് ഇവര്‍ ഇങ്ങോട്ടേക്ക് എത്തിച്ചത്. ഇത് വാങ്ങാനായി എത്തിയപ്പോഴായിരുന്നു ചന്ദ്രുവും ഉണ്ണിമായയും പിടിയിലായതും.
തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് ചപ്പാരത്ത് എത്തിയ ചന്ദ്രുവും സുന്ദരിയും ലതയും ഭക്ഷണ സാധനങ്ങള്‍ വാങ്ങി നല്‍കണം എന്നാവശ്യപ്പെട്ട് പട്ടിക നല്‍കുന്നു. ഒപ്പം മൂവായിരം രൂപയും. പിറ്റേന്ന് രാത്രി ചപ്പാരത്ത് എത്തിയത് ആ ഭക്ഷണ സാധനങ്ങള്‍ കൊണ്ടുപോകാൻ കൂടിയാണ്.
അപ്പോഴാണ് ഏറ്റുമുട്ടലും വെടിവയ്പ്പും ഉണ്ടായതും ചന്ദ്രുവും ഉണ്ണിമായയും പിടിയിലായതും. അഞ്ചുകിലോ പന്നിയിറച്ചി, 12 കിലോ പച്ചക്കറി എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. മേഖലാ യോഗത്തിനുള്ള ഭക്ഷണമായിരുന്നോ എന്നാണ് പൊലീസ് സംശയിക്കുന്നത്.
പതിവനുസരിച്ച് ഇത്രയധികം ഭക്ഷണ സാധനം പുറത്തുനിന്ന് ശേഖരിക്കാറില്ല. കാടിനോട് ചേര്‍ന്നുളള വീടുകളിലോ, കോളനികളിലോ വന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്നതാണ് ശീലം. അല്ലെങ്കില്‍ കോളനികളില്‍ നിന്ന് അരിയും സാധനങ്ങളും ശേഖരിച്ച് കാടു കയറും.
രണ്ടുദളങ്ങളിലായി പതിനെട്ടുപേരുള്ളത്കൊണ്ട് അവര്‍ക്കുള്ളതാവാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. കേന്ദ്രകമ്മിറ്റിയേയും ദളങ്ങളേയും ബന്ധിപ്പിക്കുന്ന സന്ദേശവാഹകൻ അനീഷ് ബാബു എന്ന തമ്പി കൊയിലാണ്ടിയില്‍ വച്ച് പിടിയിലായതോടെ യോഗം പൊളിഞ്ഞു എന്നാണ് പൊലീസിന് ലഭിച്ച വിവരം.
മറ്റ് സംവിധാനം ഉപയോഗിച്ച് ആശയവിനിമയം കഴിയാത്തതിനാല്‍, ഈ സന്ദേശ വാഹകൻ വഴിയാണ് യോഗം സംബന്ധിച്ച നിര്‍ദ്ദേശങ്ങളും മറ്റുകാര്യങ്ങളുമെല്ലാമുണ്ടാവുക.
യോഗ തീരുമാനങ്ങളും സന്ദേശവാഹകൻ കേന്ദ്രകമ്മിറ്റിയെ നേരിട്ടറിയിക്കുന്നതാണ് രീതി. 2016മുതല്‍ 2022വരെ കൃത്യമായി എല്ലാവര്‍ഷവും സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലായി കേരളത്തില്‍ മേഖലാ യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. അവസാനത്തെ മൂന്ന് യോഗങ്ങള്‍ വയനാട്ടിലായിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികളുടേത് പോലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കവതരണവുമെല്ലാം നടക്കാറുണ്ട്. യോഗങ്ങളുടെ റിപ്പോര്‍ട്ടുകള്‍ മുൻപ് അന്വേഷണ ഏജൻസികള്‍ക്ക് ലഭിച്ചിരുന്നു.
ആന്ധ്രയില്‍ നിന്നുള്ള മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം പശ്ചിമഘട്ടത്തിന്റെ ചുമതലയേറ്റെടുക്കാൻ ഇവിടെയെത്തിയിട്ടുണ്ടെന്ന കാര്യം ഏതാണ്ട് ഉറപ്പാണെന്ന് അന്വേഷണ ഏജൻസികള്‍ പറയുന്നുണ്ട്.
എൻകൗണ്ടര്‍ വിദഗ്ധനായ കേന്ദ്രകമ്മിറ്റി അംഗം ധീരജാണ് വയനാടൻ കാടുകളിലേക്ക് എത്തിയതെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.