കണ്ണൂര്‍: നവകേരള സദസ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യൻ.
പ്രളയകാലത്തും ദുരന്ത കാലത്തും പട്ടിണി മറന്ന് ആടിനെ വിറ്റ കാശ് നാടിന് കൊടുത്ത സുബൈദ മുതല്‍ നൗഷാദ് വരെയുള്ളവര്‍ മനുഷ്യരെ പ്രണയിച്ചപ്പോള്‍ സ്വന്തം സമ്പാദ്യങ്ങൾ കൈവിടാത്തവര്‍ പ്രമാണിമാരും പൗര പ്രമുഖരുമായി നികുതി പണത്തിന്റെ പൊലിമയില്‍ മറ്റൊരു ലോകം പണിയുമ്പോള്‍ ചിതലരിക്കാൻ പോലും പ്രതീക്ഷകളില്ലാത്ത നിഴലായി മാറുകയാണ് സാധാരണക്കാരെന്നും രൂപേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എം.എൻ സ്മാരകത്തിന് ഏച്ചുകെട്ടില്ലാത്ത ലാളിത്യവും.. മുഴച്ചു നില്‍ക്കാത്ത ഭംഗിയും വന്നു ചേര്‍ന്നത് അവിടെ നിന്നും ഇറങ്ങി വരുന്ന മന്ത്രി വാഹനങ്ങള്‍ കണ്ടല്ല വെളിയത്തിന്റെയും പി.കെ.വിയുടെയും ചന്ദ്രപ്പന്റേയുമൊക്കെ ജീവനുള്ള ഓര്‍മ്മകള്‍ പേറുന്ന ഇടമായതു കൊണ്ടാണ് ..
വെളിയവും പി.കെ വി യും ചന്ദ്രപ്പനുമൊക്കെ വരച്ചു കാണിച്ച ലാളിത്യവും നൈര്‍മ്മല്യവും ആഡംബരമില്ലായ്മയും വാൻ ഗോഗിന്റെയും ഡാവിഞ്ചിയുടേയും ചിത്രങ്ങള്‍ പോലെ വെറുതെ കണ്ടാസ്വദിച്ച് ആഡംബരത്തിലലിഞ്ഞു ചേരുമ്പോള്‍ ചിതലരിക്കുന്നത്എം എൻ സ്മാരകത്തിന്റെ കല്‍ചുമരുകള്‍ക്ക് മാത്രമല്ല... സാധാരണ സഖാക്കളുടെ പ്രതീക്ഷകള്‍ക്കു കൂടിയാണ്...
ശീതീകരിച്ച മുറികളില്‍ കഴിയുന്നവരുടെ ക്ഷേമങ്ങള്‍ക്ക് വേണ്ടിയാണ് കമ്മ്യൂണിസ്റ്റായതെങ്കില്‍ കൃഷ്ണപിള്ളയ്ക്കൊരിക്കലും കൂടിലില്‍ നിന്നും പാമ്പ് കടിയേറ്റ് മരിക്കേണ്ടി വരില്ലായിരുന്നു.
ശീതീകരിച്ച മുറികളില്ലാത്ത അക്കാലത്തെ നേതാക്കളായി ഇന്നിന്റെ നേതാക്കള്‍ മാറണമെന്ന് ചിന്തിക്കുന്നവരല്ല സാധാരണ ജനങ്ങള്‍ ...പക്ഷെ കൃഷ്ണ പിള്ളയെയും മറ്റും കണ്ട് കമ്യൂണിസ്റ്റായ വെളിയവും പി കെ വിയും ചന്ദ്രപ്പനുമൊക്കെ യാത്ര പറഞ്ഞിട്ട് അധികമായില്ലെന്ന ഓര്‍മ്മകള്‍ ഇല്ലാതാകുന്നിടത്താണ് പ്രമാണിമാരും പൗര പ്രമുഖരും പിറവി എടുക്കുന്നത്...
അരപട്ടിണിക്കാരായ സാധാരണക്കാരുടെ കൂടി നികുതി പണത്തിനാല്‍ ശീതീകരിച്ച മുറികളില്‍ വിരുന്നുണ്ണാനെത്തുന്ന പ്രമാണിമാരെയും പൗരപ്രമുഖരെയും കണ്ട് കോള്മയിര് കൊള്ളുന്ന ഒരു പുതിയ ലോകത്തിനായല്ല പാറപ്പുറത്തെ മണല്‍ തരികള്‍ക്ക് മുകളില്‍ ചുവപ്പിന്റെ ആദ്യ തിരശ്ശീല ഉയര്‍ന്നത്
പ്രളയകാലത്തും ദുരന്ത കാലത്തും പട്ടിണി മറന്ന് ആടിനെ വിറ്റ കാശ് നാടിന് കൊടുത്ത സുബൈദ മുതല്‍ നൗഷാദ് വരെയുള്ളവര്‍ മനുഷ്യരെ പ്രണയിച്ചപ്പോള്‍.. സ്വന്തം സമ്പാദ്യങ്ങള്‍ കൈവിടാത്തവര്‍ പ്രമാണിമാരും പൗര പ്രമുഖരുമായി നികുതി പണത്തിന്റെ പൊലിമയില്‍ മറ്റൊരു ലോകം പണിയുമ്പോള്‍ ചിതലരിക്കാൻ പോലും പ്രതീഷകളില്ലാത്ത നിഴലായി മാറുകയാണ് സാധാരണക്കാര്‍ ...
' അധികാരം' എന്ന നാലക്ഷരത്തിന് 'ആഡംബരം' എന്ന നാലക്ഷരം അകമ്പടി ചേരുമ്പോള്‍ ദുരിത കാലവും ദുരന്ത കാലവും ഏതെന്ന് തിരിച്ചറിയാനാവാതെ എം.എൻ സ്മാരകം നോക്കി..പോയ കാലത്തെ ഓര്‍മ്മകള്‍ തുന്നി കെട്ടുകയാണ് സാധാരണക്കാര്‍
ശീതീകരിച്ച മുറികളില്‍ നിന്നിറങ്ങി വന്ന് തട്ടുകടക്ക് മുന്നില്‍ നിന്നും സെല്‍ഫി എടുത്ത് സ്വയം നന്മമരമായി മാറുന്നവരല്ല എം എൻ സ്മാരകത്തിന് ലാളിത്യത്തിന്റെ മുഖം നല്‍കേണ്ടത് ...സന്യാസി ആയി കമ്മ്യൂണിസ്റ്റായ വെളിയം ഭാര്ഗ്ഗവൻ ജീവിച്ച ഇടമാണിതെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ്....
വീട്ടിലൊരു എം.പി ഉണ്ടായിരുന്നത് കൊണ്ട് എം.പി ആയാല്‍ ആഗ്രഹിക്കാതെ വന്നു ചേരുന്ന സൗഭാഗ്യങ്ങളെ കുറിച്ച് നന്നായറിയാം ...പക്ഷെ സാധാരണക്കാരന്റെ വിയര്‍പ്പില്‍ നെയ്ത ഉടുപ്പാണ് എം പി സ്ഥാനവും എം എല്‍ എ സ്ഥാനവും എന്നത് മറക്കുമ്പോള്‍... പ്രമാണിമാരും പ്രമുഖരുമല്ലാത്തവര്‍ മുഖമില്ലാത്ത വെറും മനുഷ്യര്‍ മാത്രമായി തീരും .
മുഖമില്ലാത്ത ആ മനുഷ്യര്‍ക്ക് മുന്നില്‍ മുഖം തിരിക്കാത്ത ഒര് എം.എൻ സ്മാരകം ....കോടികളുടെ ആഘോഷമല്ല കുടിലുകളിലെ ആനന്ദമാണ് വലുത് എന്നു തിരിച്ചറിയുന്നവര്‍ അന്തേവാസികളായ ഒരു എം എൻ സ്മാരകം അതാണ് സാധാരണക്കാരന്റെ പതിരില്ലാത്ത സ്വപ്നം ....
(തുറന്നെഴുതലുകള്‍ ഒറ്റപ്പെടുത്താം...പക്ഷെ ഒറ്റപ്പെടലുകള്‍ക്കിടയിലും പതിരില്ലാതെ പറഞ്ഞ് കൊണ്ടേയിരിക്കും)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.