ആലപ്പുഴ: എഐ ക്യാമറയ്ക്ക് മുന്നില്‍ അഭ്യാസം കാണിക്കുന്ന വിരുതൻമാരെ മോട്ടോര്‍ വാഹന വകുപ്പ് വീട്ടില്‍ വന്ന് പൊക്കിത്തുടങ്ങി.
ആലപ്പുഴയില്‍ രണ്ട് യുവാക്കളാണ് കഴിഞ്ഞദിവസം കുടുങ്ങിയത്. ഇരുവരുടെയും ലൈസൻസ് റദ്ദാക്കുകയും വൻ തുക പിഴ ഈടാക്കുകയും ചെയ്തു.
ഹെല്‍മറ്റും മതിയായ രേഖകളുമില്ലാതെ ക്യാമറയെ കോക്രികാട്ടുന്നത് പതിവാക്കിയ വിരുതൻമാരാണ് ഇവര്‍. വാഹനത്തിന്റെയും ഓടിക്കുന്നവരുടെയും പിന്നിലിരിക്കുന്നവരുടെയും ഫോട്ടോകള്‍ പൊതുജനസഹായത്തോടെ തിരിച്ചറിഞ്ഞാണ് പൊലീസിന്റെ നടപടി.
സ്ഥിരം പ്രശ്നക്കാരായ നൂറ്റമ്പതോളം പേരുടെ ഫോട്ടോയും വീഡിയോയും എൻഫോഴ്സ്മെന്റ് സ്ക്വാഡിന് കൈമാറിയതായിട്ടാണ് അറിയുന്നത്.
ഹെല്‍മറ്റിന്റെ സ്ട്രാപ്പ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാത്തതിന് പിഴ ചുമത്തിയ കേസുകളില്‍ ലഭിക്കുന്ന അപ്പീലുകളും നിരവധിയാണ്. താടിയുടെയും മഴക്കോട്ടിന്റെയും മറവില്‍ ക്യാമറയില്‍പ്പെടാതെ പോയ ഹെല്‍മറ്റിന്റെ സ്ട്രാപ്പും സാരിയുടെ പ്ലീറ്റിലും ചുരിദാര്ഷാളിലും മറഞ്ഞുപോയ സീറ്റ് ബെല്‍റ്റുമാണ് പലര്‍ക്കും വിനയായത്. 249 അപ്പീലുകളാണ് നിലവിലുള്ളത്.
ഐ ഐ ക്യാമറയ്ക്ക് മുന്നില്‍ അഭ്യാസം കാട്ടിയാല്‍..
1.ലൈസൻസ് റദ്ദാക്കും. വലിയ തുക പിഴയായി ഈടാക്കുകയും ചെയ്യും
2.ഫോട്ടോകളില്‍ നിന്ന് ആളുകളെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടും
3.കുടുങ്ങുന്നത് കൈപ്പത്തികൊണ്ടും മറ്റും നമ്പര്‍ പ്ളേറ്റ് മറച്ചുവച്ച് പോകുന്നവര്‍
4. പിന്നിലിരുന്ന് ചുരിദാറിന്റെ ഷാളുകൊണ്ട് നമ്പര്‍ മറയ്ക്കുന്ന സ്ത്രീകളും കുടുങ്ങും
എഴുന്നേറ്റ് നിന്ന് 'ബഹുമാനിച്ച' യുവാവും പിടിയില്‍
എഐ ക്യാമറയുള്ള സ്ഥലങ്ങളിലെല്ലാം എഴുന്നേറ്റ് നിന്ന് ബൈക്കോടിച്ച സ്ഥിരം കുറ്റവാളിയായ കായംകുളം സ്വദേശിയും ആഴ്ചകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ പിടിയിലായി.
ഐക്യജംഗ്ഷനിലെ ക്യാമറയ്ക്ക് മുന്നിലാണ് ഈ യുവാവ് ഏറ്റവും ഒടുവില്‍ 'ബഹുമാനം' പ്രകടിപ്പിച്ചത്. കെപി റോഡിലെ ക്യാമറയ്ക്ക് മുന്നിലും ഓച്ചിറയിലും മൂന്നുതവണ ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ എഴുന്നേറ്റ് നിന്ന് അഭ്യാസം കാട്ടിയിരുന്നു.
ആലപ്പുഴയില്‍ 1.34 കോടി പിഴ
ജൂണ്‍ മുതല്‍ ഓണം വരെ ആലപ്പുഴയില്‍ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ 1.34 കോടി രൂപയാണ് പിഴയീടാക്കിയത്. സെപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളിലെ നിയമ ലംഘനങ്ങള്‍ തിട്ടപ്പെടുത്തിവരികയാണ്.
സ്ഥിരംകുറ്റവാളികളെ ഉടൻ പൊക്കാനാണ് തീരുമാനമെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു. പിഴ ഒടുക്കാത്തവരെ പൊല്യൂഷൻ പുതുക്കാൻ അനുവദിക്കില്ലെന്ന തീരുമാനം വന്നതോടെ പിഴ ഈടാക്കല്‍ കാര്യക്ഷമമാകും.
ആലപ്പുഴയില്‍ സ്ഥിരം പ്രശ്നക്കാരായ ഒരു ഡസനോളം പേര്‍ക്കെതിരെ അന്വേഷണം നടന്നുവരികയാണെന്നും എംവിഡി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.