ചെന്നൈ: "ബില്ലുകള്‍ തടഞ്ഞുവയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സ്റ്റാലിന്" തമിഴ്നാട്ടില്‍ ഗവര്‍ണര്‍ തിരിച്ചയച്ച പത്ത് ബില്ലുകള്‍ വീണ്ടും പാസാക്കി നിയമസഭ. ഐകകണ്ഠേനയാണ് ബില്ല് പാസാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ ചാന്‍സലര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തി ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനാണ് ബില്ലുകള്‍ ലക്ഷ്യമിടുന്നത്. ഇതാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കാതെ വെച്ചിരിക്കുന്നത്.
നിയമം, കൃഷി, ഉന്നത വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ബില്ലുകള്‍ നവംബര്‍ 13 ന് ഗവര്‍ണര്‍ തിരിച്ചയച്ചതിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക സിറ്റിംഗിലാണ് പാസാക്കിയത്. പ്രധാന പ്രതിപക്ഷമായ എ ഐ എ ഡി എം കെയും ബി ജെ പിയും നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഒരു കാരണവുമില്ലാതെ ബില്ലുകള്‍ തടഞ്ഞുവയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സ്റ്റാലിന് നിയമസഭയില്‍ പറഞ്ഞു.
തന്റെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ കണക്കിലെടുത്താണ് അദ്ദേഹം ബില്ലുകള്‍ തിരികെ നല്‍കിയത്. സമ്മതം നല്‍കാത്തത് ജനാധിപത്യ വിരുദ്ധവും ജനവിരുദ്ധവുമാണ് എന്നും സ്റ്റാലിന് പറഞ്ഞു. ബില്ലുകള്‍ വീണ്ടും നിയമസഭയില്‍ പാസാക്കി അദ്ദേഹത്തിന് അയച്ചാല്‍ ഗവര്‍ണര്‍ക്ക് അനുമതി നിഷേധിക്കാനാവില്ലെന്നും സ്റ്റാലിൻ. ബി ജെ പി സംസ്ഥാനങ്ങളെ ഗവര്‍ണര്‍മാരിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും സ്റ്റാലിന് ആരോപിച്ചു. നിയമനിര്‍മ്മാണത്തില്‍ നിന്ന് സഭയെ തടയാന്‍ കഴിയുന്ന ഒരു 'ശക്തി' ഉയര്‍ന്നുവന്നാല്‍ അത് ജനാധിപത്യത്തെ സാരമായി ബാധിക്കുമെന്നും ഇതില്‍ താന്‍ ആശങ്കപ്പെടുന്നതായും സ്റ്റാലിന് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുള്ള ഒരു സഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കേണ്ടത് ഗവര്‍ണറുടെ കടമയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ അദ്ദേഹത്തിന് സര്‍ക്കാരില്‍ നിന്ന് നിയമപരമോ ഭരണപരമോ ആയ വിശദീകരണം തേടാമെന്നും സ്റ്റാലിന് പറഞ്ഞു.
കാരണം പറയാതെ ആര്‍എന്‍ രവി തിരിച്ചയച്ച ബില്ലുകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള പ്രമേയം മുഖ്യമന്ത്രി എം കെ സ്റ്റാലിന് അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 2020 ലും 2023 ലും 2 ബില്ലുകള്‍ വീതമാണ് നിയമസഭ അംഗീകരിച്ചിരുന്നത്. 2022 ല്‍ ആറ് ബില്ലുകള്‍ പാസാക്കി. ഡി എം കെ സര്‍ക്കാരും തമിഴ്നാട് ഗവര്‍ണറും തമ്മില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി തര്‍ക്കത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.