തിരുവനന്തപുരം, നവംബര്‍ 24, 2023: തലച്ചോറില്‍ അന്യൂറിസം ബാധിച്ച് ഗുരുതരവസ്ഥയിലായിരുന്ന രോഗിയില്‍ നൂതന ചികിത്സ വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം.
തലച്ചോറിലെ രക്തക്കുഴലുകളില്‍ ഒരു ബലൂണ്‍ പോലെ വീക്കമുണ്ടാകുന്ന അവസ്ഥയാണ് അന്യൂറിസം. ഇത്തരം രോഗികളില്‍ അന്യൂറിസം വലുതാവുകയും കാലക്രമേണ അത് പൊട്ടി ബ്രെയിൻ ഹെമറേജ് എന്ന ഗുരുതരാവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യാം. രാജ്യത്ത് ആദ്യമായാണ് 'ട്രെൻസ' ഉപകരണത്തിന്റെ സഹായത്തോടെ ഇൻട്രാസാക്കുലാര്‍ ഫ്ലോ ഡൈവേര്‍ഷൻ ചെയ്യുന്നത്.
ഒരു വര്‍ഷമായി വിട്ടുമാറാത്ത തലവേദനയെത്തുടര്‍ന്നാണ് തമിഴ്‌നാട് സ്വദേശിയായ 67-കാരൻ കിംസ്ഹെല്‍ത്തിലെത്തുന്നത്.
തുടര്‍ന്ന് നടത്തിയ എംആര്‍ഐ, ഡിജിറ്റല്‍ സബ്‌ട്രാക്ഷൻ ആൻജിയോഗ്രാഫി (ഡിഎസ്‌എ) പരിശോധനകളില്‍ തലയുടെ ഇടത് വശത്തായി ഒരു മിഡില്‍ സെറിബ്രല്‍ ആര്‍ട്ടറി (എംസിഎ) ബൈഫര്‍ക്കേഷൻ അന്യൂറിസം കണ്ടെത്തുകയായിരുന്നു.
രോഗാവസ്ഥയും അന്യൂറിസത്തിന്റെ സ്ഥാനവും പരിഗണിച്ച്, വസ്ത്രങ്ങളുടെ പ്രതലത്തോട് സാമ്യമുള്ള 'ട്രെൻസ' എന്ന ഉപകരണം ഉപയോഗിച്ച് 'ഫ്ലോ ഡൈവേര്‍ഷൻ' ചികിത്സ നടത്താൻ മെഡിക്കല്‍ സംഘം തീരുമാനിച്ചു.
അരയ്ക്ക് താഴ്ഭാഗത്തായി ഗ്രോയിനില്‍ ചെറിയ മുറിവുണ്ടാക്കി സിരയിലൂടെ രക്തധമനിയിലേക്ക് മൈക്രോകത്തീറ്ററിന്റെ സഹായത്തോടെ 'ട്രെൻസ' കടത്തിവിട്ട് അതുവഴി അന്യൂറിസത്തിലേക്കുള്ള രക്തപ്രവാവം വഴി തിരിച്ചു വിടുകയും അന്യൂറിസം സ്തംഭനാവസ്ഥയിലാകുകയും ചെയ്യുന്നു.
കൂടുതല്‍ വ്യക്തവും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതുമായതിനാല്‍ തന്നെ ട്രെൻസ ഉപയോഗിച്ചുള്ള ഇൻട്രാസാക്കുലാര്‍ ഫ്ലോ ഡൈവേര്‍ഷൻ കൂടുതല്‍ സുരക്ഷിതമാണിതെന്ന് പ്രൊസീജിയറിന് നേതൃത്വം നല്‍കിയ ന്യൂറോ ഇന്റെര്‍വെൻഷണല്‍ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും ക്ലിനിക്കല്‍ ലീഡുമായ ഡോ. സന്തോഷ് ജോസഫ് പറഞ്ഞു.
സെറിബ്രല്‍ ആര്‍ട്ടറി ബൈഫര്‍ക്കേഷൻ പോലുള്ള രോഗാവസ്ഥകളില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന സാങ്കേതികവിദ്യയാണിതെന്നും തലച്ചോറിന്റെ ചില നിര്‍ണായക ഭാഗങ്ങളില്‍ വലുതും സങ്കീര്‍ണ്ണവുമായ അന്യൂറിസത്തെ ചികിത്സിക്കാൻ ട്രെൻസ ഉപയോഗിക്കുന്നത് ഫലപ്രദമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രോഗി സുഖം പ്രാപിച്ചുവെന്നും തൊട്ടടുത്ത ദിവസം തന്നെ ഡിസ്ചാര്‍ജുണ്ടാവുമെന്നും ഡോ. സന്തോഷ് ജോസഫ് കൂട്ടിച്ചേര്‍ത്തു.
ന്യൂറോ ഇന്റര്‍വെൻഷണല്‍ റേഡിയോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. മനീഷ് കുമാര്‍ യാദവ്, അസ്സോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. ദിനേശ് ബാബു, ന്യൂറോഅനസ്തേഷ്യ വിഭാഗം അസ്സോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. ജയന്ത് ആര്‍ ശേഷൻ എന്നിവരും രണ്ട് മണിക്കൂര്‍ നീണ്ട് നിന്ന പ്രൊസീജിയറിന്റെ ഭാഗമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.