കണ്ണൂർ: ലൈഫ് പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന് മുന്നോടിയായി കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫിനെ തകര്‍ക്കാൻ ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടാൻ ശ്രമിക്കരുത്.എത്രവലിയ വെല്ലുവിളികള്‍ വന്നാലും ലൈഫ് പദ്ധതിയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭവനരഹിതരില്ലാത്ത കേരളമെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാൻ പ്രതിജ്ഞാബദ്ധതയോടെയാണ് മുന്നോട്ടു പോകുന്നത്. ലൈഫ് മിഷൻറെ ഭാഗമായി ഈ സാമ്പത്തികവര്‍ഷം 71,861 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാൻ ആണ് ലക്ഷ്യമിട്ടിരുന്നതെന്നും എന്നാല്‍ 1,41,257 വീടുകളാണ് നിര്‍മ്മാണത്തിനായി കരാര്‍ വച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതില്‍ 15,518 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ലൈഫ് മിഷൻ തകര്‍ന്നു എന്നു ബോധപൂര്‍വം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ലക്ഷ്യമിട്ടതിലും ഇരട്ടി വീടുകളുടെ നിര്‍മ്മാണം നടക്കുകയാണെന്ന യാഥാര്‍ത്ഥ്യം.
എല്ലാവരും സുരക്ഷിതമായ പാര്‍പ്പിടത്തില്‍ ജീവിക്കണം എന്ന ലക്ഷ്യബോധമാണ് ലൈഫ് മിഷൻറെ രൂപീകരണത്തിലേക്കെത്തിച്ചത്. ആ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തില്‍ ഉണ്ടാകുന്ന ഓരോ തടസ്സവും ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
പി എം എ വൈ ഗ്രാമീണ്‍ പദ്ധതിയില്‍ 2020-21നു ശേഷം കേന്ദ്രം ടാര്‍ഗറ്റ് നിശ്ചയിച്ചു നല്‍കിയിട്ടില്ലാത്തതിനാല്‍ മൂന്ന് വര്‍ഷമായി ആ പട്ടികയില്‍ നിന്നും പുതിയ വീടുകളൊന്നും അനുവദിക്കാൻ കഴിഞ്ഞിട്ടില്ല. ഈ നിലപാട് തിരുത്താൻ കേന്ദ്രം തയ്യാറാകുന്നില്ല.
കേരളത്തില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ എണ്ണം 2,36,670 ആണ്. ഇതില്‍ 36,703 വീടുകള്‍ക്കുള്ള സഹായമാണ് ഇതിനകം കേന്ദ്രം അനുവദിച്ചത്. ഇതില്‍ 31,171ഉം പൂര്‍ത്തിയായിട്ടുണ്ട്. ഓരോ വര്‍ഷവും കേന്ദ്രം തീരുമാനിക്കുന്ന എണ്ണം അനുസരിച്ചാണ് വീടുകള്‍ അനുവദിക്കുന്നത്.
കേരളത്തിന് അനുവദിക്കുന്ന സഹായം കൃത്യമായി വിതരണം ചെയ്യാൻ എല്ലാ നടപടികളും സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ വീടുകള്‍ കേന്ദ്രം അനുവദിക്കുന്നില്ല എന്നതാണ് വസ്തുത എന്നും അദ്ദേഹം വ്യക്തമാക്കി.
വീടൊന്നിന് 72,000 രൂപയാണ് ഗ്രാമീണ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. ഇത് 4,00,000 രൂപയാക്കി കേരളം വിതരണം ചെയ്യുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ആ വാര്‍ത്തയില്‍ പറഞ്ഞത് 2,10,000 രൂപ കേന്ദ്ര വിഹിതം എന്നാണ്.
പി എം എ വൈ ഗ്രാമീണില്‍ 260.44 കോടി കേരളത്തിന് ലഭിക്കേണ്ടതില്‍ 187.5 കോടിയാണ് കിട്ടിയത്. ഇതില്‍ 157.58 കോടി ചിലവാക്കിയിട്ടുണ്ട്. നിലവില്‍ അനുവദിക്കപ്പെട്ട വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നതിനു അനുസരിച്ച്, ബാക്കി തുകയും വിതരണം ചെയ്യും.
അനുവദിക്കുന്ന വീടുകള്‍ക്ക് തന്നെ കടുത്ത നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്ന സ്ഥിതിയാണുള്ളത്. പി എം എ വൈ ഗുണഭോക്താവാണെന്ന വലിയ ബോര്‍ഡ് വെക്കണമെന്ന നിബന്ധന ഉള്‍പ്പെടെ വരുന്നുണ്ട്.
മനുഷ്യരുടെ അടിസ്ഥാന ആവശ്യമാണ് പാര്‍പ്പിടം. അതും കേന്ദ്രസര്‍ക്കാരിൻറേയും പ്രധാനമന്ത്രിയുടേയും പരസ്യത്തിനുപയോഗിക്കണമെന്ന് വാശി പിടിക്കുന്നത് നല്ല കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം കേരളത്തിനുള്ള ഫണ്ട് വിഹിതം നിരന്തരം തടഞ്ഞില്ലെങ്കില്‍ ഈ സമയത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോട് അടുക്കാൻ കഴിയുന്ന സ്ഥിതി വരുമായിരുന്നു. ഫണ്ട് തടഞ്ഞും, അനാവശ്യ നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ചും മറ്റെല്ലാ മാര്‍ഗങ്ങളുപയോഗിച്ചും ലൈഫ് മിഷനെ തകര്‍ക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്രിക്കറ്റ് ലോകകപ്പ് നേടിയ ഓസ്‌ട്രേലിയൻ ടീമിനെ അഭിനന്ദിച്ച മുഖ്യമന്ത്രി ടീം ഇന്ത്യയ്ക്ക് തിരിച്ചുവരവും ആശംസിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നടത്തിയ നവകേരള സദസില്‍ തിരക്കു കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറച്ച് വേദികളില്‍ നിവേദനങ്ങള്‍ നല്‍കാനുള്ള സംവിധാനം ഒരുക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുമായി 14232 നിവേദനങ്ങളാണ് ലഭിച്ചത്. മഞ്ചേശ്വരത്തു 1908 ഉം കാസര്‍ഗോഡ് 3451ഉം ഉദുമയില്‍ 3733ഉം കാഞ്ഞങ്ങാട് 2840ഉം തൃക്കരിപ്പൂര്‍ 23000ഉം ആണ് ലഭിച്ചത്.
നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂര്‍ മുൻപു തന്നെ നിവേദനങ്ങള്‍ സ്വീകരിച്ചു തുടങ്ങും. ഇവ മുഴുവനും സ്വീകരിക്കുന്നതു വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. നിവേദനം സമര്‍പ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൗണ്ടറുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
മുതിര്‍ന്ന പൗരൻമാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. ലഭിക്കുന്ന നിവേദനങ്ങളും പരാതികളും വേഗത്തില്‍ തീര്‍പ്പാക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്.
നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി www.navakeralasadas.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അറിയാനാകും. രസീത് നമ്ബരോ പരാതിയിലുള്ള മൊബൈല്‍ നമ്പറോ നല്‍കിയാല്‍ മതി. പരാതികളില്‍ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതല്‍ നടപടിക്രമം ആവശ്യമെങ്കില്‍ പരമാവധി നാലാഴ്ചയ്ക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥര്‍ തീരുമാനം എടുക്കും.
സംസ്ഥാനതലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയങ്ങളില്‍ ജില്ലാ ഓഫീസര്‍മാര്‍ വകുപ്പ്തല മേധാവി മുഖേന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത്തരം പരാതികള്‍ 45 ദിവസത്തിനകം തീര്‍പ്പാക്കും. അപേക്ഷകന് ഇടക്കാല മറുപടിയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടു ദിവസത്തെ അനുഭവം മുൻ നിര്‍ത്തി ഇന്ന് മുതല്‍ ഓരോ കേന്ദ്രത്തിലും നവകേരള സദസ്സിൻറെ വേദികളോടനുബന്ധിച്ച് നിവേദനങ്ങളും പരാതികളും സ്വീകരിക്കുന്ന ഇരുപതു കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.