ന്യൂഡൽഹി: കേരളത്തിലെ സമൃദ്ധമായ തോറിയം നിക്ഷേപം ഉപയോഗപ്പെടുത്തി ആണവ വൈദ്യുതിനിലയസാധ്യത സജീവമാക്കി കേരളം.
തമിഴ്നാട്ടിലെ കൽപാക്കം തീരത്ത് 32 മെഗാവാട്ടിന്റെ ആണവനിലയം ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ (ബാർക്) സ്ഥാപിച്ചതാണ് കേരളത്തിന് പ്രചോദനം. കേരളത്തിലെ ഉന്നതതല ഉദ്യോഗസ്ഥസംഘം ഈമാസം അവസാനം ബാർക് മേധാവിയുമായി കൂടിക്കാഴ്ച നടത്തും.
കഴിഞ്ഞദിവസം കേന്ദ്ര ഊർജമന്ത്രി ആർ.കെ. സിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിൽ തോറിയം അധിഷ്ഠിത ആണവനിലയത്തിനുള്ള സാധ്യത പരിശോധിക്കണമെന്ന് സംസ്ഥാന വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി അഭ്യർഥിച്ചിരുന്നു.
കേരളം ഉന്നയിച്ച ആവശ്യങ്ങളോട് അനുഭാവപൂർണമായ സമീപനമാണ് കേന്ദ്രത്തിന്റേതെന്ന് മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.കേരളത്തിൽ കൂടുതൽ തോറിയം നിക്ഷേപമുള്ളത് ചവറതീരത്തെ കരിമണലിലാണ്. കായംകുളം എൻ.ടി.പി.സി. നിലയത്തിന്റെ കൈവശം 1180 ഏക്കർ ഭൂമിയുമുണ്ട്.
ഈ ഭൂമി ഉപയോഗിക്കുന്നില്ല. 385 മെഗാവാട്ട് ശേഷിയുള്ള കായംകുളം താപവൈദ്യുത നിലയത്തിൽനിന്ന് നിലവിൽ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നില്ല. ഈ ഭൂമി ഉപയോഗപ്പെടുത്തി ചെറുകിട തോറിയം ആണവ പ്ലാന്റുകൾ സ്ഥാപിക്കാനാണ് വൈദ്യുതി ബോർഡിന്റെ ആലോചന.
32 മെഗാവാട്ട് ശേഷിയുള്ള കൽപാക്കം നിലയം മികച്ച മാതൃകയായാണ് വിലയിരുത്തുന്നത്. അപകടസാധ്യതയും ആണവമാലിന്യവും കുറയ്ക്കാൻ സുരക്ഷാസംവിധാനങ്ങളൊരുക്കിയാണ് ബാർക് കൽപാക്കം നിലയം സജ്ജീകരിച്ചിരിക്കുന്നത്.
30 മുതൽ 50 മെഗാവാട്ട് വരെ വൈദ്യുതിശേഷിയുള്ള ചെറുകിട നിലയങ്ങൾ അപകടസാധ്യത കുറയ്ക്കും. ഇതിന് എൻ.ടി.പി.സി.യുടെ കൈവശമുള്ള 1180 ഏക്കറിൽ നിന്ന് 500-600 ഏക്കർ ഭൂമി മതിയാകും.
കൂടംകുളം ആണവനിലയത്തോട് സി.പി.എമ്മോ കേരളത്തിലെ ഇടതുസർക്കാരോ നയപരമായ എതിർപ്പുയർത്തിയിട്ടില്ല. കൂടംകുളം നിലയത്തിൽനിന്നുള്ള വൈദ്യുതിവിഹിതം കേരളം ഉപയോഗിക്കുന്നുമുണ്ട്.
കേരളതീരത്ത് രണ്ടുലക്ഷം ടൺ തോറിയം നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്. കൽപാക്കത്തുള്ളത് ഇന്ത്യയിലെ ആദ്യത്തെ തോറിയം അധിഷ്ഠിത ആണവനിലയ പരീക്ഷണമാണ്.
ലോകത്തെ തോറിയം ശേഖരത്തിന്റെ 30 ശതമാനവും കേരള കടൽത്തീരത്താണ്. യുറേനിയം 35 റിയാക്ടറിൽ തോറിയം നിക്ഷേപിച്ച് പ്രവർത്തിപ്പിച്ചാൽ യുറേനിയം 233 ഐസോടോപ്പ് ലഭ്യമാകും. ഇതിനെ ശുദ്ധീകരിച്ച് കൃത്രിമമായി ആണവോർജം ഉത്‌പാദിപ്പിക്കാം.
ധാരാളം തോറിയം ശേഖരമുള്ളതുകൊണ്ടുതന്നെ ഊർജോത്‌പാദനത്തിന് ചെലവും കുറയും. ന്യൂക്ലിയർ ഫിഷൻതന്നെയാണ് ഇവിടത്തെ പ്രക്രിയ. ആണവറിയാക്ടറുകളെല്ലാം ശക്തമായ സുരക്ഷാകവചത്തോടെ ഒരുക്കുന്നതായതിനാൽ പാരിസ്ഥിതികമായോ അല്ലാതെയോ ഉള്ള ആശങ്കവേണ്ടാ
-ഡോ. എം.ആർ. അയ്യർ, യു.എൻ. അന്താരാഷ്ട്ര ആറ്റമിക് എനർജി ഏജൻസിയിലെ ന്യൂക്ലിയർ സുരക്ഷാവിഭാഗം മുൻ ഇൻസ്പെക്ടർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.