കൊച്ചി: കോട്ടയത്തു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിനെ അഭിഭാഷകർ അസഭ്യം പറഞ്ഞ സംഭവത്തിൽ ദൃശ്യങ്ങൾ ഹൈക്കോടതി തുറന്ന കോടതിയിൽ പരിശോധിച്ചു.
അഭിഭാഷകർക്കെതിരായ കേസ് നാളെ പരിഗണിക്കും. സംഭവത്തിൽ കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.എ. പ്രസാദ്, സെക്രട്ടറി അഡ്വ. ടോമി.കെ. ജയിംസ് എന്നിവരുൾപ്പടെ 29 അഭിഭാഷകർക്കെതിരെ ഹൈക്കോടതി സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യക്കേസെടുത്തിരുന്നു.മജിസ്ട്രേട്ടിനെതിരെയുള്ള പ്രതിഷേധത്തിന്റെയും മുദ്രാവാക്യം വിളികളുടെയും ദൃശ്യങ്ങളും മജിസ്ട്രേട്ട് നൽകിയ റിപ്പോർട്ടും പരിഗണിച്ചാണു ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.
അഭിഭാഷകർക്കെതിരെയുള്ള ആരോപണം ഗൗരവമുള്ളതാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കേരള ബാർ കൗൺസിൽ നേരത്തേ സമിതിയെ നിയോഗിച്ചിരുന്നു.
വ്യാജരേഖ ചമച്ച സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് അഭിഭാഷകനായ എം.പി. നവാബിനെതിരെ മജിസ്ട്രേട്ടിന്റെ നിർദേശപ്രകാരം കേസെടുത്തതായിരുന്നു അഭിഭാഷകരെ പ്രകോപിപ്പിച്ചത്.
പിന്നാലെ വനിതാ മജിസ്ട്രേട്ടിനെ അപമാനിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളുമായി അഭിഭാഷകർ കോട്ടയം കോടതി കോംപ്ലക്സിൽ പ്രതിഷേധ പ്രകടനം നടത്തി.
‘പോ പുല്ലേ, പോടീ പുല്ലേ... പോടീ പുല്ലേ സിജെഎമ്മേ...’, ‘ആളിക്കത്തിപ്പടരും തീയിൽ സിജെഎം തുലയട്ടെ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.