അബുദാബി :ഇന്ത്യയിൽ 5000 കോടി ഡോളർ നിക്ഷേപിക്കാൻ യുഎഇ. യുഎഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായ ഇന്ത്യയിലെ നിക്ഷേപം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
അബുദാബി ഇൻവസ്റ്റ്‌മെന്റ് അതോറിറ്റി, മുബദല ഇൻവെസ്റ്റ്‌മെന്റ്, എഡിക്യു തുടങ്ങിയ കമ്പനികളാണ് നിക്ഷേപം നടത്തുക. വിശദാംശങ്ങൾ അടുത്ത വർഷം ആദ്യം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിക്കും.കഴിഞ്ഞ ജൂലൈയിൽ യുഎഇയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷെയ്ഖ് മുഹമ്മദും നടത്തിയ ചർച്ചയെ തുടർന്നാണ് കൂടുതൽ മേഖലകളിൽ നിക്ഷേപത്തിന് യുഎഇ സന്നദ്ധത പ്രകടിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം 10,000 കോടി ഡോളറായി ഉയർത്താനും പദ്ധതിയുണ്ട്.
സെപ വന്നതോടെ നിക്ഷേപക്കുതിപ്പ് ഇന്ത്യ–യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) ഒപ്പു വച്ചശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നിക്ഷേപത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്.
2022ലെ കണക്കുപ്രകാരം ഇന്ത്യയിലെ യുഎഇ നിക്ഷേപം ഏകദേശം 5650 കോടി ദിർഹമാണ്. പുനരുപയോഗ ഊർജം, ടെലികോം, അടിസ്ഥാന സൗകര്യ വികസനം, ഭവന നിർമാണം, സ്റ്റാർട്ടപ്പ് തുടങ്ങി വ്യത്യസ്ത മേഖലകളിലാണ് നിക്ഷേപിച്ചത്.
സാമ്പത്തികം, തുറമുഖം, ലോജിസ്റ്റിക്‌സ്, കയറ്റുമതി, ഭക്ഷ്യസുരക്ഷ, കൃഷി, ഐടി എന്നിവയാണ് ഇന്ത്യയിൽ യുഎഇ ഉറ്റുനോക്കുന്ന മറ്റു മേഖലകൾ. സംശുദ്ധ ഊർജം, ബഹിരാകാശം തുടങ്ങിയ മേഖലാ സഹകരണവും ശക്തിപ്പെടുത്തും.
അദാനി ഗ്രൂപ്പിന്റെ 3 കമ്പനികളിലായി അബുദാബി ആസ്ഥാനമായുള്ള ഇന്റർനാഷനൽ ഹോൾഡിങ് കമ്പനി (ഐഎച്ച്‌സി) 15,000 കോടിയിലേറെ രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗുജറാത്തിലെ കാണ്ടലയിൽ ട്യൂണ-ടെക്ര മെഗാ കണ്ടെയ്‌നർ ടെർമിനൽ വികസിപ്പിക്കാൻ യുഎഇയിലെ ഡിപി വേൾഡ് 51 കോടി ഡോളർ നിക്ഷേപിക്കുമെന്ന് ഓഗസ്റ്റിലാണ് പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ കണ്ണട റീട്ടെയ്ൽ കമ്പനിയായ ലെൻസ്കാർട്ടിൽ അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (എഡിഎഎ) 35 മുതൽ 40 കോടി ഡോളർ വരെ നിക്ഷേപിക്കാനുള്ള ചർച്ചകളും സജീവമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.