ചെന്നൈ: തൂത്തുക്കുടിയിൽ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെയും യുവതിയെയും വീട്ടിൽകയറി വെട്ടിക്കൊന്നു. തുത്തുക്കുടി മുരുകേശൻ നഗറിലെ മാരിശെൽവൻ (25), കാർത്തിക (22) എന്നിവരാണ് കൊല്ലപ്പെട്ടത്.
രണ്ടുവർഷമായി അടുപ്പത്തിലായിരുന്ന ഇരുവരും മൂന്നുദിവസം മുമ്പാണ് രജിസ്റ്റർവിവാഹം കഴിച്ചത്. വിവാഹത്തിന് ഇരുവരുടെയും കുടുംബങ്ങൾ എതിരായിരുന്നു.മാരിശെൽവന്റെ കുടുംബം കോവിൽപ്പട്ടി സ്വദേശികളായിരുന്നു. അടുത്തിടെയാണ് ഇവർ മുരുകേശൻ നഗറിലേക്ക് ഇവർ താമസം മാറ്റിയത്. സാമ്പത്തികമായി കാർത്തികയുടെ കുടുംബം മെച്ചപ്പെട്ടനിലയിലായിരുന്നു.
അത്രയേറെ മികച്ച സാമ്പത്തികനില ആയിരുന്നില്ല മാരിശെൽവന്റേത്. ഇരുവരുടേയും വിവാഹത്തിന് കാർത്തികയുടെ രക്ഷിതാക്കൾ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഇരുവരും ഇഷ്ടപ്രകാരം വീടുവിട്ടിറങ്ങി ഒക്ടോബർ 30-ന് കോവിൽപ്പട്ടിയ്ക്കടുത്തുള്ള ക്ഷേത്രത്തിൽവെച്ച് വിവാഹിതരായി.
വ്യാഴാഴ്ചയോടെ ഇവർ മുരുകേശൻ നഗറിലെത്തിയതായി പോലീസ് പറയുന്നു. വൈകുന്നേരം ആറുമണിയോടടുത്ത് ആറുപേരടങ്ങുന്ന സംഘം മൂന്ന് ബൈക്കുകളിലായി ഇവർ താമസിച്ചിരുന്ന വീട്ടിലെത്തി കൊടുവാൾ കൊണ്ട് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങൾ തൂത്തുക്കുടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കാർത്തികയുടെ ബന്ധുക്കളാരെങ്കിലുമായിരിക്കാം കൃത്യം ചെയ്തതെന്നും വ്യക്തമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്നും പോലീസ് പറയുന്നു.
തൂത്തുക്കുടി പോലീസ് സൂപ്രണ്ട് ബാലാജി സംഭവസ്ഥലം സന്ദർശിച്ചു. വൻ പോലീസ് സംഘത്തെ സംഭവസ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. കാർത്തികയുടെ ബന്ധുക്കളാണ് കൊല നടത്തിയതെന്നാണ് പ്രാഥമികനിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.