ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് കാല്നടയാത്രക്കാരന് പരിക്കേല്‍ക്കാനാടിയാക്കിയ ബസിലെ ഡ്രൈവര്‍ ജിജിത്ത് ഭയന്നോടിയത് മരണത്തിലേക്കായിരുന്നു.
ശനിയാഴ്ച വൈകീട്ട് 6.30-ഓടെ തലശ്ശേരി-മാഹി ദേശീയപാതയില്‍ പെട്ടിപ്പാലം കള്ളുഷാപ്പിന് സമീപമാണ് തലശ്ശേരി-വടകര റൂട്ടിലോടുന്ന ബസ് കാല്‍നടയാത്രക്കാരനായ മുനീറിനെ ഇടിച്ചത്.
മത്സ്യത്തൊഴിലാളിയായ മുനീറിന് ബസിടിച്ച് പരിക്കേറ്റതോടെ ആളുകള്‍ ബസ് തടയുകയും അക്രമാസക്തരാവുകയും ചെയ്തു.
ബസിലെ കണ്ടക്ടര്‍ക്കും ക്ലീനര്‍ക്കും മര്‍ദനമേറ്റതായി ദൃക്സാക്ഷികള്‍ പറയുന്നു. സമീപത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പോലീസാണ് ഇവരെ ആള്‍ക്കൂട്ടത്തില്‍നിന്ന് രക്ഷിച്ചത്.
ദേഹോപദ്രവം ഭയന്ന് റോഡിലൂടെ തലശ്ശേരി ഭാഗത്തേക്ക് ഓടിയ ജിജിത്തിനെ ആളുകള്‍ പിന്തുടര്ന്നു. ഇതോടെ ജിജിത്ത് തൊട്ടടുത്തുള്ള റെയില്‍പ്പാളത്തിലേക്ക് ഓടിക്കയറുകയായിരുന്നു.
ഇത് അദ്ദേഹത്തിന്റെ മരണത്തിലേക്കുള്ള പാതയാകുകയായിരുന്നു. റോഡിന്റെ ഒരു ഭാഗത്ത് പെട്ടിപ്പാലം കോളനിയും മറുഭാഗത്ത് റെയില്‍പ്പാളവുമാണ്. രക്ഷപ്പെട്ടോടിയ ഡ്രൈവര്‍ ജിജിത്ത് പിറകില്‍ ആളുകള്‍ പിന്തുടരുന്നുണ്ടോയെന്ന ശ്രദ്ധയിലാണ് റെയില്‍പ്പാളം മുറിച്ചുകടന്നത്.
ഈ സമയം രണ്ടാമത്തെ പാളത്തിലൂടെ കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന മെമു തീവണ്ടി ജിജിത്തിനെ ഇടിച്ചുതെറിപ്പിച്ചു. ജിജിത്ത് സംഭവസ്ഥലത്തുതന്നെ മരിച്ചു.
ബസ് കണ്ടക്ടര്‍ ബിജീഷിനേയും ക്ലീനര്‍ സനലിനേയും മാക്കൂട്ടം തീരദേശപോലീസ് സ്റ്റേഷനിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ ബസും തീരദേശ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.