ഇടുക്കി: ഇടുക്കി ഡാം പരിസരത്ത് ടൂറിസം വകുപ്പ് നിര്‍മ്മിച്ച ഇക്കോ ലോഡ്ജിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഇടുക്കി ഡാമിന്റെയും ഇരുഭാഗങ്ങളിലുമുള്ള കുറവന്‍- കുറത്തി മലകളുടെയും താഴ്വരയിലാണ് ഇക്കോ ലോഡ്ജ് നിര്‍മ്മിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച്ച് ഡാമിന് കീഴില്‍ പ്രകൃതിയുടെ എല്ലാ മനോഹാരിതയും ആസ്വദിക്കുവാനാണ് ടൂറിസം വകുപ്പ് ഈ താമസസൗകര്യത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.കേരളം വിനോദസഞ്ചാരമേഖലയില്‍ അതിവേഗം മുന്നേറുന്ന കാലഘട്ടമാണിതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഇടുക്കി ജില്ലയെ സംബന്ധിച്ച ഒരു പ്രാധാന്യമുള്ള പദ്ധതിയാണിത്. അനുദിനം ഇടുക്കിയിലേക്ക് വരുന്ന വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ അവര്‍ക്കായി താമസം ഒരുങ്ങുന്നത് വളരെ ആഹ്ലാദകരമാണ്.
ജില്ലയ്ക്കായി വിഭാവനം ചെയ്യുന്ന പദ്ധതിയാണ് എത്തനിക് വില്ലേജെന്നും ഇതിനായി ഒരുകോടി 27 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലെ എന്‍ ഊര് പൈതൃക ഗ്രാമം എന്ന പദ്ധതിക്കുമായി ബന്ധമുള്ള പദ്ധതിയാണിത്.
കേരളത്തിലെ വിവിധ ഗോത്രവിഭാഗങ്ങളുടെ തനത് ജീവിതശൈലി, കല, കരകൗശലനിര്‍മാണം, ഭക്ഷണം എന്നിങ്ങനെയുള്ളവ ആഗോളതലത്തില്‍ പരിചയപ്പെടുത്തും. ഇടുക്കി ജില്ലയിലാണ് ഈ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നത്. ഉത്തരവാദിത്വ ടൂറിസം മിഷനും ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും സംയുക്തമായിട്ടാണ് എത്തനിക്ക് വില്ലേജ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
12 കോട്ടേജുകളുള്ള ഇക്കോ ലോഡ്ജില്‍ അത്യാധുനികമായ താമസയിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 25 ഏക്കറോളം വരുന്ന പ്രദേശത്താണ് ഇക്കോ ലോഡ്ജുകള്‍ നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണമായും തടികൊണ്ടാണ് നിര്‍മാണം. എറണാകുളത്തു നിന്നും തൊടുപുഴയില്‍ നിന്നും വരുന്നവര്‍ക്ക് ചെറുതോണിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മുന്‍പോട്ടു പ്രധാനപാതയില്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇക്കോ ലോഡ്ജിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക്, പത്തു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ചെറുതോണി ഇടുക്കി ഡാം, ഹില്‍വ്യൂ പാര്‍ക്ക്, ഇടുക്കി ഡിടിപിസി പാര്‍ക്ക്, കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്, കാല്‍വരിമൗണ്ട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളും സന്ദര്‍ശിക്കാനാകും.പദ്ധതിയുടെ നിര്‍മ്മാണത്തിനായി വിനിയോഗിച്ചത് 6.72 കോടി രൂപയാണ്. സംസ്ഥാന സര്‍ക്കാരില്‍ നിന്നും 2.78 കോടി രൂപയും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 5.05 കോടി രൂപയ്ക്കാണു ഭരണാനുമതി ലഭിച്ചത്. പ്രതിദിനം നികുതിയുള്‍പ്പെടെ 4130 രൂപയാണ് ഈടാക്കുന്നത്. വിനോദസഞ്ചാരവകുപ്പിന്റെ വെബ് സൈറ്റായ www.keralatourism.org വഴി ഇക്കോ ലോഡ്ജ് ഓണ്‍ലൈനായി ബുക്ക് ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.