കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ നവകേരള സദസിനെ അഭിനന്ദിച്ച് നടൻ സന്തോഷ് കീഴാറ്റൂർ. നവകേരള സദസ്സിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നിൽവെച്ച ആവശ്യങ്ങൾക്ക് ഉടൻ തീരുമാനമായെന്ന് അദ്ദേഹം അറിയിച്ചു. അവശ കലാകാര പെൻഷൻ, കേരളത്തിലെ ആദ്യ നാടകശാല തുടങ്ങിയവയേക്കുറിച്ചുള്ള ആവശ്യങ്ങൾക്കാണ് തീർപ്പായതെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു.
പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് സന്തോഷ് കീഴാറ്റൂർ നവകേരള സദസിനേയും സർക്കാരിനേയും അഭിനന്ദിക്കുന്നത്. അവശ കലാകാര പെൻഷൻ എന്നത് കലാകാര പെൻഷൻ എന്നാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് താരം അറിയിച്ചു. കലാകാരന്മാർ അവശന്മാരല്ലെന്നും കലാകാര പെൻഷൻ 1000 രൂപയിൽ നിന്നും 1600 രൂപയാക്കി വർദ്ധിപ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഉപയോഗശൂന്യമായി കിടക്കുന്ന സർക്കാർ കെട്ടിടങ്ങൾ സിനിമാ ഷൂട്ടിംഗിന് വിട്ടുതരാം എന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. കേരളത്തിലെ ആദ്യ നാടകശാല കായംകുളത്ത് സ്ഥാപിക്കും. ഇതിന് തോപ്പിൽ ഭാസി സ്മാരക നാടകശാല എന്നായിരിക്കും പേരെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു. നവകേരള സദസ്സ് ജനപ്രിയമാവുന്നു. കൈയ്യടിക്കേണ്ടവർക്ക് കയ്യടിക്കാം, വിമർശിക്കുന്നവർ വിമർശിച്ചുകൊണ്ടേയിരിക്കുക എന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന അസ്ത്രാ ആണ് സന്തോഷ് കീഴാറ്റൂരിന്റേതായി വരാനിരിക്കുന്ന ചിത്രം. അമിത് ചക്കാലക്കലാണ് നായകൻ. പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ട് അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് പ്രേം കല്ലാട്ടും പ്രീ നന്ദ് കല്ലാട്ടുമാണ്. വയനാടിന്റെ പശ്ചാത്തലത്തിലുള്ള ഒരു ക്രൈം ത്രില്ലറാണ് അസ്ത്രാ.
അതേസമയം സന്തോഷ് കീഴാറ്റൂർ മുഖ്യവേഷത്തിലെത്തുന്ന ഏകാംഗനാടകമായ പെൺനടൻ വേദികളിൽ നിന്ന് വേദികളിലേക്കുള്ള പ്രയാണം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.