തിരുവനന്തപുരം: മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം വെള്ളായണി പൂങ്കുളം സ്വദേശി എ. സുരേഷിന്റെ (37) അവയവങ്ങള്‍ ദാനംചെയ്തു.
മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവദാനത്തിനുള്ള നടപടികൾ പൂർത്തിയാക്കിയത്.ഹൃദയം, രണ്ട് വൃക്കകള്‍, കരള്‍ (രണ്ടുപേര്‍ക്ക് പകുത്ത് നല്കി), രണ്ട് കണ്ണുകള്‍ എന്നിങ്ങനെയാണ് ദാനംചെയ്തത്.
തീവ്രദു:ഖത്തിലും അവയവദാനത്തിന് മുന്നോട്ടുവന്ന ബന്ധുക്കള്‍ക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദിയറിയിച്ചു.
ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജിലെ രോഗിക്കാണ് നൽകിയത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, രണ്ട് കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രി, ഒരു വൃക്ക കിംസ് ആശുപത്രി എന്നിങ്ങനെയാണ് നൽകിയത്.
കരള്‍ അമൃതയിലെ രോഗിക്കും കിംസിലെ രോഗിക്കും പകുത്തുനല്കി.നിര്‍മാണ തൊഴിലാളിയായ സുരേഷ് ജോലിസ്ഥലത്തുവെച്ച് നവംബര്‍ രണ്ടിന് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു.
ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും അഞ്ചാംതീയതി കിംസ് ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
അവയവ ദാനത്തിനുള്ള നടപടികൾ വേഗത്തിലാക്കാനായി മന്ത്രി വീണാ ജോര്‍ജ് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
കാലാവസ്ഥാ പ്രശ്നം കാരണം ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ കഴിയാതെവന്നതോടെ ഗ്രീന്‍ ചാനല്‍ ഒരുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി.
പോലീസിന്റെ സഹായത്തോടെ ഗ്രീന്‍ ചാനല്‍ ഒരുക്കിയാണ് അതിവേഗത്തില്‍ ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.