കോൺഗ്രസിനോടാണ് ... മഹാത്മജിയും കോൺഗ്രസിന്റെ ഇന്ത്യൻ പ്രധാനമന്ത്രിമാർ ആയിരുന്ന ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും തീവ്രവാദികളാലോ, ഭീകര പ്രസ്ഥാനങ്ങളാലോ കൊലചെയ്യപ്പെട്ടവരാണ്.-
ഇതൊക്കെ വിസ്മരിച്ചു നിങ്ങൾ ഭീകര പ്രവർത്തനങ്ങൾക്കും ഹമാസിനും അനുകൂലമായി ഐക്യദാർഢ്യ സമ്മേളനങ്ങൾ സംഘടിപ്പിച്ചു കൊള്ളൂ. പക്ഷേ നിങ്ങൾ മതേതര പാർട്ടിയാണ് എന്ന് പറഞ്ഞ് ഇനിയും പൊതുസമൂഹത്തിനു മുൻപിൽ വരരുത്.
ഭീകരവാദികളായ ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന കോൺഗ്രസ് പാർട്ടി കേരളത്തിൽ പ്രതിപക്ഷം അല്ല മറിച്ച് ഭരണപക്ഷത്തിന്റെ ബി ടീമാണ്.
അസർബൈജാനിലും, നൈജീരിയയിലും പതിനായിരക്കണക്കിന് ക്രൈസ്തവർ ക്രിസ്തു വിശ്വാസികളാണ് എന്നതിൻ്റെ പേരിൽ കൊലചെയ്യപ്പെടുകയും, നാടുകടത്തപ്പെടുകയും ചെയ്യുന്നത് വഴി പ്രസ്തുത രാജ്യങ്ങളിലെല്ലാം ക്രൈസ്തവർ വംശീയ ഉന്മൂലനം നേരിട്ടുകൊണ്ടിരിക്കുന്നു.
അന്തർദേശീയ മാധ്യമങ്ങൾ പലതവണ ഈ വിഷയങ്ങൾ ചർച്ച ചെയ്തിട്ടുള്ളതാണ്. എങ്കിലും, ദേശീയ മാധ്യമങ്ങളോ, കേരളത്തിലെ മാധ്യമങ്ങളോ, കേരളത്തിലെ ഇടതു വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങളോ പ്രസ്തുത വിഷയങ്ങളെ ഗൗരവമായി ചർച്ചയ്ക്ക് എടുത്തിട്ടില്ല.
കേരളത്തിലെ മാധ്യമങ്ങൾക്കും രാഷ്ട്രീയക്കാർക്കും ക്രൈസ്തവരോട് സ്നേഹം തോന്നണമെങ്കിൽ അത് ക്രൈസ്തവ വിഷയങ്ങളെ ബിജെപി എന്ന പാർട്ടി പ്രസ്ഥാനത്തിനെതിരെയുള്ള ആയുധമായിട്ട് ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിൽ മാത്രമാണ്.കേരളത്തിൽ ന്യൂനപക്ഷ സമൂഹമെന്നാൽ ക്രൈസ്തവർ കൂടി ഉൾപ്പെടുന്നുണ്ട് എന്ന് ഇവിടെയുള്ള രാഷ്ട്രീയ നേതൃത്വത്തിന് ബോധ്യമായത് മണിപ്പൂരിൽ കുക്കികളും മെയ്ത്തികളും തമ്മിൽ സംഘർഷം ഉണ്ടായപ്പോൾ മാത്രമാണ്. അതിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യം ക്രൈസ്തവരോടുള്ള സ്നേഹം ആയിരുന്നില്ല മറിച്ച്, കേന്ദ്രസർക്കാരിനെതിരെ ക്രൈസ്തവവികാരം ആളിക്കത്തിക്കുക എന്നുള്ളത് മാത്രമായിരുന്നു എന്ന് ചിന്തിച്ചാൽ തെറ്റ് പറയാൻ കഴിയില്ല .
ഉക്രൈൻ- റഷ്യ യുദ്ധത്തിൽ എന്തുകൊണ്ടാണ് ഉക്രൈന് അനുകൂലമായി ഇവിടെ ഐക്യദാർഢ്യ പ്രകടനങ്ങൾ കാണാതിരുന്നത്? ന്യൂനപക്ഷ വകുപ്പിന് കീഴിൽ ക്രൈസ്തവ സമൂഹം നിരന്തരമായി അവഗണനകൾ നേരിടുമ്പോൾ ഈ രാഷ്ട്രീയ നേതാക്കൾ എന്തുകൊണ്ട് ഒരു വാക്കുപോലും ഉരിയാടുന്നില്ല?
ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിന്ന് ലോൺ എടുത്തിട്ടുള്ള ദരിദ്രരായിട്ടുള്ള ക്രൈസ്തവർക്ക് അതിൻറെ അടുത്ത ഗഡു ലഭിക്കാത്ത സാഹചര്യം എന്തുകൊണ്ട് ചോദ്യം ചെയ്യപ്പെടുന്നില്ല?
ന്യൂനപക്ഷ വകുപ്പ് സ്ഥാപിതമായിട്ട് ഇക്കാലമത്രയും, ക്രൈസ്തവ നാമധാരിയായ ഒരു മന്ത്രി പോലും ആ വകുപ്പ് ഏറ്റെടുത്തിട്ടില്ല എന്ന കാര്യം ക്രൈസ്തവ സംഘടനകൾ പല ആവർത്തി ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. എന്തുകൊണ്ട് പ്രസ്തുത വിഷയത്തിൽ ഒരു വാക്കുപോലും ഉരിയാടുന്നില്ല?
കെ. ടി. ജലീൽ ന്യൂനപക്ഷ വകുപ്പ് മന്ത്രി ആയിരുന്ന കാലത്ത് നടപ്പിലാക്കിയ "ഒരു" "മറ്റൊരു" വിഷയം എന്തുകൊണ്ട് ചർച്ച ചെയ്യപ്പെട്ടില്ല? എന്തിനേറെ, ന്യൂനപക്ഷങ്ങൾക്ക് അവകാശപ്പെട്ട പ്രീമെട്രിക് സ്കോളർഷിപ്പ് പുനരാരംഭിക്കണം എന്ന് എന്തുകൊണ്ട് ഒരു രാഷ്ട്രീയ നേതാവും ആവശ്യപ്പെടുന്നില്ല?
ക്രൈസ്തവ സമൂഹത്തിൻറെ ഏറ്റവും വലിയ പ്രതീക്ഷയായ ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായും പ്രസിദ്ധീകരിക്കണമെന്നും, ക്രൈസ്തവ നേതാക്കളുമായി ചർച്ച ചെയ്ത് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കണമെന്നും എന്തുകൊണ്ട് ഒരു നേതാവും പാർട്ടിയും ആവശ്യപ്പെടുന്നില്ല?
കേരളത്തിൽ ഭരണകക്ഷിക്ക് വന്നിട്ടുള്ള പിടുപ്പുകേടുകളെ മറച്ചു പിടിക്കാനും ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന വലിയ സാമ്പത്തിക തിരിച്ചടിയിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനും ഭരണ കക്ഷി ചെയ്യുന്ന ഐക്യദാർഢ്യ പ്രഖ്യാപനങ്ങളോട് ചേർന്ന് നിന്നുകൊണ്ട് പ്രതിപക്ഷവും ഐക്യദാർഢ്യ പ്രഖ്യാപനങ്ങൾ നടത്തി സാധാരണക്കാരൻ്റെ പ്രശ്നങ്ങളെ തമസ്കരിക്കുന്നത് ജനങ്ങളോട് കാണിക്കുന്ന കൊടിയ അപരാധമാണ്.
ഭരണപക്ഷത്തിരിക്കുന്ന എൽഡിഎഫ് സർക്കാരിനെ, നിഷ്പക്ഷമായി ചിന്തിക്കുന്ന ജനങ്ങൾ മനസ്സുകൊണ്ട് തള്ളിക്കളഞ്ഞിരിക്കുന്നു എന്നുള്ളത് തിരിച്ചറിഞ്ഞതു കൊണ്ടാണ് നവ കേരള സദസും കേരളീയവുമായി ഇപ്പോൾ പുറപ്പെടുന്നത് എന്ന് മാധ്യമങ്ങളിൽ നിന്ന് തന്നെ മനസ്സിലാക്കാവുന്നതാണ് .
കോൺഗ്രസും ഇതേ മാർഗ്ഗം തന്നെയാണോ പിന്തുടരാൻ ആഗ്രഹിക്കുന്നത്? ഭരണപക്ഷവും പ്രതിപക്ഷവും ക്രൈസ്തവരുടെ അടിസ്ഥാനപരമായിട്ടുള്ള ആവശ്യങ്ങൾക്ക് വേണ്ടി നിലപാട് എടുക്കാത്തടത്തോളം കാലം, ഈ സമുദായത്തെ വഞ്ചിക്കുകയാണ് ചെയ്യുന്നത്.
ഇലക്ഷൻ അടുക്കുമ്പോൾ ചിരിച്ചു കാണിച്ച് ഞങ്ങടെ വീടിൻ്റെ ഉമ്മറപ്പടികളിൽ കയറുമ്പോൾ നിങ്ങൾ ഞങ്ങളുടെ കൂടെയാണ് എന്ന് ഞങ്ങൾ ധരിച്ചു കൊള്ളും എന്ന ഒരു തെറ്റിദ്ധാരണ വേണ്ട.
തങ്ങൾ ഭീകരവാദത്തിനും യുദ്ധത്തിനും എതിരാണെന്ന് പറയാൻ, ഉറക്കെ പ്രഖ്യാപിക്കാൻ, ഉറച്ച നിലപാട് എടുക്കാൻ, അതുവഴി പ്രീണന വോട്ട് ബാങ്ക് രാഷ്ട്രീയം അവസാനിപ്പിക്കാൻ ഇവിടുത്തെ ഭരണ- പ്രതിപക്ഷങ്ങൾക്ക് ധൈര്യമുണ്ടോ?
നൈജീരിയയിലും അസർബൈജാനിലും അടക്കം ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഇവർക്ക് ധൈര്യമുണ്ടോ? എന്നും കത്തോലിക്കാ കോൺഗ്രസ് ചോദിക്കുന്നു.
സിപിഎം കോൺഗ്രസ് നേതാക്കളുടെ ഹമാസ് സ്നേഹം കപടമാണെന്നും നൈജീരിയയിൽ കൊല്ലപ്പെടുന്ന ക്രിസ്ത്യനികൾക്ക് വേണ്ടി കമ്മ്യുണിസ്റ്റ് കോൺഗ്രസ് നേതാക്കൾ ഒരു ജാഥയെങ്കിലും നടത്തുമോ എന്നും ബിഷപ്പ് തോമസ് തറയിലും ചോദിക്കുന്നു.
കോൺഗ്രസിനോടാണ് ... മഹാത്മജിയും കോൺഗ്രസിന്റെ ഇന്ത്യൻ പ്രധാനമന്ത്രിമാർ ആയിരുന്ന ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും...
Posted by AKCC Thamarassery Diocese on Friday, November 10, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.