തൊടുപുഴ: പതിനാല് വയസുകാരിയെ പീഡിപ്പിച്ചുവെന്ന കള്ളക്കേസിൽ ജയിലിലാക്കപ്പെട്ട ആദിവാസി യുവാവ് നിരപരാധിയെന്ന് തെളിഞ്ഞു. 98 ദിവസമാണ് യുവാവ് ശിക്ഷ അനുഭവിച്ചത്.
14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ 2019 ഒക്ടോബർ 14 നാണ് വിനീതിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. വയറുവേദനയുമായി ഉപ്പുതറ ഗവ. ആശുപത്രിയിൽ വന്ന പതിനാലുകാരി നാല് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് വിനീതിനെ പിടികൂടുകയായിരുന്നു.
എന്നാൽ പെൺകുട്ടിയും അമ്മയും പീഡിപ്പിച്ചത് വിനീത് അല്ലെന്ന് പറഞ്ഞതോടെ വിനീതിനെ വിട്ടയച്ചു. എന്നാൽ പിന്നീട് പെൺകുട്ടി മൊഴിമാറ്റുകയായിരുന്നു. വിനീത് ആറു തവണ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. തുടർന്ന് പൊലീസ് വിനീതിനെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതിനിടെ ഡിഎൻഎ ഫലം വന്നു. പെൺകുട്ടിയുടെ കുഞ്ഞിന്റെ പിതാവ് വിനീതല്ലെന്ന് തെളിഞ്ഞു. ഇതോടെ അർദ്ധസഹോദരനാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴിമാറ്റി. അർദ്ധസഹോദരൻ ജയിലിലായി. ഡിഎൻഎ പരിശോധനയിൽ, കുഞ്ഞിന്റെ അച്ഛൻ ഇയാളുമല്ലെന്ന് കണ്ടെത്തി.
എന്നാൽ, കേസിന്റെ വിസ്താരം തുടങ്ങാത്തതിനാൽ ഇയാൾ ഇപ്പോഴും ജയിലിലാണ്. കണ്ണംപടി സ്വദേശിയാണ് കുഞ്ഞിന്റെ അച്ഛനെന്ന് പിന്നീട് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞു. ഇതോടെയാണ് വിനീതിനെ കുറ്റവിമുക്തനാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.