ഇരിട്ടി: കീഴ്പള്ളിയിലെ ഒന്നരവയസുകാരിയുടെ തിരോധാനം ഒന്പതുവര്ഷം പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനാകാതെ പോലീസും ക്രൈബ്രാഞ്ചും.
കനത്ത മഴയില്‍ വീടിന് സമീപത്തെ കൈത്തോട്ടില്‍ കുട്ടി അബദ്ധത്തില്‍ അകപ്പെട്ടിട്ടുണ്ടാകാം എന്നുകരുതി നാട്ടുകാരും ബന്ധുക്കളും പോലീസും കീഴ്പള്ളി മേഖലയിലെ പുഴകളും വളപട്ടണം പുഴയിലും തീരദേശ മേഖലകളില്‍ ഉള്‍പ്പെടെ ആഴ്ചകളോളം തിരച്ചില്‍ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിച്ചവച്ചു നടക്കാൻ പഠിച്ചുവരുന്ന ഒന്നര വയസുകാരി വീടിനടുത്തു നിന്നും 100 മീറ്ററോളം ദൂരെയുള്ള കൈത്തോട് വരെ നടന്നുപോകാൻ കഴിയില്ലെന്നാണ് കുട്ടിയുടെ പിതാവ് സുഹൈല്‍ പറയുന്നത്.
കുട്ടിയെ കാണാതാകുമ്പോള്‍ രണ്ടര പവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നു. അന്നത്തെ ഇരിട്ടി ഡി വൈ എസ് പി പി.സുകുമാരന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കുട്ടിയുടെ തിരോധാനം സംബന്ധിച്ച് പ്രതീക്ഷ നല്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചില്ല.
തുടര്‍ന്ന് മകളുടെ തിരോധാനം സംബന്ധിച്ച് ഹൈക്കോടതി അഭിഭാഷകൻ അരുണ്‍ കാരണവര്‍ മുഖേന കുട്ടിയുടെ കുടുംബം 2016ല്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തിരുന്നു.
തുടര്‍ന്ന് കോടതിയുടെ ഇടപെടലിന്റെ ഭാഗമായി 2017 ഒാഗസ്റ്റില്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും അന്നത്തെ ക്രൈംബ്രാഞ്ച് ഐജി ദിനേശ് കശ്യപിന്റെ മേല്‍നോട്ടത്തില്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പ്രേമരാജിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും തെളിവുകള്‍ കണ്ടെത്താൻ ആകാതെ ക്രൈംബ്രാഞ്ചും അന്വേഷണം മന്ദഗതിയിലായി.
ഇതിനിടെ കാണാതായ ദിയാ ഫാത്തിമയുടെ രൂപസാദൃശ്യമുള്ള കുട്ടിയെ മറ്റ് മൂന്ന് കുട്ടികളും ഒരു സ്ത്രീയും പുരുഷനുമൊപ്പം അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ കടയ്ക്കു മുന്നില്‍ നില്ക്കുന്നതായി പുറത്തുവന്ന സിസിടിവി ദൃശ്യം സംബന്ധിച്ച് അന്വേഷിക്കാൻ അന്നത്തെ അന്വേഷണ സംഘം ഇന്നും തയാറായിട്ടില്ല എന്നാണ് മാതാപിതാക്കളുടെ പരാതി.
സിസിടിവി ദൃശ്യങ്ങള്‍ തങ്ങളെ കാണിച്ചു എന്ന് കോടതിയെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചുവെന്നും മാതാപിതാക്കള്‍ പരാതി പറയുന്നു. 9 വര്‍ഷം പിന്നിടുമ്പോഴും അന്വേഷണത്തിന് തെളിവുകള്‍ ഒന്നും ലഭിക്കാതെ പോലീസും അന്വേഷണം തുടരുകയാണ്.
അന്വേഷണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ അടക്കം സംഘത്തിലെ പലരും സര്‍വീസില്‍ നിന്നും വിരമിച്ചതോടെ അന്വേഷണം നിലച്ച മട്ടാണ്. തിങ്കളാഴ്ച കൊല്ലത്തു നടന്ന സംഭവം അറിഞ്ഞതോടെ ദിയയുടെ മാതാപിതാക്കള്‍ കൂടുതല്‍ ആശങ്കയിലായിരുന്നു.
മകളുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും പോലീസിന്റെ അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ഏതാനും മാസം മുൻപ് വീണ്ടും ഹൈക്കോടതിക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി കൊടുത്ത്പ്രതീക്ഷ കൈവിടാതെ ദിയ ഫാത്തിമയ്ക്കായി കാത്തിരിക്കുകയാണ് കുടുംബം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.