പാലാ: അനീതിക്കെതിരെ നിയമമാർഗ്ഗത്തിലൂടെ മാത്രം പോരാട്ടം നടത്തുന്ന അടിമാലിയിലെ മറിയക്കുട്ടിക്കും അന്ന ഔസേപ്പിനും റോബിൻ ബസ് ഉടമ ഗിരീഷിനും 'ശ്രേഷ്ഠകർമ്മ' പുരസ്ക്കാരം നൽകി ആദരിക്കുമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ അറിയിച്ചു. പ്രശസ്തിപത്രികയും പൊന്നാടയും അടങ്ങുന്നതാണ് 'ശ്രേഷ്ഠകർമ്മ' പുരസ്ക്കാരം.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമർപ്പിച്ച് പ്രകോപനങ്ങൾ സൃഷ്ടിക്കാതെ ഇവർ നടത്തുന്ന പോരാട്ടങ്ങൾ മാതൃകാപരമാണ്. അക്രമത്തിനും കലാപത്തിനും വഴിതെളിക്കാതെ സത്യവും നീതിയും ഉയർത്തിപ്പിടിച്ചുകൊണ്ട് മറിയക്കുട്ടി, അന്ന ഔസേപ്പ് എന്നീ മുതിർന്ന പൗരന്മാർ നടത്തുന്ന അവകാശപോരാട്ടവും സംയമനത്തോടെ പൂർണ്ണമായും നിയമ മാർഗ്ഗം സ്വീകരിച്ചുകൊണ്ട് പോരാട്ടം നടത്തുന്ന റോബിൻ ഗിരീഷ് നടത്തുന്ന പോരാട്ടവും സമാനതകളില്ലാത്തതാണ്.
സമരങ്ങളുടെ പേരിൽ പൊതുമുതൽ നശിപ്പിക്കുകയും പൗരൻ്റെ സഞ്ചാരസ്വാതന്ത്ര്യം തടയുകയും ചെയ്യുന്ന കാലഘട്ടത്തിൽ ഇവരുടെ ഗാന്ധിയൻ മാർഗ്ഗത്തിലുള്ള പോരാട്ടങ്ങൾ അഭിനന്ദനാർഹമാണെന്നും ഫൗണ്ടേഷൻ വിലയിരുത്തി. നവംബർ 26 ന് ഇവരുടെ വീടുകളിലെത്തി പുരസ്കാരങ്ങൾ സമ്മാനിക്കും.
സർക്കാർ അനുവദിച്ച ക്ഷേമ പെൻഷൻ അടിമാലി സർവീസ് സഹകരണ ബാങ്ക് വഴി ഇന്നലെ ഉച്ചയോടെ ജീവനക്കാർ മറിയക്കുട്ടിയുടെ വീട്ടിൽ എത്തിച്ചു നൽകി. നവംബർ ഒഴികെ 3 മാസത്തെ പെൻഷൻ ഇനിയും മറിയക്കുട്ടിക്കു ലഭിക്കാനുണ്ട്.
അന്നയ്ക്കുള്ള ഒരു മാസത്തെ പെൻഷൻ അടുത്ത ദിവസം പോസ്റ്റ് ഓഫിസ് വഴി എത്തുമെന്ന് ഈറ്റ – കാട്ടുവള്ളി – തഴ ക്ഷേമനിധി ബോർഡ് ചെയർമാൻ ചാണ്ടി പി.അലക്സാണ്ടർ പറഞ്ഞു. മസ്റ്ററിങ് നടക്കാത്തതിനാൽ ജൂലൈ വരെയുള്ള ഇവരുടെ പെൻഷൻ റദ്ദായെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലിലാണു മസ്റ്ററിങ് നടന്നത്. അതിനാൽ ജൂലൈ മുതലുള്ള പെൻഷനാകും അന്നയ്ക്കു ലഭിക്കുകയെന്നും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.