തിരുവനന്തപുരം: നവരാത്രി പൂജയിലെ എട്ടാം ദിനമാണ് ദുര്‍ഗാഷ്ടമി. നവരാത്രി മഹോത്സവത്തിന്റെ ആഘോഷചടങ്ങുകള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വിശ്വാസികള്‍ വ്രതശുദ്ധിയോടെ ദേവിയുടെ അനുഗ്രഹത്തിനായി കാത്തിരിക്കുകയാണ്.
ദുര്‍ഗാഷ്ടമി ദിവസമാണ് പാഠപുസ്തകങ്ങള്‍ എല്ലാം പൂജ വച്ച് വിദ്യാര്‍ത്ഥികള്‍ സരസ്വതി ദേവിയുടെ അനുഗ്രഹം തേടുന്നത്. വീടുകള്‍ക്ക് പുറമെ ക്ഷേത്രങ്ങള്‍, ഗ്രന്ഥശാലകള്‍, തൊഴിലിടങ്ങള്‍, വിദ്യാലയങ്ങള്‍, വിവിധ സംഘടനകളുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലും വിദ്യാദേവതയുടെ അനുഗ്രഹകടാക്ഷം പ്രാര്‍ത്ഥിച്ച് പൂജവയ്ക്കാറുണ്ട്.അഷ്ടമിയും തിഥിയും ചേര്‍ന്ന് വരുന്ന സന്ധ്യാ വേളയിലാണ് പൂജവെപ്പ് നടത്തേണ്ടത്.
പുസ്തകങ്ങളും ഗ്രന്ഥങ്ങളുമാണ് പൂജയ്ക്കു വയ്ക്കുക. കുട്ടികള്‍ അവരവരുടെ പാഠപുസ്തകങ്ങള്‍, പേന, പെന്‍സില്‍ എന്നിങ്ങനെയുള്ള പഠനോപകരണങ്ങള്‍ പൂജയ്ക്കു വയ്ക്കണം. മറ്റുള്ളവര്‍ കര്‍മ്മസംബന്ധവുമായി ബന്ധപെട്ട അവരുടെ വസ്തുക്കള്‍, ഭഗവത് ഗീത, ഭാഗവതം, മഹാഭാരതം, രാമായണം തുടങ്ങി പുണ്യപുരാണ ഗ്രന്ഥങ്ങള്‍ എന്നിവയും പൂജയ്ക്ക് വെയ്ക്കണം. വീട്ടിലാണെങ്കില്‍ പൂജാമുറി ശുദ്ധിവരുത്തേണ്ടതാണ്.
ഗണപതി, സരസ്വതി, മഹാലക്ഷ്മി തുടങ്ങിയ ദേവതകളുടെ ഫോട്ടോ ഒരു പീഠം വച്ച് അതില്‍ വയ്ക്കുക. ഒരു കാരണവശാലും ഇവ വെറും തറയില്‍ വയ്ക്കരുത്. ഒരു നിലവിളക്ക് അഞ്ചുതിരിയിട്ട് കത്തിക്കണം. ചന്ദനത്തിരി, സാമ്പ്രാണി തുടങ്ങിയവയും കത്തിക്കുക. ഫോട്ടോ വയ്ക്കുമ്പോള്‍ നടുവില്‍ സരസ്വതി, വലതുഭാഗത്ത് ഗണപതി, ഇടതുഭാഗത്ത് മഹാലക്ഷ്മി എന്നിങ്ങനെയായിരിക്കണം വയ്ക്കേണ്ടത് .
ഈ മൂന്ന് മൂര്‍ത്തികള്‍ക്കും മാലയും മറ്റു പുഷ്പങ്ങളും ചാര്‍ത്തണം. തുടര്‍ന്ന് പുതിയ വിരിപ്പോ പായയോ പേപ്പറോ വച്ച് അതില്‍ പൂജയ്ക്കു വയ്ക്കാനുള്ളതെല്ലാം ഒരുക്കിവയ്ക്കണം. ദുര്‍ഗാഷ്ടമി മുതല്‍ വിജയദശമി വരെ അക്ഷരം നോക്കാതിരിക്കുക എന്ന ശീലവും കേരളത്തിലുണ്ട്.
മഹാദുര്ഗാഷ്ടമി ദിവസം വ്രതമെടുത്തു ദേവിയെ ഭജിച്ചാല്‍ സകല പാപങ്ങളും നീങ്ങി ജീവിതം ഐശ്വര്യപൂര്ണമാകുമെന്നാണ് വിശ്വാസം. രാഹുവിന്റെ ദേവതയാണ് മഹാഗൗരീ ദേവി. രാഹുദോഷമുള്ളവര്‍ ദോഷപരിഹാരത്തിനായി ദേവിയെ മഹാഗൗരീ ഭാവത്തില്‍ ആരാധിക്കണമെന്നാണ് പറയപ്പെടുന്നത്.
നവദുര്‍ഗാ ഭാവങ്ങളില്‍ എട്ടാമത്തെ ഭാവമാണ് മഹാഗൗരി. നവരാത്രിയുടെ എട്ടാം ദിവസമായ അഷ്ടമിക്ക് ദുര്‍ഗാ ദേവിയെ മഹാഗൗരി ഭാവത്തില്‍ ആരാധിച്ചു പോരുന്നു. തൂവെള്ള നിറമായതിനാലാണ് ദേവി മഹാഗൗരി എന്നറിയപ്പെടുന്നത്.
സ്വര്‍ണവും വെളുപ്പും ചേര്‍ന്ന നിറമാണ് ‘മഹാഗൗരി’ ഭാവത്തിനുള്ളത്. വെളുത്ത പൂക്കള്‍കൊണ്ടുള്ള മാലയും വെള്ളവസ്ത്രങ്ങളും അണിഞ്ഞ് വെളുത്തനിറമുള്ള കാളമേല്‍ സ്ഥിതിചെയ്യുന്നതാണ് ദേവീ ഭാവം. നാലു കൈകളാണ് ദേവിക്ക്. ത്രിശൂലം, കടുന്തുടി, അഭയമുദ്ര, വരദമുദ്ര എന്നിവ ഓരോ കൈകളില്‍ ധരിച്ചിരിക്കുന്നു. ഏറെ പ്രസന്നമാണ് ദേവിയുടെ രൂപവും ഭാവവും.
ദേവീ വാഹനം കാളയാണ്. ഈ രൂപത്തെ ആരാധിക്കുന്നതുകൊണ്ടുള്ള ഫലം ‘യുവത്വ’മാണെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെട്ടു വരുന്നു. രാഹുഗ്രഹപൂജയും ഹോമവും വേണമെങ്കില്‍ ഈ ദിനം ചെയ്യാവുന്നതാണെന്നും വിശ്വാസമുണ്ട്.
സംസ്ഥാനത്ത് ഒക്ടോബര്‍ 22 ഞായറാഴ്ചയാണ് ദുര്‍ഗാഷ്ടമി. ഒന്‍പത് ദിവസത്തെ പ്രാര്‍ത്ഥനകളും വ്രതവും അനുഷ്ഠിച്ച ശേഷം പൂജവെപ്പിനുള്ള ഒരുക്കത്തിലാണ് നാടും നഗരവും. മഹാനവമി ദിവസമായ തിങ്കളാഴ്ച ഈ പാഠപുസ്തകവും വിശിഷ്ട ഗ്രന്ഥങ്ങളും ഉള്‍പ്പെടെയുള്ളവയ്ക്ക് മുന്നില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തണം.
വിജയദശമി ദിവസമായ ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണി മുതല്‍ പൂജയെടുക്കുകയും വിദ്യാരംഭം കുറിക്കുകയും ചെയ്യാം. ക്ഷേത്രങ്ങളില്‍ നവരാത്രി മഹോത്സവത്തിന്റെ ആഘോഷചടങ്ങുകള്‍ അവസാന ഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു. എല്ലാ ക്ഷേത്രങ്ങളിലും നവരാത്രി ദര്‍ശനത്തിനു തിരക്കേറിയിട്ടുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.