തൃശൂർ: ജീവനക്കാരിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ വനിതാ സീനിയർ സൂപ്രണ്ടിന് സസ്പെൻഷൻ. ചാലക്കുടി വനം ഡിവിഷൻ ഓഫീസിലെ സീനിയർ സൂപ്രണ്ട് എം വി ഹോബിക്കെതിരെയാണ് നടപടി.
തൃശൂർ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി പുഗഴേന്തിയാണ് അച്ചടക്ക നടപടിയെടുത്തത്.ഡിവിഷൻ ഓഫീസിലെ ജീവനക്കാരിയുടെ ചിത്രങ്ങൾ മോർഫിങ്ങിലൂടെ അശ്ലീല ചിത്രങ്ങളാക്കി മാറ്റിയ ശേഷം സീനിയർ സൂപ്രണ്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാണ് പരാതി. ഈ ജീവനക്കാരിക്കെതിരെ ബോഡി ഷെയ്മിങ് നടത്തിയെന്നും ആരോപണമുണ്ട്.
ഓഫീസിലെ ജീവനക്കാർ ചേർന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് അസി. ഫോറസ്റ്റ് കൺസർവേറ്ററോട് ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ നിർദേശം നൽകി. അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി.
മോർഫിങ് സംബന്ധിച്ച തന്റെ പ്രവൃത്തിയിൽ ഉദ്യോഗസ്ഥയ്ക്ക് ഖേദമില്ലെന്നും സഹപ്രവർത്തകരോടു സഹകരിക്കുന്നില്ലെന്നും സ്ഥിരമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം. അടിയന്തര പ്രാധാന്യമുള്ള ഫയലുകളിൽ നടപടി വൈകിക്കുന്നുവെന്നും ഓഫിസിലെ എല്ലാ ജീവനക്കാരും ഉദ്യോഗസ്ഥയ്ക്കെതിരെ പരാതികൾ നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.
സൂപ്രണ്ടിനെ ചുമതലയിൽനിന്നു മാറ്റിനിർത്തണമെന്ന ശുപാർശയോടെ സർക്കിൾ ചീഫ് കൺസർവേറ്റർ വനംവകുപ്പ് ആസ്ഥാനത്തേക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ഇതോടെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.