തിരുവനന്തപുരം; ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയുടെ ബിജെപി സഖ്യത്തിൽ നിന്ന് എങ്ങനെ പുറത്തുകടക്കാനാകുമെന്ന കാര്യത്തിൽ ജനതാദൾ– എസ് (ജെഡിഎസ്) സംസ്ഥാന ഘടകത്തിൽ കടുത്ത ഭിന്നത.
പുതിയ പാർട്ടിയോ ദേശീയതലത്തിൽ മറ്റൊരു കക്ഷിയുമായി ലയനമോ ആണു പോംവഴി എന്ന അഭിപ്രായം ഇന്നലെ ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ ഉയർന്നെങ്കിലും അന്തിമ തീരുമാനമെടുക്കാൻ കഴിഞ്ഞില്ല. സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസും മന്ത്രി കെ.കൃഷ്ണൻകുട്ടിയും അടക്കമുളള ഒരു വിഭാഗം നേതാക്കൾ അതിനോടു യോജിച്ചില്ല.
ഭിന്നത തുടരുന്ന സാഹചര്യത്തിൽ സ്വതന്ത്ര പാർട്ടി എന്നതടക്കമുള്ള സാധ്യതകൾ പരിശോധിക്കാനായി നാലംഗ സമിതിയെ നിയോഗിച്ചു. മുതിർന്ന നേതാക്കളും ദേശീയ ഭാരവാഹികളുമായ സി.കെ.നാണു, എ.നീലലോഹിതദാസ്, ജോസ് തെറ്റയിൽ, എം.സഫറുല്ല എന്നിവരാണ് ഈ സമിതിയിലുള്ളത്.
പാർട്ടി നേരിടുന്ന പ്രതിസന്ധി സിപിഎമ്മിനെയും എൽഡിഎഫ് നേതൃത്വത്തെയും ബോധ്യപ്പെടുത്തണമെന്നും യോഗം തീരുമാനിച്ചു. എൽഡിഎഫിൽ പാർട്ടിയെ പ്രതിനിധീകരിക്കുന്ന മാത്യു ടി.തോമസിനെയും കൃഷ്ണൻകുട്ടിയെയും ഇതിനായി ചുമതലപ്പെടുത്തി.
ബിജെപി സഖ്യത്തിലുള്ള പാർട്ടി കേരളത്തിൽ എൽഡിഎഫിൽ തുടരുന്നതു പ്രതിപക്ഷം ആയുധമാക്കുന്ന സാഹചര്യത്തിൽ തിരക്കിട്ട് സിപിഎം ഇക്കാര്യത്തിൽ ഒരു നിലപാട് എടുക്കരുതെന്ന് അഭ്യർഥിക്കും. തുടർ നടപടികളെടുക്കാൻ സിപിഎമ്മിനോട് സാവകാശം തേടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.