ന്യൂഡൽഹി; ആദാനി ഗ്രൂപ്പിനെതിരെ പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ തൃണമൂൽ എംപി മഹുവ മൊയ്ത്ര പണം വാങ്ങിയെന്ന് ആരോപണം ചൂടുപിടിക്കുന്നതിനിടെ, മഹുവയ്ക്കെതിരെ ആക്രമണം കടുപ്പിച്ച് ബിജെപി.
മഹുവ ഇന്ത്യയിൽ ആയിരിക്കുമ്പോൾ അവരുടെ പാർലമെന്റിലെ ഔദ്യോഗിക ഇ–മെയിൽ വിലാസത്തിന്റെ പാസ്‌വേഡ് ദുബായിൽ ഉപയോഗിച്ചെന്നാണ് മഹുവയ്ക്കെതിരായ പുതിയ ആരോപണം. ഈ വിവരം നാഷനൽ ഇൻഫോർമാറ്റിക്സ് സെന്റർ(എൻഐസി) അന്വേഷണ ഏജൻസികൾക്ക് കൈമാറിയിട്ടുണ്ടെന്നും ബിജെപി എംപി നിഷികാന്ത് ദുബെ അറിയിച്ചു.
‘ഒരു എംപി രാജ്യത്തിന്റെ സുരക്ഷ പണത്തിനു വേണ്ടി പണയപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിലായിരിക്കെ ആ എംപിയുടെ പാർലമെന്റ് ലോഗിൻ ദുബായിൽനിന്ന് ആരോ ഉപയോഗിച്ചിരിക്കുന്നു. പ്രധാനമന്ത്രി, ധനകാര്യമന്ത്രി, സുരക്ഷാ ഏജൻസികൾ എന്നിവർ ഉപയോഗിക്കുന്നതാണ് ഈ സംവിധാനമെന്ന് ഓർക്കണം.
തൃണമൂൽ കോൺഗ്രസും പ്രതിപക്ഷവും ഇനിയും ഇക്കാര്യത്തിൽ രാഷ്ട്രീയം കളിക്കുമോ? ജനങ്ങളാണ് തീരുമാനമെടുക്കേണ്ടത്. എൻഐസി ഈ വിവരങ്ങളെല്ലാം അന്വേഷണ ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്.’– മഹുവയുടെ പേര് പരാമർശിക്കാതെ ദുബെ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. അതിനിടെ മഹുവയ്ക്കെതിരെ ബിജെപി നേതാവ് അമിത് മാളവ്യയും രംഗത്തുവന്നു.
മഹുവയെ തൃണമൂൽ കയ്യൊഴിഞ്ഞ അവസ്ഥയിലാണെന്ന് മാളവ്യ പറഞ്ഞു. പാർട്ടി നേതാക്കൾ അറസ്റ്റിലാകുമ്പോഴൊക്കെ തൃണമൂൽ നേതൃത്വവും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മഹുവയ്ക്കെതിരായ ആരോപണത്തിൽ പ്രതികരിക്കാനില്ലെന്ന് തൃണമൂൽ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ആരോപണം ആർക്കെതിരെയാണോ ഉയർന്നത് അവർ തന്നെ അതിൽ മറുപടി നൽകുന്നതാണ് നല്ലതെന്നാണ് ബംഗാളിലെ തൃണമൂലിന്റെ ജനറൽ സെക്രട്ടറിയും വക്താവുമായി കുനാൽ ഘോഷ് അഭിപ്രായപ്പെട്ടത്.
ഗൗതം അദാനി ഗ്രൂപ്പിനെക്കുറിച്ചു പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ ഹിരനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ ഹിരനന്ദാനിയിൽനിന്നു മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങിയെന്നു കാട്ടി മുൻപങ്കാളിയും അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹാദ്റായ് സിബിഐക്ക് ഏതാനും ദിവസം മുൻപ് പരാതി നൽകിയതാണ് വിവാദങ്ങൾക്കു തുടക്കം.
ജയ് ആനന്ദിൽനിന്നു ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കർക്കും പരാതി നൽകി. കഴിഞ്ഞ ഞായറാഴ്ച ഉയർന്ന ആരോപണം ആദ്യം ദർശൻ നിഷേധിച്ചു. എന്നാൽ ആരോപണം ശരിയാണെന്ന് വ്യാഴാഴ്ച ഇദ്ദേഹം ലോക്സഭയുടെ എത്തിക്സ് കമ്മിറ്റിക്കു സത്യവാങ്മൂലം നൽകിയതോടെ വിവാദം ചൂടുപിടിച്ചു.
പാർലമെന്റിലെ ഔദ്യോഗിക ഇ–മെയിൽ വിലാസത്തിന്റെ പാസ്‌വേഡ് മഹുവ തനിക്കു നൽകിയിരുന്നുവെന്നും ചോദ്യങ്ങൾക്കു പകരമായി മഹുവയ്ക്ക് ആഡംബര വസ്തുക്കൾ സമ്മാനമായി നൽകിയെന്നുമായിരുന്നു വെളിപ്പെടുത്തൽ.
എന്നാൽ, പ്രധാനമന്ത്രിയുടെ ഓഫിസ് സമ്മർദം ചെലുത്തിയാണു ഈ സത്യവാങ്മൂലം എഴുതിച്ചതെന്നായിരുന്നു മഹുവയുടെ മറുപടി. ഈ മാസം 26ന് ഹാജരാകാൻ ജയ് ആനന്ദിനും നിഷികാന്ത് ദുബെയ്ക്കും എത്തിക്സ് കമ്മിറ്റി നോട്ടിസ് നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.