കോട്ടയം: യുവാവിന്റെ സ്കൂട്ടര്‍ മോഷണംപോയി മിനിറ്റുകള്‍ക്കുള്ളില്‍ അതിസാഹസികമായി യുവാവും കൂട്ടുകാരും ചേര്‍ന്ന് സ്കൂട്ടര്‍ തിരികെപ്പിടിച്ചു.
മറിയപ്പള്ളി പുത്തന്‍പറമ്പില്‍ അഗ്രിഷ് രാജിന്റെ സ്കൂട്ടറാണ് മോഷണംപോയത്. വെയിറ്റിങ് ഷെഡ്ഡിനു സമീപം സ്കൂട്ടര്‍ ഓഫ് ചെയ്ത് താക്കോല്‍ അതില്‍ തന്നെ വച്ചതിന് ശേഷം അഗ്രിഷ് പത്രം എണ്ണിയെടുക്കുന്നതിനായി വെയ്റ്റിങ് ഷെഡ്ഡിലേക്ക് കയറുകയായിരുന്നു.
എന്നാല്‍ അവിടെ എത്തിയ മറ്റൊരു യുവാവ് വെയ്റ്റിങ് ഷെഡ്ഡിനുള്ളില്‍ കയറിയിരിക്കുകയായിരുന്നു. പരസ്പരവിരുദ്ധമായി അയാള്‍ ആരോടെന്നില്ലാതെ സംസാരിക്കുന്നത് അഗ്രിഷും പത്രം ഏജന്റ് പി.ആര്.രാജുവും പത്രവിതരണത്തിനെത്തിയ മറ്റ് സുഹൃത്തുക്കളുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു.
എന്നാല്‍ പെട്ടെന്ന് തന്നെ അഗ്രിഷിന്റെ സ്കൂട്ടര്‍ യുവാവ് സ്റ്റാര്‍ട്ട്ചെയ്ത് നാട്ടകം ഗസ്റ്റ് ഹൗസിന്റെ ഭാഗത്തേക്ക് ഓടിച്ച് പോവുകയായിരുന്നു.അഗ്രിഷ് രാജ്, ഉടനെ ഇതേ റൂട്ടില്‍ പത്രമിടാന്‍ പോയവരെ വിവരം അറിയിച്ചു. അവര്‍ സ്ഥലത്തെത്തി അഗ്രിഷിനെയും കൂട്ടി അതിവേഗം യുവാവിന്റെ പിന്നാലെ സ്കൂട്ടറില്‍ പാഞ്ഞു. പല വഴികളിലൂടെയും രണ്ട് കിലോമീറ്റര്‍ ഇവര്‍ മോഷ്ടാവിനെ പിന്തുടര്ന്നു.
മൂലവട്ടം ദിവാന്വലഭാഗത്തു സ്കൂട്ടര്‍ ഇവരുടെ കാഴ്ചയില്‍നിന്നു മറഞ്ഞു. രണ്ടായിപ്പിരിയുന്ന റോഡില്‍ ഏതുവഴി മോഷ്ടാവ് പോയെന്നായി സംശയം. തിരച്ചില്‍ നടത്തുന്നതിനിടെ നാട്ടകം ഗസ്റ്റ് ഹൗസ് ഭാഗത്ത് നിന്ന് മോഷ്ടാവ് വരുന്നത് കണ്ടു.
മൂന്നുപേരും ചേര്‍ന്ന് സ്കൂട്ടര്‍ തടയാന്‍ ശ്രമിച്ചെങ്കിലും യുവാക്കളെ ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ചശേഷം കടുവാക്കുളം ഭാഗത്തേക്ക് പോയി. ഒടുവില്‍ ഇവര്‍ മോഷ്ടാവിനെ തടഞ്ഞു. എന്നാല്‍ റോഡില്‍ സ്കൂട്ടര്‍ ഉപേക്ഷിച്ച് യുവാക്കളെയും തള്ളിയിട്ട് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.