കണ്ണൂര്‍: വംശീയാധിക്ഷേപവും അസഭ്യവര്‍ഷവും നടത്തിയ പാനൂര്‍ നഗരസഭ സെക്രട്ടറിക്കെതിരെ ജനരോഷം. ഭരണപക്ഷമായ യു.ഡി.എഫിനു 'പിന്നാലെ പ്രതിപക്ഷമായ ഇടതുപക്ഷവും സെക്രട്ടറിക്കെതിരെ രംഗത്തുവന്നു.
നഗരസഭ സെക്രട്ടറിയും ഉദ്യോഗസ്ഥനും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് വംശീയതയും അസഭ്യവര്ഷവുമുള്ളത്. എൻ.ഡി.എഫാണ് സെക്രട്ടേറിയറ്റ് ഭരിക്കുന്നതെന്ന് പറയുന്ന സെക്രട്ടറി, പാനൂര്‍ നഗരസഭയില്‍ ഇസ്ലാമിക് ബ്രദര്‍ഹുഡാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറയുന്നു.
പ്രദേശത്തെ മാപ്പിളമാര്‍ എനിക്ക് വട്ടപ്പൂജ്യമാണ്, എൻ.ഡി.എഫിനുവേണ്ടിയാണ് ചിലരെ സ്ഥലംമാറ്റിയത്, ചെയര്‍മാനേക്കാള്‍ നല്ല ഇന്ത്യൻ പൗരനാണ് ഞാൻ, കളിച്ചാല്‍ യു.പിയിലെ ജയിലിലടക്കും, ഇസ്ലാമിക രാജ്യം മനസ്സില്‍ പ്രേമിച്ചു നടക്കുന്നവനാണ് ചെയര്‍മാനും ചില കൗണ്‍സിലര്‍മാരും തുടങ്ങി കേട്ടാലറക്കുന്ന വംശീയാധിക്ഷേപമാണ് മിനിറ്റുകള്‍ നീളുന്ന ശബ്ദരേഖയിലുള്ളത്.
മാപ്പിളമാരുടെ കാര്യത്തിനു മാത്രമുണ്ടാക്കിയതാണ് ലീഗെന്നും 'തങ്ങള്‍' എന്നു പറഞ്ഞാല്‍ മതംമാറിയ ടീമാണെന്നും പരിഹസിക്കുന്നു. സ്ഥലംമാറിപ്പോയ എല്‍.ഡി ക്ലര്ക്കിനോടാണ് സെക്രട്ടറിയുടെ സംഭാഷണം. ശബ്ദരേഖ പുറത്തുവന്നതോടെ മുസ്ലിം ലീഗും യു.ഡി.എഫും സമരവുമായി രംഗത്തെത്തി.
നഗരസഭ ഭരണസമിതിയും സെക്രട്ടറിയും ഏറെനാളായി അസ്വാരസ്യത്തിലാണ്. ജീവനക്കാരുടെ വേതനവുമായി ബന്ധപ്പെട്ട് ഹെല്‍ത്ത് ഇൻസ്പെക്ടറുമായുള്ള അഭിപ്രായ ഭിന്നതയാണ് ഒടുവിലത്തേത്. ഇതിലുള്ള സെക്രട്ടറിയുടെ പ്രതിഷേധമാണ് സംഭാഷണം മുഴുവൻ.
യു.ഡി.എഫാണ് പാനൂര്‍ നഗരസഭ ഭരിക്കുന്നത്. 40 അംഗ കൗണ്‍സിലില്‍ മുസ്ലിം ലീഗ് 17, കോണ്‍ഗ്രസ് 6, എല്‍.ഡി.എഫ് 14, ബി.ജെ.പി മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില.
സെക്രട്ടറിയുമായി അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതായും നഗരസഭ തനത് ഫണ്ടില്‍നിന്ന് ആദായ നികുതിയടച്ചതിന് ഇദ്ദേഹത്തിനെതിരെ നേരത്തേ പരാതി നല്‍കിയിട്ടുണ്ടെന്നും നഗസഭ ചെയര്മാൻ വി. നാസര്‍ പറഞ്ഞു. വെള്ളിയാഴ്ച ചേരുന്ന പ്രത്യേക കൗണ്‍സിലില്‍ സെക്രട്ടറിക്കെതിരെ പ്രമേയം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.