കൊച്ചി: വിദ്യാരംഭ ചടങ്ങില്‍ കുട്ടികള്‍ ഏത് അക്ഷരം ആദ്യം കുറിക്കണമെന്ന് രക്ഷിതാക്കള്‍ക്ക് തിരഞ്ഞെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവ്.
മട്ടന്നൂര്‍ നഗരസഭാ ലൈബ്രറി കമ്മിറ്റി നടത്തുന്ന വിദ്യാരംഭ ചടങ്ങില്‍ അപാകതയില്ല. ഒരു മന്ത്രം മാത്രം സ്വീകരിക്കണമെന്ന് നഗരസഭാ ലൈബ്രറി കമ്മിറ്റി നിര്‍ബന്ധിക്കുന്നില്ല. സ്വന്തം മതവിശ്വാസമനുസരിച്ച് മാതാപിതാക്കള്‍ക്ക് തീരുമാനമെടുക്കാം. കുട്ടിയെയോ മാതാപിതാക്കളെയോ സംഘാടകര്‍ പരിപാടിയുടെ ഭാഗമാകാന്‍ നിര്‍ബന്ധിക്കുന്നില്ലെന്നും ഹൈക്കോടതി വിധിയില്‍ നിരീക്ഷിച്ചു.
അതേസമയം ലൈബ്രറി കമ്മിറ്റി ചടങ്ങ് ഏതെങ്കിലും ഒരു മത ചടങ്ങിന്റെ ഭാഗമല്ല, അതുകൊണ്ട് തന്നെ മതേതരമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ലൈബ്രറി കമ്മിറ്റിയുടെ തീരുമാനത്തില്‍ കോടതി ഇടപെടേണ്ട സാഹചര്യമില്ല. ഇന്ത്യ വ്യത്യസ്തതകള്‍ ഉള്‍ക്കൊള്ളുന്ന രാജ്യമാണ്.
വ്യത്യസ്ത മതധാരകളും വിശ്വാസങ്ങളും പിന്തുടരുന്നവരുണ്ട്. ഇത് നൂറ്റാണ്ടുകളായി തുടരുന്നതാണ്. ലൈബ്രറി കമ്മിറ്റിയുടെ പരിപാടിയില്‍ ഇടപെട്ട് ഉത്തരവ് പുറപ്പെടുവിക്കേണ്ട സാഹചര്യമില്ലെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ഉത്തരവില്‍ വ്യക്തമാക്കി.
2014 മുതല്‍ മട്ടന്നൂര്‍ നഗരസഭാ ലൈബ്രറി കമ്മിറ്റി വിദ്യാരംഭ ചടങ്ങ് സംഘടിപ്പിക്കുന്നതാണെന്നായിരുന്നു സംഘാടകരുടെ അഭിഭാഷകന്റെ വിശദീകരണം. സംഘാടകര്‍ ഉദ്ദേശിക്കുന്നതിന്റെ നേര് വിപരീതമാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്നത്.
എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും അവരുടെ വിശ്വാസം സംരക്ഷിച്ചുകൊണ്ടുതന്നെ ചടങ്ങില്‍ പങ്കെടുക്കാം. തികച്ചും മതേതരമായാണ് വിദ്യാരംഭ ചടങ്ങ് സംഘടിപ്പിക്കുന്നതെന്നും മട്ടന്നൂര്‍ നഗരസഭാ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ വിശദീകരിച്ചു. വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും മതങ്ങളില്‍ വിശ്വസിക്കാത്തവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന രീതിയിലാണ് വിദ്യാരംഭ ചടങ്ങ് തീരുമാനിച്ചിട്ടുള്ളതെന്നും നഗരസഭാ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ വിശദീകരിച്ചു.
സദുദ്ദേശപരമായാണ് വിദ്യാരംഭ ചടങ്ങ് നടത്തുന്നത്. ഹര്ജിക്കാരന് ഇതിനെ വിരുദ്ധാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുകയാണ് എന്നും മട്ടന്നൂര്‍ നഗരസഭ മറുപടി നല്കി. ആരുടെയും മതവിശ്വാസങ്ങള്‍ക്ക് വിരുദ്ധമായി ഒന്നും അടിച്ചേല്‍പ്പിക്കുന്നില്ല. തെറ്റായ ഉദ്ദേശത്തോടെയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതെന്നുമായിരുന്നു മട്ടന്നൂര്‍ നഗരസഭാ അഭിഭാഷകന്റെ വാദം.
മട്ടന്നൂര്‍ നഗരസഭാ ലൈബ്രറി കമ്മിറ്റിയുടെ മതേതര വിദ്യാരംഭ ചടങ്ങ് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിദ്യാരംഭ ചടങ്ങ് സനാതന ധര്മ്മത്തിന് എതിരാണെന്ന് ആയിരുന്നു ഹര്‍ജിയിലെ ആക്ഷേപം. ലൈബ്രറി കമ്മിറ്റിയുടെ നോട്ടീസില്‍ പറയുന്ന വിദ്യാരംഭ ചടങ്ങ് പരമ്ബരാഗത ഹിന്ദു ആചാരപ്രകാരം നടത്താന്‍ നിര്‍ദ്ദേശിക്കണം എന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.