കോട്ടയം: നാടിന് വെളിച്ചമേകാൻ കുറവിലങ്ങാട് 400 കെവി സബ് സ്‌റ്റേഷൻ യാഥാർഥ്യത്തിലേക്ക്. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വൈദ്യുതി പ്രതിസന്ധി കുറയ്‌ക്കാൻ ഉപകാരമാകുന്ന സബ് സ്‌റ്റേഷൻ നവംബർ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. 130 കോടി മുതൽമുടക്കി നിർമിക്കുന്ന സബ് സ്‌റ്റേഷന്റെ 95 ശതമാനം നിർമാണവും പൂർത്തിയായി.
കൂടംകുളം ആണവനിലയത്തിൽനിന്നും തിരുനെൽവേലി– കൊച്ചി ലൈൻ വഴി 400 കെവി വൈദ്യുതി സ്വീകരിച്ച് 220 കെവി ആക്കി വിവിധ ജില്ലകളിലേക്ക് വിതരണം ചെയ്യാൻ കുറവിലങ്ങാട് സബ് സ്‌റ്റേഷൻ യാഥാർഥ്യമാകുന്നതോടെ സാധ്യമാകും.ഇതിനായി 220 കെവിയുടെ ആറ് ഫീഡറുകൾ സജ്ജമായി. ഏറ്റുമാനൂരിലേക്ക് രണ്ട്, പള്ളം ഒന്ന്, എറണാകുളം അമ്പലമുകളിലേക്ക് ഒന്ന് ആലപ്പുഴ തുറവൂരിലേക്ക് രണ്ട് എന്നിങ്ങനെയാണ് ഫീഡറുകളുണ്ടാകുക.
ഇതിൽ തുറവൂരിലെ സബ് സ്‌റ്റേഷൻ നിർമാണം ടെൻഡർ നടപടികളിലാണ്. പൂർത്തിയാകാൻ ഒന്നര വർഷം ആകുമെങ്കിലും ലൈൻ ചാർജ് ചെയ്ത് അവിടെവരെ എത്തിച്ചു. മറ്റിടങ്ങളിലൊക്കെ വൈദ്യുതി വിതരണം ഇതിനകം ആരംഭിച്ചു. ഇതോടെ മൂന്ന് ജില്ലകളിലെ വോൾട്ടേജ് ക്ഷാമം ഒരു പരിധിവരെ പരിഹരിക്കാം.
ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയറുള്ള സംസ്ഥാനത്തെ ആദ്യ 400 കെവി സബ് സ്‌റ്റേഷനാണ് കുറവിലങ്ങാട് യാഥാർഥ്യമാകുന്നത്. ഈ രീതിയിലൂടെ കുറഞ്ഞ സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ ഉയർന്ന കാര്യക്ഷമതയുള്ള സബ് സ്‌റ്റേഷൻ നിർമിക്കാനാകും.
സൾഫർ ഹെക്‌സാ ഫ്ലൂറൈഡ് എന്ന വാതകം നിറച്ച പ്രത്യേക കമ്പാർട്ട്‌മെന്റുകളിലാണ് സബ് സ്‌റ്റേഷന്റെ ഉപകരണങ്ങൾ സൂക്ഷിക്കുക. ഇതിനാൽ സ്ഥലപരിമിധി പ്രശ്‌നമായി മാറില്ല. സ്ഥലം കിട്ടാൻ ബുദ്ധിമുട്ടുണ്ടായ പ്രദേശത്ത് ഇത്ര വലിയ സബ് സ്‌റ്റേഷൻ നിർമാണം പൂർത്തീകരിക്കാനായത് ഗ്യാസ് ഇൻസുലേറ്റഡ് രീതി പരീക്ഷിച്ചതിനാലാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.