കല്പറ്റ: നിപബാധിച്ച് ഒരാൾ മരിച്ച കോഴിക്കോട് മരുതോങ്കരയിൽനിന്ന് പിടികൂടിയ 12 വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച് ആന്റിബോഡി കണ്ടെത്തിയതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. ഐ.സി.എം.ആറിൽനിന്ന് ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള കത്തുലഭിച്ചിട്ടുണ്ടെന്നും മന്ത്രി ലക്കിടിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യഘട്ടത്തിൽ നിപബാധിതമേഖലകളിൽനിന്ന് ശേഖരിച്ച വവ്വാലുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. ഇത്തവണ രോഗം ബാധിച്ച് ആദ്യം മരിച്ച മരുതോങ്കര കള്ളാട് സ്വദേശിയുടെ വീട്ടുപരിസരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്ന് കേന്ദ്ര-സംസ്ഥാന മൃഗസംരക്ഷണവകുപ്പ് വിദഗ്ധർ വവ്വാലുകളെ പിടികൂടി സ്രവങ്ങൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചിരുന്നു. എന്നാൽ, വവ്വാലുകളിൽനിന്നു ശേഖരിച്ച 36 സാംപിളുകൾ നെഗറ്റീവായിരുന്നു.വവ്വാലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കാനായെങ്കിലും വവ്വാലുകളിൽനിന്ന് മനുഷ്യരിലേക്ക് രോഗം പകർന്നത് എങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല.
നിപബാധിതമേഖലകളിൽ ഇത്തവണ വ്യാപകമായി കാട്ടുപന്നികൾ ചത്തത് ആശങ്കയുയർത്തിയിരുന്നു. പന്നികൾ വഴിയാണോ രോഗം പടർന്നതെന്ന സംശയവും ഉയർന്നിരുന്നു. എന്നാൽ, പന്നികൾ ചത്തത് ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.
ലോകത്താദ്യമായി നിപബാധയുണ്ടായത് 1998-ൽ മലേഷ്യയിലാണ്. പന്നികളിൽനിന്നാണ് അവിടെ വൈറസ് മനുഷ്യരിേലക്ക് പകർന്നതെന്ന് കണ്ടെത്തി. വവ്വാലുകളിൽനിന്നായിരുന്നു വളർത്തുപന്നികളിൽ വൈറസ് എത്തിയത്.
വൈറസ് എങ്ങനെ മനുഷ്യരിലേക്ക് പകരുന്നുവെന്ന് കണ്ടെത്തുന്നത് രോഗപ്രതിരോധപ്രവർത്തനങ്ങളിൽ പ്രധാനമാണ്. കേരളത്തിൽ നാലുതവണ നിപബാധയുണ്ടായെങ്കിലും രോഗ ഉറവിടം അജ്ഞാതമായിത്തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.