കണ്ണൂർ: ആറളത്ത് വനപാലകർക്ക് നേരെ വെടിയുതിർത്ത സംഭവത്തിനു പിന്നിൽ മാവോ വാദി നേതാവ് സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് സൂചന. ഇവർക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. വധശ്രമക്കുറ്റത്തിനൊപ്പമാണ് യു.എ.പി.എയും ചുമത്തിയിരിക്കുന്നത്.
അഞ്ചംഗ സംഘമാണ് പ്രദേശത്ത് അക്രമം നടത്തിയതെന്നാണ് വനപാലകർ പറയുന്നത്. സംഘത്തിൽ ഒരു സ്ത്രീ ഉണ്ടായിരുന്നതായും ഇവർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലും സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സായുധസംഘം പ്രദേശത്തെത്തിയിരുന്നു.മാവോ വാദികളെ കണ്ടെത്തുന്നതിനായി തണ്ടർബോൾട്ടുൾപ്പെടെയുള്ള സായുധസേനയെ ഉദ്യോഗസ്ഥർ വിന്യസിച്ചിട്ടുണ്ട്. കർണാടകയുടെ സഹായവും ഇവരെ കണ്ടെത്തുന്നതിനായി സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ സായുധസേനയെ വിന്യസിച്ചുകൊണ്ട് ശക്തമായ പരിശോധന നടത്താനാണ് തീരുമാനം.
തിങ്കളാഴ്ച ഉച്ചയോടെയാണ് കണ്ണൂർ ആറളം വന്യജീവി സങ്കേതത്തിനുള്ളിൽ വച്ച് വനംവകുപ്പ് വാച്ചർമാർക്കെതിരെ മാവോവാദികൾ വെടിയുതിർത്തത്. വനംവകുപ്പിലെ താത്‌കാലിക വാച്ചർമാരായ എബിൻ (26), സിജോ (28), ബോബസ് (25) എന്നിവർക്കുനേരേയാണ് മാവോവാദിസംഘം ഏഴുറൗണ്ട് വെടിവെച്ചത്.
വെടിവെപ്പിൽ ആർക്കും പരിക്കേറ്റില്ലെങ്കിലും മാവോവാദികൾക്ക് മുന്നിൽനിന്ന് രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയിൽ വീണ് മൂന്ന് വനപാലകർക്കും നിസ്സാരപരിക്കേറ്റു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.