ന്യൂഡല്‍ഹി: 26 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി സമർപ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
കോടതി നിര്‍ദേശിച്ച മെഡിക്കല്‍ പരിശോധനയില്‍ ഗര്‍ഭസ്ഥ ശിശുവിനും ഗര്‍ഭിണിയ്ക്കും യാതൊരു വിധത്തിലുമുള്ള വൈകല്യവുമില്ലെന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹര്‍ജി തള്ളിയത്. ഹൃദയമിടിപ്പ് നിശ്ചലമാക്കാന്‍ കോടതിക്ക് സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു.
രണ്ടുകുട്ടികളുടെ അമ്മയായ തനിക്ക് ഇനിയൊരു കുഞ്ഞിനെക്കൂടി വളര്‍ത്താന്‍ മാനസികമായോ ശാരീരികമായോ പ്രാപ്തിയില്ലെന്നായിരുന്നു യുവതിയുടെ വാദം. യുവതിയുടെ ഹര്‍ജി പരിഗണിച്ച കോടതി ഒക്ടോബര്‍ ഒമ്പതിന് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയിരുന്നു.
പിന്നീട് വിദഗ്ധസംഘത്തിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. തുടർന്ന് ഹര്‍ജി വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വരികയായിരുന്നു.
ഹര്‍ജിയില്‍ ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് വിടുകയായിരുന്നു.
അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ 26 ആഴ്ചയും അഞ്ച് ദിവസവും വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കുന്നത് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ടിന്റെ മൂന്ന്, അഞ്ച് വകുപ്പുകളുടെ ലംഘനമാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.