ഡല്‍ഹി : എതിരാളികളെ ഒതുക്കാൻ കേന്ദ്രസര്‍ക്കാരിന്റെ ദംഷ്‍ട്ര എന്നറിയപ്പെടുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) പരമോന്നത കോടതിയില്‍ കനത്ത തിരിച്ചടി.
കള്ളപ്പണ കേസുകളില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ അതിനുള്ള കാരണങ്ങള്‍ എന്താണെന്ന് ഇ.ഡി രേഖാമൂലം പ്രതിക്ക് എഴുതിനല്‍കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ എം ത്രീ എമ്മിന്റെ ഡയറക്ടര്‍മാരെ ഇ.ഡി അറസ്റ്റ് ചെയ്ത രീതിയോട് കടുത്ത വിമര്‍ശനമുന്നയിച്ച കോടതി, രണ്ട് ഡയറക്ടര്‍മാര്‍ക്കും ജാമ്യം അനുവദിച്ചു.
ഏകപക്ഷീയ നടപടികളാണ് ഇ.ഡിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. എം ത്രീ എം കമ്പനി ഡയറക്ടര്‍മാരായ പങ്കജ് ബൻസലിനെയും ബസന്ത് ബൻസലിനെയും ജൂണ്‍ 18ന് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിനുള്ള കാരണമെന്തെന്ന് രേഖാമൂലം പ്രതികളെ അറിയിച്ചിരുന്നില്ല. കാരണങ്ങള്‍ ഇ.ഡി ഉദ്യോഗസ്ഥൻ വായിച്ചുകേള്‍പ്പിക്കുക മാത്രമാണ് ചെയ്തത്. ഈ നടപടിയെ സുപ്രീംകോടതി ചോദ്യം ചെയ്തു.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വകുപ്പ് 19(1) പ്രകാരം അറസ്റ്റിനുള്ള കാരണങ്ങള്‍ പ്രതിക്ക് എഴുതിനല്‍കാൻ ഇ.ഡി ഉദ്യോഗസ്ഥര്‍ ബാദ്ധ്യസ്ഥരാണ്. ഈ കേസില്‍ ഇ.ഡി അക്കാര്യം പാലിച്ചില്ല.
അതിനാല്‍ തന്നെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും പ്രതികളെ ഉടനടി മോചിപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. അറസ്റ്റും റിമാൻഡുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും റദ്ദാക്കി. 400 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണമാണ് പ്രതികള്‍ നേരിടുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ പരിപാലിക്കാൻ ഉത്തരവാദിത്തമുള്ള ഏജൻസിയാണ് ഇ.ഡിയെന്ന് സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു. ഇത്തരത്തിലൊരു പ്രധാന ഏജൻസിയുടെ മോശം പ്രവര്‍ത്തനരീതിയാണ് കേസില്‍ പ്രതിഫലിക്കുന്നതെന്ന് കോടതിയുടെ നിരീക്ഷണം. അന്വേഷണങ്ങളിലും നടപടികളിലും ഇ.ഡി സുതാര്യമായിരിക്കണം. നീതിയും ധാര്‍മികതയും പുലര്‍ത്തണം.
ഇ.ഡിയില്‍ നിന്ന് പ്രതികാര നിലപാടുകള്‍ പ്രതീക്ഷിക്കുന്നില്ലെന്ന് പറഞ്ഞ സുപ്രീംകോടതി, നിയമപ്രകാരമുള്ള നടപടികള്‍ പാലിക്കുന്നതില്‍ ഇ.ഡിക്ക് വീഴ്ച്ച പറ്റിയെന്ന് വിമര്‍ശിക്കുകയും ചെയ്തു. കേരളത്തിലേതടക്കം കേസുകളില്‍ ഇ.ഡിയുടെ അന്വേഷണത്തിനുള്ള ദിശാസൂചകമായി ഈ ഉത്തരവ് മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.