ന്യൂഡല്‍ഹി: വാര്‍ത്താപോര്‍ട്ടലായ ന്യൂസ്ക്ലിക്കിനെതിരെ യു.എ.പി.എ. നിയമപ്രകാരം കേസെടുത്ത് ഡല്‍ഹി പോലീസ്. അതിന് പിന്നാലെ സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വസതികളില്‍ റെയ്ഡും നടന്നു.
ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്ലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നിലവില്‍ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍, ചോദ്യംചെയ്യലിനായി ഏതാനും മാധ്യമപ്രവര്‍ത്തകരെ പോലീസ് സ്റ്റേഷനിലേക്കുകൊണ്ടുപോയിട്ടുണ്ടെന്നാണ് വിവരം.
സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡല്‍ഹിയിലെ വസതിയിലും റെയ്ഡ് നടക്കുന്നുണ്ട്. ന്യൂസ്ക്ലിക്കിലെ ജീവനക്കാരന് യെച്ചൂരിയുടെ വസതിയില്‍ താമസിക്കുന്നതിനാലാണ് ഇവിടെ പരിശോധന നടത്തുന്നത്.
നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പോര്‍ട്ടലിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് നടത്തിയ തിരച്ചിലിനുപിന്നാലെ പോര്‍ട്ടലുമായി ബന്ധപ്പെട്ട വിവിധ രേഖകള്‍ പിടിച്ചെടുത്തിരുന്നു. ചൊവ്വഴാഴ്ച നടന്ന പരിശോധന പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന്റെ പശ്ചാത്തലത്തിലാണോ എന്നതില്‍ വ്യക്തതയില്ല. പരിശോധനയുമായി ബന്ധപ്പെട്ട് മറ്റുവിവരങ്ങള്‍ പിന്നീട് ലഭ്യമാക്കാമെന്ന് പോലീസ് അറിയിച്ചു.
പ്രഭിര്‍ പുര്‍കയാസ്ഥ, അഭിഷര്‍ ശര്‍മ, ഔനിന്ദ്യോ ചക്രവര്‍ത്തി, പരഞ്ജോയ് ഗുഹ താകുര്‍ത്ത, ഭാഷാ സിങ്, അതിഥി നിഗം, ബപ്പാ സിന്‍ഹ, ഊര്‍മിളേഷ് എന്നീ മാധ്യമപ്രവര്‍ത്തകരുടെ വസതികളിലാണ് റെയ്ഡ്. ഇവര്‍ക്ക് പുറമേ സഞ്ജയ് രജൗര, സൊഹൈല്‍ ഹഷ്മി എന്നിവരുടെ വസതികളും പരിശോധന നടന്നു. പലരുടേയും ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തതായും ആരോപണമുണ്ട്.
ന്യൂഡല്‍ഹിയിലെ കാനിങ് റോഡിലെ 36-ാം നമ്പറിലുള്ള യെച്ചൂരിയുടെ ഔദ്യോഗിക വസതിയിലാണ് റെയ്ഡ് നടക്കുന്നത്. സീതാറാം യെച്ചൂരി ഇവിടെ താമസിക്കാറില്ല. സി.പി.എം. ഓഫീസിലെ ജീവനക്കാരന്റെ മകനായ ന്യൂസ് ക്ലിക്കിലെ ജീവനക്കാരന് താമസിക്കുന്നതിനെത്തുടര്ന്നാണ് ഇവിടെ പോലീസ് റെയ്ഡ് നടത്തുന്നത്. ഇതുകൂടാതെ ഡല്‍ഹിയിലും നോയിഡയിലുമായി 35 ഓളം സ്ഥലങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്.
രാജ്യത്തിനെതിരായ അപവാദപ്രചാരണം നടത്താന്‍ ന്യൂസ് ക്ലിക്കിന് ചൈനീസ് സഹായം ലഭിച്ചിരുന്നതായി ബി.ജെ.പി. ആരോപണമുന്നയിച്ചിരുന്നു. ചൈനീസ് അനുകൂല പ്രചാരണത്തിനായി വിദേശവ്യവസായി മൊഗള്‍ നെവില്‍ റോയ് സിംഘം ന്യൂസ് ക്ലിക്കിനായി ഫണ്ടിങ് നടത്തിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടി പ്രകാശ് കാരാട്ടിനെതിരെയടക്കം പാര്‍ലമെന്റില്‍ ബി.ജെ.പി. ആരോപണം ഉന്നയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.