ചെന്നൈ;തമിഴ്നാട്ടിൽ അണ്ണാഡിഎംകെയുമായുള്ള പ്രശ്നങ്ങൾ ഒരു മാസത്തിനുള്ളിൽ പരിഹരിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി ബിജെപി കേന്ദ്ര നേതൃത്വം. ഇക്കാര്യത്തിൽ പ്രാദേശിക നേതാക്കൾ ഇനി അഭിപ്രായ പ്രകടനം നടത്തേണ്ടതില്ലെന്നും മുന്നറിയിപ്പു നൽകി.
കേന്ദ്രമന്ത്രിയും തമിഴ്നാട്ടിൽ നിന്നുള്ള ദേശീയ നേതാവുമായ നിർമല സീതാരാമനെ മുൻനിർത്തിയാകും അനുരഞ്ജന ചർച്ചകൾ മുന്നോട്ടു പോകുക. ഇതിനായി തിടുക്കം കൂട്ടേണ്ടെന്നും സ്ഥിതി ശാന്തമാകുന്നതു വരെ കാത്തിരിക്കാമെന്നുമാണു ബിജെപി നിലപാട്.
ഇതിനിടെ, ‘അനാരോഗ്യം’ മൂലം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ 2 ആഴ്ചത്തെ വിശ്രമം തേടി. അദ്ദേഹം നടത്തുന്ന ‘എൻ മക്കൾ എൻ മൺ’ പദയാത്രയുടെ അടുത്ത ഘട്ടം പുനഃക്രമീകരിച്ചതായി പാർട്ടി അറിയിച്ചു.
ശ്വാസകോശ അണുബാധ, ആസ്മ തുടങ്ങിയ പ്രശ്നങ്ങളുണ്ടെന്നും രണ്ടാഴ്ച പരിപൂർണമായ വിശ്രമം ഡോക്ടർമാർ നിർദേശിച്ചതായും പാർട്ടി അറിയിച്ചു. ഇതോടെ, അണ്ണാമലൈയുടെ സാന്നിധ്യമില്ലാതെ ഇന്നു ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ യോഗം ചെന്നൈയിൽ നടക്കും.അതേ സമയം, പാർട്ടി പ്രവർത്തകരുടെ അഭിപ്രായം കണക്കിലെടുത്താണു ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചതെന്നും മറ്റൊരു കാരണവും അതിനു പിന്നിലില്ലെന്നും അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമി വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റുകളുടെ എണ്ണം സംബന്ധിച്ച് തർക്കമുണ്ടായിട്ടില്ല. ബിജെപി സംസ്ഥാന അധ്യക്ഷനെ മാറ്റണമെന്നു താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ബിജെപിയുമായി സഖ്യം വേണ്ടെന്ന കാര്യത്തിൽ പാർട്ടി ഉറച്ച തീരുമാനമെടുത്തിട്ടുണ്ടെന്നും എടപ്പാടി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.