തിരുവനന്തപുരം: ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശമ്പളം 1.60 ലക്ഷം രൂപയാണ്. അടിസ്ഥാന ശമ്പളം 50,000 രൂപ. രാഷ്ട്രപതിക്കാണ് ഏറ്റവും കൂടുതല്‍ ശമ്പളം.5 ലക്ഷം രൂപ. തങ്ങളുടെ ശമ്പളം കുത്തനെ വര്‍ദ്ധിപ്പിക്കണമെന്ന കേരള പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ രാഷ്ട്രപതി കഴിഞ്ഞാല്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്നവരെന്ന ബഹുമതിക്ക് അവര്‍ അര്‍ഹരാകും. ചീഫ്സെക്രട്ടറിക്കും ഡി.ജി.പിക്കും ലഭിക്കാത്ത ശമ്പളമാകും ഇവര്‍ക്ക് ലഭിക്കാൻ പോവുന്നത്.
പി.എസ്.സി വിജ്ഞാപനവും നിയമനങ്ങളും ഗണ്യമായി കുറയുമ്പോഴും ചെയര്‍മാനും അംഗങ്ങള്‍ക്കും രാജകീയമായി കഴിയാൻ തങ്ങളുടെ ശമ്പളം കുത്തനെ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.
ചെയര്‍മാന്റെ ശമ്പളം നിലവിലെ 2.25 ലക്ഷത്തില്‍ നിന്ന് 4 ലക്ഷമായും അംഗങ്ങളുടേത് 2.23 ലക്ഷത്തില്‍ നിന്ന് 3.75 ലക്ഷമായും വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാല്‍ അത് ലോട്ടറി അടിച്ചത് പോലെയാകും. ചെയര്‍മാനും അംഗങ്ങളും വിവിധ രാഷ്ട്രീയ പ്രതിനിധികളായതിനാല്‍ സാമ്പത്തിക പ്രതിസന്ധിക്കിടെയും ആവശ്യം സര്‍ക്കാര്‍ തള്ളിക്കളയാനിടയില്ല.
ശമ്പളം വര്‍ദ്ധിപ്പിച്ചാല്‍ അതിനാനുപാതികമായ പെൻഷൻ വര്‍ദ്ധനവുമുണ്ടാകും. നിലവില്‍ ചെയര്‍മാന് 1.25 ലക്ഷവും അംഗങ്ങള്‍ക്ക് 1.20 ലക്ഷവുമാണ് പെൻഷൻ. ഇത് യഥാക്രമം 2.50 ലക്ഷവും 2.25 ലക്ഷവുമായി ഉയരും. ഇപ്പോള്‍ ധനകാര്യ വകുപ്പിന്റെ പരിഗണനയിലുള്ള ആവശ്യം അംഗീകരിച്ചാല്‍ സര്‍ക്കാര്‍ ഖജനാവിനുണ്ടാകുന്ന അധികബാദ്ധ്യത 4 കോടി രൂപയായിരിക്കും.
നിലവില്‍ ചെയര്‍മാന്റെയും അംഗങ്ങളുടെയും വാര്‍ഷിക ശമ്പളത്തിനായി 5.59 കോടിയാണ് ചിലവ്. ഇത് 9.48 കോടിയായി ഉയരും. സംസ്ഥാനത്ത് നിലവില്‍ ലഭ്യമാകുന്ന എല്ലാ സുഖസൗഭാഗ്യങ്ങളുടെയും ഗുണഭോക്താക്കളാണ് പി.എസ്.സി ചെയര്‍മാനും അംഗങ്ങളും. ഭരിക്കുന്ന മുന്നണിയിലെ ഘടകകക്ഷി പ്രതിനിധികളായി രാഷ്ട്രീയ നിമനത്തിലൂടെ എത്തുന്ന പി.എസ്.സി അംഗങ്ങള്‍ക്ക് ഇപ്പോള്‍ വാങ്ങുന്ന പ്രതിമാസ ശമ്പളത്തിനു പുറമെ കാറ്, താമസിക്കാൻ ഫ്ളാറ്റ്, ഓരോ സിറ്റിംഗിനും അലവൻസ്, യാത്രാബത്ത, മെഡിക്കല്‍ അലവൻസ് എന്നിവയും ലഭിക്കുന്നുണ്ട്. 6 വര്‍ഷ കാലാവധി കഴിഞ്ഞ് വിരമിക്കുമ്പോള്‍ ആജീവനാന്ത പെൻഷനും കിട്ടും. ഇതിനുപുറമെ കുടുംബാംഗങ്ങള്‍ക്കടക്കം സൗജന്യ ചികിത്സാസഹായവും.
നിലവില്‍ ചെയര്‍മാന്റെ അടിസ്ഥാന ശമ്പളം 76,000 രൂപയും അംഗങ്ങളുടേത് 70,000 രൂപയുമാണ്. അടിസ്ഥാന ശമ്പളത്തില്‍ നാലിരട്ടിയുടെ വര്‍ദ്ധനവാണ് അവരാവശ്യപ്പെടുന്നത്. ഒരു ഉദ്യോഗാര്‍ത്ഥിക്ക് പി.എസ്.സി വഴി നിയമനം ലഭിക്കണമെങ്കില്‍ കുത്തിയിരുന്ന് പഠിച്ച് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയാലേ നിയമന ശുപാര്‍ശ ലഭിക്കൂ. ഇന്റര്‍വ്യൂ എന്ന കടമ്പയുമുണ്ട്. പി.എസ്.സി എന്ന വെള്ളാന ഇപ്പോള്‍ കേരളത്തില്‍ നടത്തുന്ന നിയമനങ്ങള്‍ വര്‍ഷം തോറും താഴോട്ടാണ്. 2016 ല്‍ 37,530 നിയമനങ്ങള്‍ നടത്തിയെങ്കില്‍ 2023 ജൂലായ് വരെ 15,144 നിയമനങ്ങള്‍ മാത്രമാണ് നടത്തിയത്.
പി.എസ്.സിയെ നോക്ക്കുത്തിയാക്കി താത്കാലിക നിയമനങ്ങളും കരാര്‍, പിൻവാതില്‍ നിയമനങ്ങളും പെരുകിയതാണ് ഇതിനു കാരണം. പല സ്ഥാപനങ്ങളിലും താത്കാലിക നിയമനം നടത്തി പിന്നീട് സ്ഥിരപ്പെടുത്തുകയാണ് പതിവ്. സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതികളിലായി 5000 ത്തോളം താത്കാലികക്കാരുണ്ടെന്നാണ് കണക്ക്. മിക്ക ഓഫീസുകളിലും ഡ്രൈവര്‍ നിയമനവും താത്കാലികമാണ്.
ഏറ്റവുമധികം അംഗങ്ങള്‍ കേരളത്തില്‍
ഇന്ത്യയില്‍ ഏറ്റവുമധികം പി.എസ്.സി അംഗങ്ങളുള്ള സംസ്ഥാനമാണ് കേരളം. അത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പി.എസ്.സി നിയമനങ്ങള്‍ നടത്തുന്ന രാജസ്ഥാനില്‍ വെറും 8 അംഗങ്ങള്‍ മാത്രമാണുള്ളത്. തമിഴ്നാട്ടില്‍ 14 ഉം കര്‍ണാടകയില്‍ 13 ഉം അംഗങ്ങളുണ്ട്.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്ന യു.പി.എസ്.സിയില്‍ 9 അംഗങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍ കേരളം ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളിലെല്ലാം പി.എസ്.സി കൂടാതെ നിരവധി റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ ഉള്ളതിനാല്‍ പി.എസ്.സി വഴിയുള്ള നിയമനങ്ങള്‍ കുറവാണെന്നാണ് കേരളത്തിലെ പി.എസ്.സി അംഗങ്ങള്‍ പറയുന്നത്. കേരളത്തില്‍ 2600 തസ്തികകളിലേക്കാണ് പി.എസ്.സി നിയമനം നടത്തുന്നത്.
രാജസ്ഥാനില്‍ 160 തസ്തികകളില്‍ മാത്രമാണ് പി.എസ്.സി നിയമനം. പി.എസ്.സി ഒരു ഭരണഘടനാ സ്ഥാപനമായതിനാല്‍ കേന്ദ്രനിരക്കിലുള്ള ആനുകൂല്യങ്ങളും കേന്ദ്ര ജുഡിഷ്യല്‍ കമ്മിഷൻ അംഗങ്ങളുടെ അലവൻസുകളും വേണമെന്നാണ് പി.എസ്.സി അംഗങ്ങളും ചെയര്‍മാനും ആവശ്യപ്പെടുന്നത്.
സാമ്പത്തിക പ്രതിസന്ധി, പക്ഷെ ധൂര്‍ത്തിന് കുറവില്ല
സംസ്ഥാനം നിത്യനിദാന ചിലവുകള്‍ക്ക് പോലും പണമില്ലാതെ ബുദ്ധിമുട്ടുമ്പോഴും അനാവശ്യ ചിലവുകള്‍ക്കും ധൂര്‍ത്തിനും യാതൊരു കുറവുമില്ലെന്നാണ് ഓരോ സംഭവങ്ങളും തെളിയിക്കുന്നത്. കേരളത്തിന്റെ മഹോത്സവമെന്ന പേരില്‍ നവംബര്‍ 1 മുതല്‍ 7 വരെ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന കേരളീയമെന്ന മാമാങ്കം അത്തരത്തിലൊന്നാണെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. 28 കോടിയോളം രൂപയാണ് ഇതിനായി ഖജനാവില്‍ നിന്ന് നല്‍കുന്നത്. ഇതുകൂടാതെ വിവിധ വകുപ്പുകള്‍ക്ക് അവയുടെ ഫണ്ട് ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. അതോടെ ഈ മാമാങ്കത്തിനായുള്ള ചിലവ് 100 കോടി കടക്കുമെന്നാണ് കരുതുന്നത്.
ഓണക്കാലത്തെപ്പോലെ വീണ്ടും തലസ്ഥാനത്തെ വീഥികളിലും സ്ഥാപനങ്ങളിലും ദീപാലങ്കാരവുമേര്‍പ്പെടുത്തുന്നുണ്ട്. ലൈഫ് പദ്ധതിയില്‍ വീടനുവദിച്ചു കിട്ടിയ പാവങ്ങളില്‍ പലരുടെയും വീടുകള്‍ ഫണ്ടില്ലെന്ന കാരണത്താല്‍ മുടങ്ങിക്കിടക്കുമ്പോഴാണ് കേരളീയമെന്ന പേരില്‍ ധൂര്‍ത്ത് നടത്തുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. നെല്ല് സംഭരിച്ചതിന്റെ പണം കര്‍ഷകര്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ വിവിധ പെൻഷൻകാര്‍ക്ക് പോലും കൃത്യമായി പെൻഷൻ നല്‍കുന്നില്ല.
വിരമിച്ച പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന 10,500 രൂപയുടെ പെൻഷൻ മാസത്തിന്റെ പകുതിയിലേറെ പിന്നിട്ട ശേഷമാണിപ്പോള്‍ നല്‍കുന്നത്. സാമൂഹിക പെൻഷൻ പോലെ ഇത് സര്‍ക്കാരിന്റെ ഔദാര്യമല്ല. ഓരോ മാദ്ധ്യമപ്രവര്‍ത്തകനും സര്‍വ്വീസിലുള്ളപ്പോള്‍ മാസം തോറും 500 രൂപ വീതം അടയ്ക്കുന്ന പങ്കാളിത്ത പെൻഷൻ സ്‌കീമാണിത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന ബഡ്ജറ്റില്‍ പെൻഷൻ തുകയില്‍ 1000 രൂപയുടെ വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ടാം പിണറായി സര്‍ക്കാര്‍ 500 രൂപയുടെ വര്‍ദ്ധന മാത്രമാണ് നടപ്പാക്കിയത്. ശേഷിച്ച 500 രൂപയുടെ വര്‍ദ്ധനവ് നടപ്പാക്കി ഉത്തരവിറക്കിയതായി ധനകാര്യമന്ത്രി കെ.എൻ ബാലഗോപാല്‍ അടുത്തിടെ കൊല്ലത്ത് പറഞ്ഞിരുന്നെങ്കിലും ഇതുവരെ വര്‍ദ്ധനവുണ്ടായില്ല.
വിവിധ സംസ്ഥാനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതിലേറെ പെൻഷൻ നല്‍കുന്നുണ്ട്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാൻ അടുത്തിടെ വിരമിച്ച മാദ്ധ്യമപ്രവര്‍ത്തകരുടെ ഓറേറിയം 10,000 രൂപയില്‍ നിന്ന് 20,000 രൂപയായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് രണ്ടര വര്‍ഷം കഴിയുമ്പോള്‍ മരിക്കുന്നതുവരെ പെൻഷൻ നല്‍കുന്ന പദ്ധതി നിലവിലുള്ള ലോകത്തെ തന്നെ ഏകസംസ്ഥാനം കേരളമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.