ഇസ്രയേല്‍: ഗാസയില്‍ നിന്ന് ജീവനും കൊണ്ട് കാറുകളില്‍ രക്ഷപ്പെടുകയായിരുന്ന സംഘത്തിന് നേരെ ആക്രമണം നടത്തി ഇസ്രായേല്‍.
എഴുപതുപേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം ഇതോടെ 1900 കടന്നു. 24 മണിക്കൂറിനകം ഗാസ വിടണമെന്ന ഇസ്രയേല്‍ മുന്നറിയിപ്പിന് പിന്നാലെ, പതിനായിരങ്ങള്‍ വടക്കൻ ഗാസയില്‍നിന്ന് വീട് വിട്ട് പലായനം ചെയ്തു.
ഇസ്രയേല്‍ ആക്രമണത്തിലാണ് 70 പേരും കൊല്ലപ്പെട്ടതെന്ന് ഹമാസ് ആരോപിച്ചു. ഒഴിഞ്ഞു പോകുന്നവര്‍ക്ക് മേല്‍ ഇസ്രയേല്‍ ആക്രമണം നടത്തുകയാണെന്നും ഹമാസ് കുറ്റപ്പെടുത്തി. ഗാസയില്‍ സുരക്ഷിത മേഖലകള്‍ നിശ്ചയിക്കാൻ ചര്‍ച്ച നടത്തുകയാണെന്ന് അമേരിക്കയും പ്രതികരിച്ചു.
ആക്രമണത്തിന് മറുപടിയായി തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രത്തെ ലക്ഷ്യമിട്ട് ഇസ്രായേലി ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് സൈന്യം അറിയിച്ചു. ഒരാഴ്ച മുമ്പ് ഹമാസ് തട്ടികൊണ്ട് പോയ ബന്ധികളില്‍ ചിലര്‍ കൊല്ലപ്പെട്ടതായും അറിയിച്ചു.
തെക്കന്‍ ലബനന് അതിര്‍ത്തിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിനിടെ ഒരു മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരുക്കേറ്റു. രാജ്യാന്തര മാധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഷെല്‍ പതിച്ചത്.
റോയിട്ടേഴ്സിന്റെ വിഡിയോഗ്രഫറായ ഇസാം അബ്ദല്ലയാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രികളിലേക്ക് മാറ്റി. ഷെല്‍ പതിച്ച സ്ഥലത്ത് നിന്നും കത്തിക്കരിഞ്ഞ നിലയില്‍ കാര്‍ കണ്ടെത്തി.റോയിട്ടേഴ് റിപ്പോര്‍ട്ടര്‍മാരായ തേര് അല്‍ സുദാനി, മഹേര്‍ നസേ എന്നിവര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റതായും റോയിട്ടേഴ്സ് അറിയിച്ചു.
അല്‍ജസീറ ടെലിവിഷനിലെ ജീവനക്കാരായ എല്ലി ബ്രഖ്യ, കാര്മന് ജൗഖദാര്‍ എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. അതേസമയം പരുക്കേറ്റ ജീവനക്കാരുടെ വിശദാംശങ്ങള്‍ അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ടിട്ടില്ല. ഹിസ്ബുല്ലയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നടത്തിയ ആക്രമണത്തിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഷെല്‍ പതിച്ചത്.
കഴിഞ്ഞ ശനിയാഴ്ച ഹമാസിന്റെ മിന്നലാക്രമണം ഉണ്ടായതിന് പിന്നാലെ ലബനന് അതിര്‍ത്തിയിലും പ്രതിസന്ധി രൂക്ഷമാണ്. ഹമാസിന് പുറമെ ഹിസ്ബുല്ലയ്ക്കെതിരെ കൂടി ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിക്കുമെന്ന് കരുതുന്നവരുമുണ്ട്. ലബനനിലെ തീവ്രവാദി സംഘമാണ് ഹിസ്ബുല്ല.
അതിനിടെ ഗാസയിലെ വൈദ്യുതി നിലച്ചത് കൂട്ടമരണത്തിന് വഴിവയ്ക്കുമെന്ന് റെഡ്ക്രോസിന്റെ മുന്നറിയിപ്പ്. ബുധനാഴ്ചയോടെയാണ് ഗാസയില്‍ ആകെയുള്ള നിലയത്തിലെ വൈദ്യുതിയും നിലച്ചത്. ജനറേറ്ററുകള്‍ അധികനേരം പ്രവര്‍ത്തിക്കില്ലെന്നും ഇങ്ങനെ പോയാല്‍ ആശുപത്രി മോര്‍ച്ചറിയായി മാറുമെന്നും റെഡ്ക്രോസിന്റെ രാജ്യാന്തര സമിതി അറിയിച്ചു.
ഇന്‍ക്യുബേറ്ററില്‍ നിരവധി നവജാതശിശുക്കളുണ്ട്. പ്രായമായവര്‍ക്ക് ഓക്സിജന്‍ നല്കി കിടത്തിയിട്ടുണ്ടെന്നും ഡയലിസിസും എക്സ്-റെയുമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഹമാസിന്റെ പിടിയിലുള്ള 150 ബന്ദികളെയും ജീവനോടെ തിരികെ കിട്ടാതെ ഗാസയില്‍ വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കില്ലെന്നാണ് ഇസ്രയേല്‍ സര്‍ക്കാരിന്റെ നിലപാട്. പരുക്കേറ്റവര്‍ ഗാസയിലെ ആശുപത്രികള്‍ക്ക് പുറത്ത് കാത്തുനില്‍ക്കുകയാണെന്നും എമര്‍ജന്‍സി റൂമുകള്‍ നിറഞ്ഞുകഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരുക്കേറ്റവരെ ചികില്‍സിക്കുന്നതിനായും മറ്റും അടിയന്തര സേവനങ്ങള്‍ ആവശ്യമാണെന്നും രക്തമടക്കമുള്ള വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
മനുഷ്യ ഇടനാഴികള്‍ ഇല്ലാത്തതാണ് പ്രതിസന്ധി തീവ്രമാക്കുന്നതെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു. അവശ്യ സഹായമെത്തിക്കുന്നതിനായി ഇടനാഴികള്‍ സജ്ജമാക്കാന്‍ യുഎന്നും റെഡ്ക്രോസും മുന്‍കൈയെടുത്തെങ്കിലും അനുകൂല പ്രതികരണം ഇസ്രയേലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
അതേസമയം റാഫയിലൂടെ സഹായമെത്തിക്കാന്‍ ഈജിപ്ത് താല്പര്യമറിയിച്ചുവെങ്കിലും ഇസ്രയേലിന്റെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ഇത് എത്രത്തോളം ഫലവത്താകുമെന്നതില്‍ ആശങ്കയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.