കോട്ടയം: കഴിഞ്ഞ മൂന്നുമാസത്തിനിടെ കണ്ടെത്തിയത് 50 വൈദ്യൂതി മോഷണങ്ങള്‍, ഒരുവര്‍ഷത്തിനിടെ 293 കേസുകള്‍. ജില്ലയില്‍ വൈദ്യുതി മോഷണം വര്‍ധിക്കുന്നു.
ഇവരില്‍ ഒരോത്തരും അനധികൃതമായി എത്ര വൈദ്യുതി എടുത്തിട്ടുണ്ടെന്ന് കണക്കാക്കി നിലവിലുള്ള ചാര്‍ജിന്റെ ഇരട്ടി പിഴയായി ഈടാക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ ഒരുവര്‍ഷം പിടികൂടിയ കേസുകളിലായി 5.39 കോടി ഈടാക്കും. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 1.67 കോടിയാണ് കെ.എസ്.ഇ.ബി കണക്കാക്കിയിരിക്കുന്നത്. ക്രമക്കേട് നടത്തിയവര്‍ക്ക് കെ.എസ്.ഇ.ബി നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ചിലര്‍ പിഴ നോട്ടീസിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്.
വ്യവസായ സ്ഥാപനങ്ങളിലാണ് സ്ക്വാഡ് കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്. വീടുകള്‍ കേന്ദ്രീകരിച്ചുള്ള മോഷണത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും പൂര്‍ണമായി മാറിയിട്ടില്ല. ഡിജിറ്റല്‍ വൈദ്യുതി മീറ്ററുകളായതിനാല്‍ പുതിയ രീതികളാണ് തട്ടിപ്പ് നടക്കുന്നത്.
പുതിയ മീറ്ററുകളില്‍ എക്സറേ ഫിലിം ഉപയോഗിച്ച് തട്ടിപ്പ് നടത്താൻ സാധിക്കില്ല. അതിനാല്‍, ഇപ്പോള്‍ മീറ്ററുകളുടെ ഇൻകമിങ് ലൈനില്‍നിന്നും സര്‍വിസ് വയറില്‍നിന്നും നേരിട്ട് വൈദ്യുതി മോഷണം നടത്തുകയാണ് രീതി. നേരിട്ട് ലൈനുകളില്‍നിന്ന് വൈദ്യുതി ചോര്‍ത്തുന്നതിനാല്‍ ഇത് റീഡിങ് മീറ്ററില്‍ രേഖപ്പെടുത്തില്ല. ഇത്തരത്തില്‍ വലിയതോതിലാണ് പലരും വൈദ്യുതി ചോര്‍ത്തിയിരിക്കുന്നത്.
മനഃപൂര്‍വം നടത്തുന്ന മോഷണത്തിനൊപ്പം നടപടിക്രമങ്ങളുടെ വ്യക്തമായ അറിവില്ലാത്തതുമൂലവും ചിലര്‍ ഇതില്‍ കുടുങ്ങാറുണ്ടെന്നും ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡ് വ്യക്തമാക്കുന്നു. വൈദ്യുതി ഉപയോഗത്തില്‍ വരുത്തുന്ന ക്രമക്കേടുകളാണ് മോഷണത്തിന്റെ പരിധിയില്‍ വരുന്നതെന്ന് അധികൃതര്‍ പറയുന്നു.
വൈദ്യുതി ഉപയോഗം സംബന്ധിച്ച നടപടിക്രമങ്ങളില്‍ ശരിയേത്, തെറ്റേതെന്ന് തരിച്ചറിയാത്ത അവസ്ഥയുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കോട്ടയം പൂവൻതുരുത്തില് അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയത്തിലാണ് ജില്ലയിലെ ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡിന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി മോഷണമോ മറ്റു ക്രമക്കേടുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് ഉദ്യോഗസ്ഥരെ അറിയിക്കാമെന്നും ഇവര്‍ പറയുന്നു.
എന്താണ് വൈദ്യുതി മോഷണം ?
ലൈനുകളില്നിന്നോ സര്‍വിസ് വയറുകളില്നിന്നോ ഭൂമിക്കടിയിലോ വെള്ളത്തിനടിയിലോ ഉള്ള കേബിളുകളില്നിന്നോ മീറ്ററില്‍ രേഖപ്പെടുത്താത്ത തരത്തില്‍ ടാപ് ചെയ്ത് അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് വൈദ്യുതി മോഷണമാണ്.
വൈദ്യുതി മീറ്ററുകളിലോ അനുബന്ധ മീറ്ററിങ് ഉപകരണങ്ങളിലോ ക്രമക്കേട് നടത്തിയോ മീറ്റര്‍ ഉപയോഗശൂന്യമാക്കിയോ കൃത്യമായ വൈദ്യുതി ഉപയോഗം രേഖപ്പെടുത്താതിരിക്കുന്നത്.
ഉയര്‍ന്ന വോള്‍ട്ടേജ് കടത്തിവിടുക, വിദൂര വിനിമയ സംവിധാനം ഉപയോഗിക്കുക, ഏതെങ്കിലും വസ്തുക്കള്‍ മീറ്ററിന്റെ സര്‍ക്യൂട്ട് ബോര്‍ഡില്‍ ഘടിപ്പിക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ വൈദ്യുതി ഉപയോഗം കൃത്യമായി രേഖപ്പെടുത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നത്.
അനുവദിക്കപ്പെട്ടിട്ടുള്ള ആവശ്യത്തിനല്ലാതെയും ദുരുദ്ദേശ്യപരമായും മീറ്ററില്‍ രേഖപ്പെടുത്താതെയും മറ്റ് ആവശ്യങ്ങള്‍ക്കായി വൈദ്യുതി ദുരുപയോഗം ചെയ്യുന്നത്.
മൂന്നുവര്‍ഷം വരെ തടവ്
മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വൈദ്യുതി മോഷണം. കണ്ടുപിടിച്ചാല്‍ ഇലക്ട്രിസിറ്റി ആക്ട് 2003ലെ സെക്ഷൻ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്യും. ഇതിന് മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാം. അറിയാതെ വൈദ്യുതി മോഷണം നടത്തുന്നവര്‍ തെറ്റ് മനസ്സിലാക്കി സ്വമേധയാ കെ.എസ്.ഇ.ബിയെ അറിയിച്ച് പിഴ അടച്ചാല്‍ ശിക്ഷാ നടപടികളില്‍നിന്ന് ഒഴിവാകും. ഇത്തരത്തില്‍ തെറ്റുതിരുത്താൻ ഒരാള്‍ക്ക് ഒരവസരം മാത്രമേ ലഭിക്കൂ.
മോഷണം അറിയിക്കാം; വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം
വൈദ്യുതി മോഷണമോ ദുരുപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡിനെ വിവരം അറിയിക്കാം. വിവരം നല്‍കുന്നവര്‍ക്ക് കെ.എസ്.ഇ.ബി പ്രതിഫലവും നല്‍കും. വൈദ്യുതി മോഷ്ടിച്ചെന്ന് തെളിഞ്ഞാല്‍ അത്തരം ഉപഭോക്താക്കള്‍ക്ക് ചുമത്തുന്ന പിഴയുടെ അഞ്ചു ശതമാനമോ 50,000 രൂപയോ ഏതാണ് കുറവ് അത് പ്രതിഫലമായി നല്‍കും. മോഷണം അറിയിക്കുന്ന ആളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കെ.എസ്.ഇ.ബി പറയുന്നു. എല്ലാ ജില്ലയിലും പവര്‍ തെഫ്റ്റ് സ്ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ട്.
രഹസ്യവിവരം ലഭിക്കുന്നതനുസരിച്ചും ബില്ലുകള്‍ വിലയിരുത്തിയുമാണ് ഇവര്‍ പരിശോധനകള്‍ നടത്തുന്നത്. വിവിധ മാസങ്ങളിലെ വൈദ്യുതി ബില്ലുകള്‍ വിലയിരുത്തി ക്രമക്കേട് നടക്കുന്നതായി സംശയിക്കുന്ന സ്ഥലങ്ങളിലാണ് പരിശോധന. വിവിധ മാസങ്ങളിലായി ജില്ലയുടെ എല്ലാ കെ.എസ്.ഇ.ബി ഓഫിസ് പരിധികളിലെയും തെരഞ്ഞെടുക്കുന്ന ബില്ലുകള്‍ ഇവര്‍ പരിശോധിക്കും. സംശയം തോന്നുന്ന ചില ബില്ലുകള്‍ തുടര്‍ച്ചയായും പരിശോധനക്ക് വിധേയമാക്കും.
മോഷണം അറിയിക്കേണ്ട നമ്പര്‍: തിരുവനന്തപുരം: 0471- 2444554, 9496018700, കോട്ടയം: 0481-2340250.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.