കൊല്ലം: നിയമനങ്ങള്‍ നടത്താത്തതുമൂലം ജോലിഭാരം വര്‍ധിക്കുന്ന ബാങ്കിങ് മേഖലയില്‍ നിശ്ചിത സമയത്തില്‍ കൂടുതല്‍ ജോലിചെയ്യേണ്ടെന്ന നിലപാടിലേക്ക് ജീവനക്കാര്‍.നിലവില്‍ ഭൂരിഭാഗം ബാങ്ക് ശാഖകളിലും വൈകീട്ട് അഞ്ചിന് ശേഷവും ജീവനക്കാര്‍ ബാക്കിയുള്ള ജോലികള്‍ തീര്‍ത്താണ് പോകാറുള്ളത്.
ഇതുമൂലം ബാങ്കുകളുടെ പ്രവര്‍ത്തനസമയം അവസാനിച്ചാലും വിവിധ ജോലികള്‍ രാത്രിവരെ ശാഖകളിലിരുന്ന് ചെയ്യാൻ ജീവനക്കാര്‍ നിര്‍ബന്ധിതമാവുന്നു. മാനേജ്മെന്റുകള്‍ ഇത് മുതലെടുത്ത് പുതിയ നിയമനങ്ങളില്‍നിന്ന് പിന്നാക്കം പോകുന്ന സാഹചര്യത്തില്‍കൂടിയാണ് 'നിയമാനുസൃത സമയം' മാത്രം ശാഖകളില്‍ സേവനം ചെയ്താല്‍ മതിയെന്ന നിലപാടിലേക്ക് ജീവനക്കാര്‍ നീങ്ങുന്നത്.
അധികസമയം ജോലി ചെയ്യേണ്ടെന്ന സര്‍ക്കുലര്‍ ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. മാനേജ്മെൻറുകള്‍ സമ്മര്‍ദം ചെലുത്തിയാലും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് നിര്‍ദേശം. ക്ലറിക്കല്‍ ജീവനക്കാര്‍ക്ക് ആറര മണിക്കൂറും (9.45 മുതല്‍ രണ്ടുവരെ, 2.30 മുതല്‍ 4.45 വരെ).
സബ് സ്റ്റാഫുകള്‍ക്ക് ഏഴ് മണിക്കൂറും (9.45 മുതല്‍ രണ്ടുവരെ, 2.30 മുതല്‍ 5.15 വരെ) വാച്ച് ആൻ ഡ് വാര്‍ഡ് സ്റ്റാഫുകള്‍ക്ക് എട്ട് മണിക്കൂറുമാണ് ജോലി സമയം. ഡ്രൈവര്‍മാര്‍ക്ക് ഏഴര മണിക്കൂറാണ് നിലവിലെ ജോലി സമയം. ഇത് കര്‍ശനമായി പാലിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
പൊതുമേഖല ബാങ്കുകളില്‍ ക്ലറിക്കല്‍, സബ് സ്റ്റാഫ്, പാര്‍ട്ട്ടൈം സ്റ്റാഫ് വിഭാഗങ്ങളില്‍ വലിയ കുറവ് കഴിഞ്ഞ ആറുവര്‍ഷത്തിനിടെ ഉണ്ടായി. 2017ല്‍ രാജ്യത്താകെ 3,21,400 ക്ലര്‍ക്കുമാര്‍ ജോലി ചെയ്തിരുന്നത് 2022 മാര്‍ച്ചില്‍ 2,66,400 ആയി കുറഞ്ഞു.
സബ് സ്റ്റാഫുകളുടെ എണ്ണം 1,27,500ല്‍ നിന്ന് 1,05,700 ആയി. പാര്‍ട്ട് ടൈം ജീവനക്കാര്‍ 19,800ല്‍ നിന്ന് 2600 ആയാണ് കുറഞ്ഞത്. എന്നാല്‍ ഒരോ വര്‍ഷവും ബാങ്കുകളുടെ ബിസിനസ് കാര്യമായി വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐക്ക് 2017-2018 വര്‍ഷം 42 കോടി ഇടപാടുകാരുണ്ടായിരുന്നത് 2022-23ല്‍ 48 കോടിയായി വര്‍ധിച്ചു. നിക്ഷേപം 27 ലക്ഷം കോടിയില്‍ നിന്ന് 44 ലക്ഷം കോടിയായാണ് ഉയര്‍ന്നത്. എന്നാല്‍ ക്ലറിക്കല്‍ ജീവനക്കാരുടെ 15371 തസ്തികകള്‍ ഈ കാലയളവില്‍ കുറഞ്ഞു. സബോര്‍ഡിനേറ്റ് വിഭാഗത്തില്‍ 14994 തസ്തികകളുെടയും കുറവുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.