യാത്രകളില്‍ പലരും സ്ഥിരം അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടാണ് ഛര്‍ദ്ദിയും തലകറക്കവുമൊക്കെ. യാത്രയ്ക്കിടയില്‍ ഛര്‍ദ്ദിക്കുകയും ഓക്കാനിക്കുകയും തലകറക്കം വരുകയുമൊക്കെ ചെയ്യുന്നവര്‍ക്ക് യാത്രാവേളകള്‍ പലപ്പോഴും പേടിസ്വപ്നങ്ങളാണ്.
മോഷന്‍ സിക്നസ്, കൈനറ്റോസിസ് എന്നെല്ലാമാണ് ഈ രോഗാവസ്ഥയ്ക്ക് പേര്. നിയന്ത്രിക്കാനാവാത്ത ഓക്കാനം, ഛര്‍ദ്ദി, തലകറക്കം, വിയര്‍പ്പ് എന്നിവയെല്ലാമാണ് മോഷന്‍ സിക്ക്നസ് ലക്ഷണങ്ങള്‍. ഇതുമാത്രമല്ല ഉത്കണ്ഠ, സമ്മര്‍ദം, ക്ഷീണം എന്നിവയുണ്ടെങ്കില്‍ ഈ ലക്ഷണങ്ങള്‍ കൂടും. യാത്ര തുടങ്ങിയ ഉടനെയോ ഒരു മണിക്കൂറിന് ശേഷമോ ഇതിന്റെ ലക്ഷണങ്ങള്‍ ആരംഭിക്കാം.
കണ്ണുകള്‍ തലച്ചോറിന് നല്കുന്ന ദൃശ്യങ്ങളുടെ വിവരവും ചെവിയുടെ ആന്തരിക ഭാഗം നല്കുന്ന സെന്‍സറി വിവരങ്ങളും തമ്മിലുള്ള പൊരുത്തക്കേട് തലച്ചോറിന് ഉണ്ടാക്കുന്ന ആശയക്കുഴപ്പമാണ് മോഷന്‍ സിക്ക്നസിന്റെ കാരണം.
നാം ചലിക്കുകയാണോ അനങ്ങാതിരിക്കുകയാണോ എന്നെല്ലാം തലച്ചോര്‍ അറിയുന്നത് കണ്ണുകളും കൈകാലുകളും ചെവിക്കുള്ളിലെ ബാലന്‍സ് നിലനിര്‍ത്തുന്ന എന്‍ഡോലിംഫ് ദ്രാവകവുമെല്ലാം തലച്ചോറിലേക്ക് അയയ്ക്കുന്ന സന്ദേശങ്ങള്‍ വിലയിരുത്തിയാണ്. യാത്രാവേളയില്‍ ഈ സന്ദേശങ്ങള്‍ തമ്മിലുള്ള പൊരുത്തക്കേട് തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കി മോഷന്‍ സിക്ക്നസിലേക്ക് നയിക്കും.
കാര്‍, ബസ്, ബോട്ട്, വിമാനം, ട്രെയിൻ ഇവയില്‍ യാത്ര പോകുമ്പോള്‍ ഇത് സംഭവിക്കാം. കൂടാതെ മറ്റു ചിലര്‍ക്ക് എ സി ഇട്ട വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴാകും ഇത്തരത്തില്‍ അനുഭവപ്പെടുന്നത്. മോഷന്‍ സിക്ക്നസ് ഒഴിവാക്കാനും ലക്ഷണങ്ങള്‍ ലഘൂകരിക്കാനുമുള്ള ചില മാര്‍ഗങ്ങളുണ്ട്.
ആന്റിഹിസ്റ്റമിന്‍, ആന്റിമെറ്റിക്സ് മരുന്നുകള്‍ ഉപയോഗിക്കാവുന്നതാണ്. യാത്ര തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഇവ കഴിക്കേണ്ടതാണ്. ചില ആയുര്‍വേദ പൊടിക്കൈകളും ഉപയോഗിക്കാം. ഇഞ്ചി, ജീരകം, ഏലക്ക, അശ്വഗന്ധ, ത്രിഫല, നെല്ലിക്ക എന്നിവ യാത്രാവേളകളില്‍ ഭക്ഷണത്തില്‍ ഉപയോഗിക്കാവുന്നതാണ്.
കൈത്തണ്ടയില്‍ പി-6(നയ് ഗുന്) എന്ന പ്രഷര്‍ പോയിന്റ് ഉണ്ട്. ഇതിന്റെ ഇരു വശങ്ങളിലും മസാജ് ചെയ്ത് മര്‍ദ്ദം ചെലുത്തിയാല്‍ ഓക്കാനം വരുന്നതിന് പരിഹാരമാകും. കൈത്തണ്ടയിലെ ഈ പോയിന്റിന് മര്‍ദ്ദം കൊടുക്കാന്‍ സഹായിക്കുന്ന മോഷന്‍ സിക്ക്നസ് ബാന്‍ഡുകളും ലഭ്യമാണ്.
വാഹനങ്ങളുടെ മുന്‍ സീറ്റില്‍ ഇരുന്ന് ദൂരത്തുള്ള ഒരു നിശ്ചിത സ്ഥാനത്ത് കണ്ണുറപ്പിച്ചാല്‍ കണ്ണും കാതും തമ്മിലുള്ള സന്ദേശങ്ങളിലെ പൊരുത്തക്കേട് കുറയ്ക്കാം. ജനലിനു സമീപമുള്ള സീറ്റ് തെരഞ്ഞെടുക്കുന്നതും ചിലര്‍ക്ക് ഗുണം ചെയ്യും.
യാത്രാവേളകളില്‍ ആവശ്യത്തിന് വെള്ളം കുടിക്കണം. ഇടയ്ക്കിടെ വണ്ടി നിര്‍ത്തി പുറത്തിറങ്ങുന്നതിലൂടെയും പാട്ട് കേള്ക്കുന്നതിലൂടെയുമൊക്കെ ആശ്വാസം ലഭിക്കും. ഫ്ളേവര്‍ ചേര്‍ത്ത ലോസേഞ്ചുകള്‍ നുണയാം. ഇഞ്ചി ചേര്‍ത്ത ലോസേഞ്ചുകള്‍ ഓക്കാനം കുറയ്ക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.