ജറുസലേം: 'ഒരു ഭീകരൻ ഇവിടെയുണ്ട്, അയാള്‍ പോകുമെന്ന് തോന്നുന്നില്ല. ആരോ നിലവിളിക്കുന്നത് എനിക്ക് കേള്‍ക്കാം, അവിടെ ഒരാള്‍ക്ക് അത്യാഹിതം സംഭവിച്ചെന്നാണ് തോന്നുന്നത്', ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെടുന്നതിന് നിമിഷങ്ങള്‍ക്ക് മുൻപ് ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥയായ നാമ ബോണി കുടുംബത്തിന് അയച്ച സന്ദേശത്തിലെ വരികളാണിത്.
ഗാസയ്ക്ക് സമീപത്തെ സൈനികത്താവളത്തില്‍ ഡ്യൂട്ടിക്കിടെയാണ് ഇസ്രയേലി സൈനികയായ നാമ ബോണി എന്ന 19-കാരി കൊല്ലപ്പെട്ടത്. സൈനികത്താവളത്തിലേക്ക് ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സൈനികത്താവളത്തില്‍ ഹമാസ് തോക്കുധാരികളുടെ ആക്രമണത്തിലാണ് ബോണി കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ യുവതി താത്കാലിക അഭയകേന്ദ്രത്തില്‍ ഒളിച്ചിരുന്നു. ഇതിനിടെയാണ് മൊബൈല്‍ സന്ദേശത്തിലൂടെ കുടുംബത്തെ വിവരങ്ങളറിയിച്ചത്.
എനിക്ക് തലയ്ക്ക് പരിക്കുണ്ട്. സമീപത്തായുള്ള ഭീകരൻ എനിക്ക് നേരേ വെടിയുതിര്‍ത്തേക്കാം' എന്നായിരുന്നു ബോണിയുടെ സന്ദേശത്തില്‍ ആദ്യം പറഞ്ഞിരുന്നത്. ഗൊലാനി ബ്രിഗേഡിലുള്ള പരിക്കേറ്റ സൈനികനൊപ്പമാണ് താനുള്ളതെന്നും സൈനികസഹായം ലഭ്യമല്ലെന്നും സന്ദേശത്തിലുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഒരാളുടെ നിലവിളി കേള്‍ക്കാമെന്നും ഭീകരൻ പോകുമെന്ന് തോന്നുന്നില്ലെന്നും ബോണി സന്ദേശം അയച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് ബോണിയുടെ സന്ദേശങ്ങള്‍ ലഭിച്ചുതുടങ്ങിയതെന്നായിരുന്നു ബന്ധുവായ സ്ത്രീയുടെ പ്രതികരണം. ''ഭീകരര്‍ വെടിവെപ്പ് നടത്തുന്നതിനെക്കുറിച്ചെല്ലാം അവള് സന്ദേശം അയച്ചിരുന്നു. എന്നാല്‍, അതിനുശേഷം പ്രതികരണമുണ്ടായില്ല. അവളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ബ്രസിലായ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണെന്ന വിവരമാണ് ലഭിച്ചത്. പക്ഷേ, ആരും അവളുടെ ആരോഗ്യനില എന്താണെന്ന് അറിയിച്ചിരുന്നില്ല. അവള് ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കാനായിരുന്നു ഞങ്ങളുടെ ആഗ്രഹം'', അവര്‍ പറഞ്ഞു.
ഇസ്രയേലി ആംഡ് കോപ്സിന്റെ 77-ാം ബറ്റാലിയനിലെ അംഗമായിരുന്നു 19-കാരിയായ നാമ ബോണി. കിരിയാറ്റ് അര്‍ബയിലെ സൈനികത്താവളത്തിലായിരുന്നു നാമ ജോലിചെയ്തിരുന്നത്. അഫുലയില്‍ ജനിച്ചുവളര്‍ന്ന നാമ, ഹൈസ്കൂള്‍ പഠനത്തിന് ശേഷം ഏഴുമാസം മുൻപാണ് ഇസ്രയേല്‍ സൈന്യത്തില്‍ ചേര്‍ന്നത്. ഒരാഴ്ച മുൻപാണ് കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് യുവതിയുടെ 19-ാം ജന്മദിനം ആഘോഷിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.