ഇസ്രായേല്‍-പാലസ്തീന് വിഷയത്തില്‍ ഇസ്രായേലിനെതിരെ വലിയ രീതിയുള്ള പ്രതിഷേധമാണ് കേരളത്തില്‍ നിന്നും ഉയര്‍ന്ന് വന്നിട്ടുള്ളത്.
ഇസ്രായേലിനെതിരെ ഇത്തരത്തില്‍ കടുത്ത നിലപാട് സ്വീകരിക്കുമ്പോഴും ഇസ്രായേല്‍ പൊലീസിന് കേരളവുമായി വളരെ അടുത്ത ബന്ധമുണ്ട്. അതായത് ഇസ്രായേല്‍ പൊലീസ് സേന ധരിക്കുന്ന യൂണിഫോം തയ്യാറാക്കുന്നത് നമ്മുടെ കണ്ണൂരിലെ സ്ത്രീകളായ തയ്യല്‍ തൊഴിലാളികളാണ്. കണ്ണൂരിലെ 'മരിയൻ അപ്പാരല്‍ പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിലുള്ള വസ്ത്രനിര്‍മാണ കമ്പിനിയാണ് ഇസ്രായേല്‍ സേനയ്ക്കുള്ള യൂണിഫോം തയ്യാറാക്കുന്നത്.
കഴിഞ്ഞ എട്ട് വര്‍ഷമായി കണ്ണൂരിലെ ഈ സ്ഥാപനത്തില്‍ നിന്നും ഇസ്രായേല്‍ പൊലീസിനുള്ള യൂണിഫോം കയറ്റി അയക്കുന്നു. മുംബൈയില്‍ താമസിക്കുന്ന തോമസ് ഓലിക്കല്‍ എന്ന മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയില്‍ നിന്നും എല്ലാ വര്‍ഷവും ഒരു ലക്ഷം യൂണിഫോമാണ് തയ്യാറാക്കുന്നത്. ഗുണനിലവാര പരിശോധനയ്ക്കായി ഇസ്രായേല്‍ പോലീസ് ഉദ്യോഗസ്ഥര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ കണ്ണൂരിലെ സ്ഥാപനത്തില്‍ എത്താറുമുണ്ട്.
നേരത്തെ ഫിലിപ്പിയൻ ആര്‍മിക്കും കുവൈറ്റിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മരിയൻ അപ്പാരല്‍ പ്രൈവറ്റ് ലിമിറ്റഡ് യൂണിഫോം തയ്യാറാക്കിയിരുന്നു. ഇതുവഴിയാണ് ഇസ്രായേല്‍ സേനയ്ക്കുള്ള ഓഡറും കണ്ണൂരിലേക്ക് എത്തുന്നത്. കേരളത്തില്‍ വന്ന് ഫാക്ടറി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നത് അടക്കുള്ള കാര്യങ്ങള്‍ പരിശോധിച്ചാണ് ഇസ്രായേല്‍ കരാറില്‍ ഒപ്പിടാന്‍ തയ്യാറായത്.
കണ്ണൂരിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കിൻഫ്ര പാര്‍ക്കില്‍ 2006 ലാണ് മരിയൻ അപ്പാരല്‍ പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സൈനികര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, ആരോഗ്യ സേവന പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പുറമെ സ്കൂള്‍ യൂണിഫോം, സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ക്കുള്ള വസ്ത്രങ്ങള്‍, ഡോക്ടര്‍മാരുടെ കോട്ടുകള്‍, കോര്‍പ്പറേറ്റ് വസ്ത്രങ്ങള്‍ എന്നിവയും കമ്പിനി നിര്‍മ്മിക്കുന്നുണ്ട്.
കണ്ണൂരിലെ പരമ്പരാഗത ബീഡിനിര്‍മ്മാണ മേഖലയുടെ തകര്‍ച്ചയെ തുടര്‍ന്ന് തൊഴിലില്ലാത്തവരായി മാറിയ തദ്ദേശവാസികള്‍ക്ക് തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കണ്ണൂരില്‍ അപ്പാരല്‍ യൂണിറ്റ് ആരംഭിച്ചതെന്നാണ് കമ്പിനി അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇസ്രയേലിനെക്കൂടാതെ, ലോകമെമ്പാടുമുള്ള മറ്റ് വിവിധ രാജ്യങ്ങളിലെ സായുധ സേനകള്‍ക്കും മരിയൻ അപ്പാരല്‍ യൂണിഫോം വിതരണം ചെയ്യുന്നു.
യൂണിഫോം നിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ളവരാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് ഇസ്രായേല്‍ പോലീസ് തന്റെ കമ്പിനിയെ സമീപിച്ചതെന്ന് ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശി തോമസ് പറയുന്നു. "അവരുടെ പ്രതിനിധികള്‍ മുംബൈയില്‍ വന്ന് ഇടപാടിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. പിന്നീട്, അവര്‍ തങ്ങളുടെ ഉന്നത ഉദ്യോഗസ്ഥര്‍, ഡിസൈനര്‍മാര്‍, ക്വാളിറ്റി കണ്ട്രോളര് എന്നിവരോടൊപ്പം ഫാക്ടറി സന്ദര്‍ശിച്ചു. ഏകദേശം 10 ദിവസത്തോളം അവര്‍ ഇവിടെ ഉണ്ടായിരുന്നു," അദ്ദേഹം പറഞ്ഞു.
യുദ്ധം ആരംഭിച്ചതിന് ശേഷവും ഇസ്രായേല്‍ പോലീസ് കമ്പിനിയെ സമീപിക്കുകയും കൂടുതല്‍ യൂണിഫോമുകള്‍ക്കായി ഓര്‍ഡര്‍ നല്‍കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം മുതല്‍ അവര്‍ ഒരു പുതിയ ഉല്‍പ്പന്നത്തിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും ഡിസംബറോടെ ആദ്യ കയറ്റുമതി ചെയ്യുമെന്നും തോമസ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
"അവരുടെ പോലീസ് പരിശീലനത്തിനുള്ള കാര്‍ഗോ പാന്റും ഷര്‍ട്ടും അവര്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ തുന്നല്‍ ആരംഭിക്കാനാണ് നീക്കം, കഴിഞ്ഞ എട്ട് വര്‍ഷമായി ഞങ്ങള്‍ ഇസ്രായേല്‍ പോലീസിന് പ്രതിവര്‍ഷം ഒരു ലക്ഷം യൂണിഫോം ഷര്‍ട്ടുകള്‍ വിതരണം ചെയ്യുന്നു. ഇസ്രായേല്‍ പോലെയുള്ള ഒരു ഉയര്‍ന്ന ക്ലാസ് പോലീസ് സേനയ്ക്ക് ഞങ്ങള്‍ യൂണിഫോം ഷര്‍ട്ടുകള്‍ വിതരണം ചെയ്യുന്നു എന്നത് ഞങ്ങള്‍ക്ക് അഭിമാനകരമാണ്," തോമസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.