ഷബീർ ശ്രീലങ്ക ✍️✍️
കാന്‍ഡി : ഇന്ത്യ - പാകിസ്താന്‍ ഏഷ്യാ കപ്പ് മത്സരം മഴ മൂലം രണ്ടാം ഇന്നിങ്‌സ് പൂര്‍ത്തിയാക്കാനാകാതെ ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. പിന്നാലെ കനത്ത മഴയെത്തിയതോടെ പാകിസ്താന് ബാറ്റിങ്ങിന് ഇറങ്ങാനായില്ല.
മഴ തുടര്‍ന്നതോടെ ഇന്ത്യന്‍ സമയം 9.50-ന് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് അമ്പയര്‍മാര്‍ അറിയിക്കുകയായിരുന്നു. ഇതോടെ ഇരു ടീമും ഓരോ പോയന്റ് വീതം പങ്കുവെച്ചു. ആദ്യ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്ത പാകിസ്താന്‍ ഇതോടെ സൂപ്പര്‍ ഫോറില്‍ കടന്നു.അതേസമയം ഏറെ പ്രതീക്ഷകളുമായി ഇന്ത്യ പാകിസ്ഥാൻ കളികാണാൻ സ്റ്റേഡിയത്തിൽ എത്തിയ ശ്രീലങ്കൻ മലയാളി ക്രിക്കറ്റ് ആസ്വാദകർ നിരാശയിൽ മടങ്ങി.
കഴിഞ്ഞ ദിവസങ്ങളിലും സമാന സാഹചര്യമായിരുന്നെന്ന് ശ്രിലങ്കൻ മലയാളികൾ പറഞ്ഞു.ശ്രീലങ്കയിൽ ഇന്ത്യ ,പാക് ക്രിക്കറ്റ് കളി നടക്കുന്നിടത്തുനിന്നും മലയാളികളായ റിഥുൻ,ജാക്സൺ,സാലിഹ് ,ഷബീർ,മെഹബൂബ്,അരൂപ്,അനൂപ്,രാജു,എന്നിവർ ഡെയിലി മലയാളി ന്യുസിനോട് വിശേഷങ്ങൾ പങ്കുവെച്ചു,
ഇന്ത്യന്‍ ഇന്നിങ്സിനിടെ രണ്ട് തവണ മഴ കളി തടസപ്പെടുത്തിയിരുന്നു. 4.2 ഓവര്‍ പിന്നിട്ടപ്പോഴായിരുന്നു ആദ്യം മഴയെത്തിയത്. പിന്നാലെ 11.2 ഓവര്‍ പിന്നിട്ടപ്പോഴും മഴ കളി തടസപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ കാന്‍ഡിയിലെ പല്ലെകെലെ സ്റ്റേഡിയത്തിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയായിരുന്നു.നേരത്തേ പാകിസ്താനെതിരേ തുടക്കത്തിലെ തകര്‍ച്ചയെ അതിജീവിച്ച് ഇന്ത്യ 267 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയിരുന്നു. ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഇഷാന്‍ കിഷന്‍ - ഹാര്‍ദിക് പാണ്ഡ്യ സഖ്യമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 138 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്.
10 ഓവറില്‍ 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഷഹീന്‍ അഫ്രീദിയാണ് ഒരിക്കല്‍ കൂടി ഇന്ത്യന്‍ ബാറ്റിങ് നിരയെ പ്രതിരോധത്തിലാക്കിയത്. നസീം ഷായും ഹാരിസ് റൗഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് അഞ്ചാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായി 22 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത ക്യാപ്റ്റനെ ഷഹീന്‍ അഫ്രീദിയാണ് മടക്കിയത്.
പിന്നാലെ ഏഴ് പന്തില്‍ നിന്ന് നാലു റണ്‍സുമായി വിരാട് കോലിയും അഫ്രീദിക്ക് മുന്നില്‍ കീഴടങ്ങി. ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തിയ ശ്രേയസ് അയ്യര്‍ക്കും തിളങ്ങാനായില്ല. ഫോമിന്റെ മിന്നലാട്ടങ്ങള്‍ കാണിച്ചെങ്കിലും ഒമ്പത് പന്തില്‍ നിന്ന് 14 റണ്‍സെടുത്ത അയ്യര്‍ ഹാരിസ് റൗഫിന്റെ ഷോര്‍ട്ട് ബോളില്‍ വീണു.
നിലുറപ്പിക്കാന്‍ ശ്രമിച്ച ശുഭ്മാന്‍ ഗില്ലിന്റെ ഊഴമായിരുന്നു അടുത്തത്. 32 പന്തില്‍ നിന്ന് 10 റണ്‍സ് മാത്രമെടുത്ത ഗില്ലിനെയും ഹാരിസ് റൗഫാണ് പുറത്താക്കിയത്.
തുടര്‍ന്നായിരുന്നു ഇഷാന്‍ കിഷന്‍ - ഹാര്‍ദിക് കൂട്ടുകെട്ട്. 38-ാം ഓവറില്‍ ഇഷാന്‍ കിഷനെ പുറത്താക്കി റൗഫ് ഈ കൂട്ടുകെട്ട് പൊളിച്ചതിനു പിന്നാലെ ഇന്ത്യന്‍ സ്‌കോറിങ് താഴ്ന്നു. രവീന്ദ്ര ജഡേജ 14 റണ്‍സെടുത്തു. 14 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത ബുംറ ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.