പത്തനംതിട്ട : ഇലന്തൂരിൽ സാമ്പത്തികാഭിവൃദ്ധി നേട്ടം പ്രതീക്ഷിച്ച് നടത്തിയ നരബലിക്ക് ഒരാണ്ട്. കഴിവർഷം സപ്തംബർ 27 ന് തമിഴ്നാട് സ്വദേശിയായ ശെൽവൻ കടവന്ത്ര പോലീസ് സ്റ്റേഷനിൽ തൻ്റെ അമ്മ,ലോട്ടറി വിൽപ്പനക്കാരിയായ പത്മയെ കാണാനില്ലന്ന പരാതി നൽകിയതിനെ തുടർന്നാണ് നാടു ഞെട്ടിത്തരിച്ച നരബലി കേസ് പുറം ലോകം അറിഞ്ഞത്.
പത്മയെപ്പറ്റിയുള്ള അന്വേഷണം എറണാകുളത്ത് ഹോട്ടൽ നടത്തുന്ന പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫിയിലേക്ക് എത്തി.പത്മ ഷാഫിയുടെ ഹോട്ടലിലേക്ക് പോകുന്നതും ഷാഫിയുടെ ബൊലോറ ജീപ്പിൽ കയറുന്നതിൻ്റെയും സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചതോടെ മുഹമ്മദ് ഷാഫി വലയിലായി.ഷാഫിയെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടു നരബലികളുടെയും കാര്യം പുറത്തുവന്നത്.
പത്മക്കു മുമ്പ്കാലടിയിലെ ലോട്ടറി വിൽപ്പനക്കാരി റോസിലിനെ 2022 ജൂൺ എട്ടിന് കൊലപ്പെടുത്തിയതായും ഷാഫി മൊഴി നൽകി. അങ്ങനെയാണ് കൂട്ടുപ്രതികളായ ഇലന്തൂർ ആഞ്ഞിലിമൂട്ടിൽ ഭഗവൽ സിംഗ് ഭാര്യ ലൈല എന്നിവരിലേക്ക് അന്വേഷണം വന്നത്.
ഇവരെ കടവന്ത്ര പോലീസ് ഇലന്തൂരിൽ നിന്നും കസ്റ്റഡിയിലെടുത്ത് മൂവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തപ്പോഴാണ് നരബലിയിൽ രണ്ടു സ്ത്രീകൾ ഇരയായതായും മൃതദേഹങ്ങൾ ഭഗവൽ സിംഗിൻ്റെ ഇലന്തൂരിലെ വീടിനോടു ചേർന്ന പുരയിടത്തിൽ കുഴിച്ചിട്ടതായും സ്ഥിരീകരിച്ചത്.
പോലീസ് പ്രാഥമിക അന്വേഷണം പൂർത്തിയായി പ്രതികളെ ഇലന്തൂരിലെ വീട്ടിലേക്ക് കൊണ്ടുവരുന്ന ഒക്ടോബർ പതിനൊന്നിനാണ് നരബലി വാർത്തകൾ ലോകം അറിഞ്ഞത്. ആ ദിവസം തന്നെ നരബലിക്ക് വിധേയരായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇലന്തൂരിൽ കണ്ടെത്തുകയും ചെയ്തു.കേസിൽ ഉൾപ്പെട്ട ആഞ്ഞിലിമൂട്ടിൽ ഭഗവല്‍ സിംഗിൻ്റെ പുരയിടത്തില്‍ നിന്നാണ് കഷണങ്ങളാക്കിയ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.
തല ഉള്‍പ്പെടെ എല്ലാ ശരീരഭാഗങ്ങളും കണ്ടെടുത്തു. മൃതദേഹം കഷണങ്ങളാക്കിയശേഷം ഉപ്പു വിതറിയാണ് കുഴിച്ചിട്ടത്. മൃതദേഹത്തിന്റെ കൈകാലുകള്‍ മുറിച്ചു മാറ്റിയിരുന്നു. പത്മയുടെ മൃതദേഹം കുഴിച്ചിട്ടതിന് മുകളില്‍ തുളസി തൈ തന്നെ നട്ടിരുന്നു. പത്മ യുടെ മൃതദേഹം പുറത്തെടുക്കുമ്പോൾ രണ്ടാഴ്ചയുടെ പഴക്കമേ ഉണ്ടായിരുന്നുള്ളു.
പിന്നീട് പത്മയുടെ മൃതദേഹമാണന്ന സ്ഥിരീകരണത്തിനായി ഡിഎൻ.എ പരിശോധനക്ക് അയച്ചു ഉറപ്പു വരുത്തി. പ്രതികള്‍ നേരത്തെ നരബലി നടത്തിയശേഷം കുഴിച്ചിട്ട റോസിലിൻ്റെ മൃതദേഹാവശിഷ്ടങ്ങൾ വീടിന്റെ അലക്കുകല്ല് സ്ഥിതിചെയ്യുന്നതിന് സമീപത്തു നിന്നും കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.ഇതിൻ്റെ അവശിഷ്ടങ്ങളും ഡിഎൻഎ പരിശോധനക്കയച്ച് ഉറപ്പു വരുത്തി.
കൊല്ലപ്പെട്ട സ്ത്രീകളെ പ്രലോഭിപ്പിച്ച് ഭഗവൽ സിംഗിൻ്റെ വീട്ടില്‍ എത്തിച്ച ശേഷം കൈകാലുകള്‍ കെട്ടിയിട്ടു മാറിടം അറുത്തുമാറ്റി രക്തം വാര്‍ന്നുശേഷം കഴുത്തില്‍ കത്തി കുത്തിയിറക്കി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതികള്‍ പോലീസിനോട് സമ്മതിച്ചത്.
നരബലിയിലേക്ക് നയിച്ച സംഭവം പോലീസ് വിശദീകരിച്ചത് ഇങ്ങനെയായിരുന്നു. മുഹമ്മദ് ഷാഫി ശ്രീദേവി എന്ന പേരിൽ വ്യാജ എഫ്.ബി അക്കൗണ്ടാക്കി ആ വലയിൽ ഭഗവൽ സിംഗിനെ കുടുക്കി. പിന്നീട് ഒരു സിദ്ധനുണ്ടന്നും സാമ്പത്തീക പ്രശ്നങ്ങൾ മാറ്റി തരുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.സിദ്ധനായി മുഹമ്മദ് ഷാഫി തന്നെ അവതരിച്ചു.
നരബലി നടത്തിയാൽ മതിയെന്നും അതിനായി സ്ത്രീയെ കുരുതി കൊടുക്കാനും നിർദ്ദേശിച്ചു.ഷാഫി തന്നെ കഴിഞ്ഞ ജൂൺ മാസം എട്ടിന് കാലടിയിലെ ലോട്ടറി വിൽപ്പനക്കാരി റോസ് ലിനെ ഇലന്തൂരിലെ വീട്ടിലെത്തിച്ചു.രാത്രി കട്ടിലിൽ ബന്ധനസ്ഥയാക്കിയ ശേഷം ലൈലയുടെ കൈയ്യിൽ വാളു കൊടുത്ത് റോസിലിൻ്റെ കഴുത്ത് മുറിച്ചു മാറ്റി.
മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടു. മാംസം വേവിച്ചു ഭക്ഷിച്ചു. റോസിലിനെ ബലി നടത്തി ഭഗവൽ സിംഗിൽ നിന്നും മുഹമ്മദ് ഷാഫി പണം വാങ്ങിയെങ്കിലും സാമ്പത്തീക ഉയർച്ച ഉണ്ടാകാത്ത സാഹചര്യത്തിലാണ് രണ്ടാമത് പത്മത്തെ കണ്ടെത്തി കൊലപ്പെടുത്തിയത്.ഇതോടെ മുവരും കുടുങ്ങുകയായിരുന്നു.
രണ്ടു സ്ത്രീകളെയും ക്രൂരമായി ബലാൽസംഗം ചെയ്തു.മൃതദേഹത്തോടും വലിയ ക്രൂരതകൾ കാട്ടിയത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചു. അന്ന് അറസ്റ്റിലായ മുഹമ്മദ് ഷാഫിയും ഭഗവൽ സിംഗും വിയ്യൂർ ജയിലിലാണ്. ലൈല കാക്കനാട് ജയിലിലും.ഈ വർഷം ജനുവരി ഏഴിന് പത്മ കേസിലെ കുറ്റപത്രം എറണാകുളം ജ്യുഡീഷ്യൽ ഫസ്റ്റ് ക്ളാസ്സ് മജിസ്റേട്ട് കോടതിയിൽ പോലീസ് സമർപ്പിച്ചു.
ജനുവരി 21 ന് റോസിലിൻ കേസിൻ്റെ കുറ്റപത്രം പെരുമ്പാവൂർ കോടതിയിലും സമർപ്പിച്ചു. പെരുമ്പാവൂർ ജിഷ, കൂടത്തായി കേസുകളിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ എൻ.കെ.ഉണ്ണികൃഷ്ണനാണ് ഈ കേസിലും ഹാജരാവുക. താമസിയാതെ ഈ കേസിൻ്റെ വിചാരണ തുടങ്ങും. ഇലന്തൂരിലെ ആഞ്ഞിലി മൂട്ടിൽ കുടുംബത്തിലെ വൈദ്യ പാരമ്പര്യ കണ്ണിയായിരുന്നു ഭഗവൽ സിംഗ്.
കോഴഞ്ചേരി സെൻ്റ് തോമസ് കോളേജിൽ നിന്ന് ബിരുദമെടുത്ത സിംഗ് നാട്ടിൽ ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു. സി. പി. എം ബ്രാഞ്ച് സെക്രട്ടറി, കാരംവേലി എസ്.എൻ.ഡി.പി.ശാഖാ യോഗം ഭാരവാഹി എന്ന നിലയിലും ശ്രദ്ധേയനായിരുന്ന ഇയാൾ എങ്ങനെ ഈ കുരുക്കിൽപ്പെട്ടു എന്നതാണ് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.