മുംബൈ:രാജ്യത്തെ പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ' സംഖ്യത്തിന്റെ ഏകോപനസമിതിയില്‍ തീരുമാനമായി. 14 അംഗങ്ങളാണ് സമിതിയില്‍ ഉണ്ടാവുക. ഇതില്‍ വിവിധ പാര്‍ട്ടികളിലെ 13 പേരെ പ്രഖ്യാപിച്ചു.
സി.പി.എം. പ്രതിനിധിയെ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടാനുള്ള തീരുമാനവും വ്യാഴാഴ്ച മുംബൈയില്‍ ആരംഭിച്ച മുന്നണിയുടെ മൂന്നാമത് യോഗത്തില്‍ തീരുമാനമായി.
എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍, ഡി.എം.കെ. എം.പി. ടി.ആര്. ബാലു, ശിവസേന നേതാവ് സഞ്ജയ് റാവുത്ത്, ആര്.ജെ.ഡി. നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, ജെ.എം.എം. നേതാവ് ഹേമന്ത് സോറന്, തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി,
എ.എ.പി. നേതാവ് രാഘവ് ഛദ്ദ, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. പി.ഡി.പി. നേതാവ് മെഹബൂബ മുഫ്തി, സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജ, ജെ.ഡി.യു. നേതാവ് ലല്ലന്‍ സിങ്, സമാജ്വാദി പാര്‍ട്ടി നേതാവ് ജാവേദ് അലി ഖാന് എന്നിവരാണ് ഏകോപനസമിതി അംഗങ്ങള്‍. ഗാന്ധി കുടുംബത്തില്‍നിന്ന് ആരും സമിതിയില്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്.
അതേസമയം, വരാനിരിക്കന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുമിച്ച് നേരിടാന്‍ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. 2024- ലെ തിരഞ്ഞെടുപ്പ് പറ്റാവുന്നിടത്തോളം ഒന്നിച്ചുനേരിടുമെന്നാണ് പ്രമേയത്തിലുള്ളത്. സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. നീക്കുപോകുക്കളുടെ അടിസ്ഥാനത്തില്‍ പരമാവധി വേഗത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്നും പ്രമേയത്തില്‍ പറയുന്നു. സെപ്റ്റംബര്‍ അവസാനത്തോടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാവുെന്നാണ് സൂചന.
പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റാലികള്‍ നടത്താനും തീരുമാനമായി. ജുഡേഗാ ഭാരത്, ജീത്തേഗാ ഇന്ത്യ (ഒരുമിക്കുന്ന ഭാരതം, വിജയിക്കുന്ന ഇന്ത്യ) എന്നതായിരിക്കും മുന്നണിയുടെ മുദ്രാവാക്യം. യോഗത്തില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയെ മമത ബാനര്‍ജി പൊന്നാടയണിച്ചു.
അതേസമയം, പ്രതിപക്ഷ സഖ്യത്തിലെ ഐക്യം വര്‍ധിക്കുന്തോറും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം വര്‍ധിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്നറിയിപ്പ് നല്കി. വരും മാസങ്ങളില്‍ കൂടുതല്‍ റെയ്ഡുകളും അറസ്റ്റുകളും ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലും രാജസ്ഥാനിലും ബംഗാളിലും ഝാര്‍ഖണ്ഡിലും ഛത്തീസ്ഗഢിലും അതുണ്ടായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതിനിടെ, ഔദ്യോഗിക ക്ഷണം ലഭിക്കാതിരുന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ യോഗസ്ഥലത്ത് എത്തിയത് അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സഖ്യത്തിലെ നേതാക്കള്‍ ഒരുമിച്ചുള്ള ഫോട്ടോ എടുക്കുന്നതിന് മുന്നോടിയായി യോഗം നടക്കുന്ന ഹോട്ടലിലേക്ക് എത്തിയ കപില്‍ സിബലിന്റെ സാന്നിധ്യത്തെക്കുറിച്ച് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ദവ് താക്കറെയോട് പരാതി പറഞ്ഞുവെന്നാണ് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍, ഫറൂഖ് അബ്ദുള്ള, അഖിലേഷ് യാദവ് എന്നിവര്‍ ചേര്‍ന്ന് കെ.സി. വേണുഗോപാലിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കപില്‍ സിബലിന്റെ സാന്നിധ്യത്തില്‍ രാഹുല്‍ഗാന്ധിക്ക് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. തുടര്‍ന്ന് എടുത്ത ഗ്രൂപ്പ് ഫോട്ടോയില്‍ കപില്‍ സിബലുമുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.